Monday, August 17, 2015

ആത്മാവിൻ സുസ്സ്വരങ്ങൾ


ചില വാക്കുകൾക്ക് കൊമ്പുകളുണ്ട്
മുന്നില്പ്പെട്ടു പോയാൽ ചങ്കു പിളർന്നേറുന്നത്.
കൊമ്പുകൾ കൊണ്ട് ചോരവാർ ന്നു കിടന്നപ്പോൾ
അവൾ വീണ്ടുമൊരു ചോദ്യം കേട്ടു : “നീയാര്‌ ? ”
പ്രാണനും മുറുകെപ്പിടിച്ച് എഴുന്നേറ്റോടുമ്പോഴും അവളറിഞ്ഞു
രക്തദാഹത്തോടെ പിന്തുടർ ന്നുകൊണ്ട് 
അഴിച്ചുവിടപ്പെട്ട ഉത്തരങ്ങളുമുണ്ടെന്ന്..!!

  “ ഉടുത്തുരിഞ്ഞെറിഞ്ഞു കളഞ്ഞ പടുവിഴുപ്പ്;
    ഉള്ളിടറി വിങ്ങി നില്ക്കും നെടുവീർപ്പ്
    അല്ലാതെന്താ നീ..?”

  “ കരിന്തിരിയാളി നില്ക്കും കൽ വിളക്ക്
    കഴുകിയാലും തീർന്നിടാത്ത മെഴുമെഴുക്ക്
    അല്ലാതെന്താ നീ.. ? ”

  “ കാലടിയിൽ കൊണ്ടുകേറും കാരമുള്ള്
     നാലകത്തെരിഞ്ഞടങ്ങും നെഞ്ചിനുള്ള്
     അല്ലാതെന്താ നീ.. ? ”

അഴിച്ചുവിടപ്പെട്ട ഉത്തരങ്ങൾ..
എത്ര ക്രൂരമായിട്ടാണവ കടിച്ചു കുടയുന്നത്..!
എത്ര വേഗമാണവ ചോര നക്കിക്കുടിക്കുന്നത്..!

മൗനത്തിനും കൊമ്പുകളുണ്ട്
ഒന്നു തൊട്ടു നിന്നാൽ പൂത്തുലയുന്നത്
ഓടിത്തളർന്നെത്തി, പൂവണിക്കൊമ്പിൽ ചാരി നില്ക്കവെ
അവൾ സ്വയം ചോദിച്ചു :  “നീയാര്‌ ? 
ചോദ്യത്തിന്റെ ഗ്രീഷ്മാതപത്തിലുരുകുമ്പോഴും അവളറിഞ്ഞു 
മുഗ്ദ്ധഹാസത്തോടെ ചേർത്തു നിർത്തിക്കൊണ്ട്
സ്വന്തം ആത്മാവരുളുന്ന ഉത്തരങ്ങളുമുണ്ടെന്ന്..!!

   ” കുഴൽ വിളി കേട്ടുണർന്നൊരു പൂക്കടമ്പ്
     ചാർത്തണിയിച്ചൊരുക്കി വച്ചൊരു പൊൻ തിടമ്പ്
     അതു തന്നെയല്ലേ നീ..?“ 

    ” മച്ചക,ത്തൊളി ചിതറും നിലവിളക്ക്
      നെഞ്ചകം ചേർന്നു നില്ക്കും നല്ല വാക്ക്
      അതു തന്നെയല്ലേ നീ..?“ 
   
    “ ശോഭനങ്ങളരുളിയെത്തും നല്ക്കിനാവ്
      ശ്രാവണത്തിൻ വാതിലേറും വെണ്ണിലാവ്
      അതു തന്നെയല്ലേ നീ..?”

ആത്മാന്വേഷണത്തിന്നുത്തരങ്ങൾ.. 
എത്ര കരുതലോടെയാണവർ മടിത്തട്ടൊരുക്കിയത്..!
എത്ര വാത്സല്യപൂർവ്വമാണവർ മാറോടു ചേർത്തത്..!!
എത്ര മാധുര്യത്തോടെയാണവർ ജീവിതം എന്നു ചുരത്തിയത്..!!!


Friday, July 31, 2015

ആരണ്യകം


ഉച്ചനേരത്ത് കുഞ്ഞുങ്ങൾക്ക് തീറ്റയുമായി
കൂട്ടിലേക്കെത്തിയപ്പോഴും 
പെൺകിളി ഒരു കാര്യം ശ്രദ്ധിച്ചു.
കാട്ടാറിന്റെ കരയിലെ ഞാങ്ങണക്കൂട്ടത്തിനിടയിൽ
ഇപ്പോഴും  അനക്കമുണ്ട്. !

സന്ധ്യ മയങ്ങിയപ്പൊഴേക്കും ആൺകിളിയുമെത്തി.
സ്നേഹവാത്സല്യങ്ങളുടെ കലപിലച്ചന്തങ്ങൾ..
പുതുരുചികളുടെ പങ്കുവയ്ക്കലുകൾ..
ഊരുവിശേഷങ്ങളുടെ കാതോരവർത്തമാനങ്ങൾ..

രാവിന്റെ സ്വച്ഛതയിലേക്ക്,
കാട്ടാറിന്റെ മാറിലേക്ക്,
ആരണ്യമൗനത്തിലേക്ക്,
പെയ്തിറങ്ങുന്ന പൂനിലാവ്..
കാട്ടുപൂവുകൾ ഇതൾ വിരി-
ഞ്ഞൊരുങ്ങിയ ഗന്ധമാദനരാവ്..

ഇപ്പോൾ, ആറ്റിറമ്പിൽ നിന്നും
ആ പിടച്ചിൽ വ്യക്തമായി കേൾക്കാം !
    പെൺകിളി ചോദിച്ചു :
   “കേൾ ക്കുന്നില്ലേ...?  ഇനിയുമൊടുങ്ങാതെ...”
    ആൺകിളി പ്രതിവചിച്ചു :
   “ചിലതങ്ങനെയാ; 
    ചെറുനനവ് മതി.
    നിറഞ്ഞൊഴുകുന്ന 
    സ്നേഹത്തിന്റെയോരത്ത്
    ഊർദ്ധ്വൻ വലിച്ചങ്ങനെ 
    കിടന്നു പിടയും. ! ”

    കുഞ്ഞുങ്ങളിലൊരാളിന്റെ സംശയം :
   “അതെന്താമ്മേ ചാവാത്തേ..? ”
    സ്നേഹച്ചിറകുകളുടെ ഇളംചൂടിലേക്കൊതുങ്ങവെ
    പെൺകിളി പറഞ്ഞു :
   “ചിലതങ്ങനെയാ; 
    ചെറുനനവ് മതി.
    നിറഞ്ഞൊഴുകുന്ന 
    സ്നേഹത്തിന്റെയോരത്ത്
    ഊർദ്ധ്വൻ വലിച്ചങ്ങനെ കിടക്കും.
    ചെന്നിറം ചോരാതെ ചില ചെകിളപ്പൂവുകൾ...
    ആഴങ്ങളെയോർത്ത് പിടഞ്ഞ്...പിടഞ്ഞ്..... ! ”

കാടുറങ്ങി...മേടുറങ്ങി...കിളിക്കൂടും രാവുറങ്ങി
വെള്ളിനിലാവിൽക്കുളിച്ചൊഴുകുന്ന കാട്ടാറിന്റെ തീരത്ത്
ആ ഞാങ്ങണത്തണ്ടുകളിപ്പോഴും പിടഞ്ഞുലയുന്നുണ്ട്..!!(ഞാങ്ങണ : പൊക്കത്തിൽ വളരുന്ന ഒരുതരം പുല്ലുവർഗ്ഗസസ്യം)

Wednesday, July 1, 2015

ഷേറിംഗ് മൈ ആൻസേർസ്...


കവിതാ വിഭാഗത്തിൽ ഈ കുറിപ്പ് പോസ്റ്റ് ചെയ്യുന്നതിലെ ഔചിത്യമില്ലായ്മയെപ്പറ്റി ബോധ്യമുണ്ട്. ക്ഷമിക്കുക. കുറേനാളുകൾ ക്കു ശേഷം ബ്ളോഗിലേക്ക് വീണ്ടുമെത്തുമ്പോൾ സന്തോഷമെന്നല്ലാതെ മറ്റെന്തു പറയാൻ ? ഒരോട്ടപ്രദക്ഷിണം നടത്തി. പലതരം വിഭവങ്ങൾ....  രുചിവൈവിധ്യങ്ങളുമായി എല്ലാം ചൂടാറാതെ തന്നെയിരുപ്പുണ്ട്. എല്ലാം ആസ്വദിച്ചു. സൃഷ്ടാക്കളുടെ കൈയ്യൊപ്പ് ഓരോന്നിലുമുണ്ട്.  എല്ലാവരോടും പ്രത്യേകം പ്രത്യേകം അഭിപ്രായം അറിയിക്കാൻ പറ്റാതെ പോകുന്നു. നീ  എഴുതിയതും വായിച്ചു. കൊള്ളാം. ഒപ്പം തോന്നിയ ചിലതു കൂടി പറഞ്ഞോട്ടെ ? തോന്നലുകൾ മാത്രമാവാം. എന്തായാലും അതങ്ങു പറഞ്ഞേക്കാം. സ്നേഹം, പ്രണയം, സ്വാസ്ഥ്യം, സമാധാനം ഇങ്ങനെ എന്തെല്ലാം - എത്രയോ തവണ - നീ   വാക്കിലും വരിയിലും  ചേർത്തു വയ്ക്കുന്നു. പക്ഷേ അലയടങ്ങാതെ നിന്റെ മനസ്സ്..  നിറവോ തൃപ്തിയോ ഇല്ലാതെ... എന്തു കൊണ്ട്?  ഉത്തരങ്ങൾ നീ സ്വയം പരിശോധിച്ചു കണ്ടെത്തേണ്ടതാണ്‌.  കൃത്യവും കണിശവുമായ  ചിന്തയ്ക്കൊടുവിൽ - അതിനു നീ സ്വമേധയാ തയ്യാറായാൽ മാത്രം - കൊളുത്തപ്പെട്ട് അവ ഉയർ ന്നു വരണം.  കണ്ണെത്താത്ത,  പുകമഞ്ഞു മൂടിയ അത്യഗാധതയിൽ നിന്നെന്ന പോലെ..!!  എന്താ, അതിനു പോരാത്ത വണ്ണം അശക്തമാണോ നിന്റെ മനസ്സ് ? ഇരുനൂറു ശതമാനവും അല്ല തന്നെ.! 

     കൂടെയുണ്ടാവുക ; കൈകോർത്തു നടക്കുക ; ഇഷ്ടവർത്തമാനങ്ങൾ പറയുക... ഇതൊക്കെ നീ വ്യാപരിക്കുന്ന തത്സമയങ്ങളോട് പ്രാവർത്തികമാക്കി നോക്കിയിട്ടുണ്ടോ ?  (‘ബീയിങ്ങ് ഇൻ യുവർ പ്രെസെന്റ് മൊമെന്റ്സ്’)  അവർ അതിനു പൂർണ്ണമനസ്കരായി നിന്റെയൊപ്പമുണ്ട്. അതു കുറച്ചെങ്കിലുമൊക്കെ സാധ്യമാകുമ്പോൾത്തന്നെ, മുകളിൽ തുടക്കത്തില്പ്പറയപ്പെട്ടവയെല്ലാം തന്നെ, വെറും പദങ്ങളെന്നതിലുപരി സ്വയം അനുഭവവേദ്യമാകാൻ തുടങ്ങും. നമ്മുടെയൊക്കെ ജീവിതത്തിൽ, വർത്തമാനങ്ങളിലും പ്രവൃത്തികളിലുമൊക്കെയുള്ള  സോ കാൾഡ് സ്നേഹം, പ്രണയം, സമാധാനം, തൃപ്തി, മാന്യത, സദാചാരം.... ഇവകൾ സത്യത്തിൽ എത്രമാത്രം ദുർബ്ബലമാണെന്നതു നീ ശ്രദ്ധിച്ചിട്ടുണ്ടോ?   ഇവയിലെല്ലാം നൈസർഗ്ഗികതയുടെ, ഏച്ചുകെട്ടലുകളില്ലായ്മയുടെ ജൈവസ്പർശം നന്നേ കുറവല്ലേ ? ഇനി എഴുത്തിലേക്കു വന്നാലോ . ചില പ്രശസ്ത രചനകളിൽ പ്പോലും ഈ ഏച്ചുകെട്ടലില്ലായ്മ ആപേക്ഷികതയുടെ അദൃശ്യമായ ദയാവായ്പിനാൽ ശ്വാസം വലിച്ചു കിടക്കുന്നത് ശ്രദ്ധിച്ചാൽ മസ്സിലാവും.  അപ്പൊപ്പിന്നെ  ബ്ലോഗിൽ  രചനാവൈഭവം ( ?! ) പ്രകടിപ്പിച്ചു സായുജ്യമടയുന്ന നമ്മുടെ നിസ്സാരത അല്ലെങ്കിൽ നിസ്സഹായത എടുത്തു പരാമർശിക്കേണ്ടതില്ലല്ലോ. 

വിഷയത്തിലേക്കു വരാം. സ്നേഹം, കരുതൽ, പ്രണയം, പരിഗണന ഇതൊക്കെ എല്ലാ മനുഷ്യരും ജീവിതത്തിൽ അദമ്യമായി ആഗ്രഹിക്കുന്ന കാര്യങ്ങളല്ലേ ?  ഈ അദമ്യമായ ആഗ്രഹം തന്നെയാണ്‌ ഇവകളിലേക്കെത്തുമ്പോൾ മനസ്സുകൾ തൃപ്തമാകാത്തതിനും കാരണം. ഈ മനോഹര പദങ്ങളുടെ പടിപ്പുരയും, ചുറ്റുകെട്ടുകളുമൊക്കെ പൊളിച്ചു മാറ്റീട്ട്, അവയുടെ അകത്തളത്തിലേക്കു സൂക്ഷ്മമായൊരു പരിശോധനയ്ക്കു നീയൊന്നു  ശ്രമിക്കുമോ ? നമ്മുടെ സേതുരാമയ്യർ സി.ബി.ഐ. ചെയ്യുന്ന പോലെ.  നിന്നിൽ ഇന്നോളമുള്ള  അവബോധങ്ങളുടെയൊന്നും സ്വാധീനമോ സഹായമോ കൂടാതെ, നീയെന്ന മനസ്സ് സർവ്വസ്വതന്ത്രമായി  നിഷ്പക്ഷമായി നിലകൊണ്ട്,  ബോധപൂർവ്വം ശ്രമിച്ചു തന്നെ നടത്തേണ്ടുന്ന ഒരന്വേഷണമാവണമത്.  ഉള്ളിലേക്കു പോകെപ്പോകെ, അങ്ങകത്ത്  നമ്മുടെയൊക്കെ അഹംബോധത്തിന്റെ, ഞാനെന്ന ഭാവത്തിന്റെ ഭിത്തിക്കുള്ളിൽ  ആകുലതയുടെ, ആശങ്കയുടെ വിത്തുകൾ കുടികൊള്ളുന്നതു കാണാം. അവ ഓരോന്നും വ്യത്യസ്തങ്ങളായ നിലങ്ങൾക്ക് അനുയോജ്യമായവയായിരിക്കും. ചിലത് എവിടേയും എപ്പോഴും വളരാൻ കഴിവുള്ളവയും..!! എന്തായാലും അവ അവിടെയുണ്ടെന്നതാണ്‌ വസ്തുത. അവയുടെ ഉണർവ്വിനെ പുത്തനുടുപ്പണിയിച്ച്  ‘മേയ്ക്ക് അപ്’  നടത്തിയവതരിപ്പിക്കുന്ന മനസ്സിന്റെ ഒരു കൗണ്ടർ ആക്ഷൻ ഉണ്ട്.   പണ്ട് സ്കൂളിൽ പഠിച്ച ‘ലോ ഓഫ് കൺസേർവേഷൻ ഓഫ് എനേർജി ’ ഓർമ്മയില്ലേ ?  ‘ ഊർജ്ജത്തെ നശിപ്പിക്കാൻ കഴിയില്ല ... രൂപമാറ്റം വരുത്താൻ മാത്രമേ സാധിക്കൂ... ‘  അവിടെ മറ്റൊരു രസകരമായ സംഗതി കൂടിയുണ്ട്. ഇപ്പറഞ്ഞ രൂപമാറ്റം സംഭവ്യമാകണമെങ്കിൽ ആ ഊർജ്ജത്തിനു ചില പ്രതിബന്ധങ്ങളെ കടന്നു പോകേണ്ടതുണ്ട് - ഉദാഹരണത്തിന്‌ സാദാ ഇൻ കാൻഡസെൻഡ് ബൾബുകളിൽ വൈദ്യുതിക്ക് പ്രകാശമായി രൂപാന്തരപ്പെടാൻ ഫിലമെന്റ് മെറ്റീരിയലിന്റെ ഹൈ റസിസ്റ്റൻസിനെ നേരിടണം എന്ന പോലെ - അത്തരത്തിലൊന്നൊരുക്കുകയല്ലേ   മനസ്സ് അതിന്റെ മേല്പ്പറഞ്ഞ കൗണ്ടർ ആക്ഷനിലൂടെ. ? ഇവിടെ നടക്കുന്ന ഈ ഫാൻസി ഡ്രസ്സിംഗിനെ എന്തൊക്കെ പേരിട്ടു വിളിക്കാം..? നമ്മൾ വിളിച്ചുകൊണ്ടിരിക്കുന്നു ! അഥവാ മനസ്സു നമ്മളെക്കൊണ്ടു വിളിപ്പിക്കുന്നു !! സ്നേഹം..!  പ്രണയം..!  കരുതൽ..! എന്നിങ്ങനെ എന്തെല്ലാം....

 ഇതിനെയൊക്കെ നിസ്സാരമായിക്കാണണമെന്നല്ല പറഞ്ഞുവന്നത്. സാഹിത്യരചനയിൽ വൈകാരിതയ്ക്ക്, കാല്പനികതയ്ക്ക്  ഫുൾ ആക്സിലറേറ്റർ കൊടുത്തങ്ങു പോകാം. എൻ എഫ് എസ്സൊക്കെ കളിക്കില്ലേ ? അതു പോലെ. നല്ല ഒന്നാം തരം റോഡ്... നല്ല ഗ്രാഫിക്സ്... നാലു കരണം മറിഞ്ഞു വീണാലും, പൊടിയും തട്ടിയെണീറ്റു വന്നു പിന്നേം വണ്ടി വിടാം. ജീവിതത്തിലേക്കു വരുമ്പൊഴോ..?  ഡൊമൈൻസ് മാറുമ്പോൾ കളി മാറുന്നു. നേരത്തേ പറഞ്ഞ ആശങ്കയുടെ അല്ലെങ്കിൽ ഭയത്തിന്റെ വിത്തുകളിലേതെങ്കിലും ചിലതിനു അനക്കം വച്ചു തുടങ്ങും.  ‘ഞാൻ’.. ‘എന്റേത്’... എന്നിങ്ങനെ അഹംബോധത്തിന്റെ ഭിത്തികളിലേക്ക് ആ അനക്കം; ഭയം വ്യാപിക്കുകയാണ്‌.  അഹംബോധത്തിന്റെ ഭിത്തികൾ  ഭയവിത്തുകളുടെ സ്പന്ദനങ്ങൾ ക്കു വഴങ്ങിക്കൊടുക്കും. അഥവാ അവയുമായി സിങ്ക്രൊണൈസ്ഡ് ആണ്‌. കരുത്താർജ്ജിക്കുന്ന വിത്തുകൾ തങ്ങളുടെ സഹജാവസ്ഥയ്ക്കനുസരണമുള്ള നിലമന്വേഷിക്കുന്നു. അതാണ്‌ മുമ്പേ പറഞ്ഞത് അവ വ്യത്യസ്ത നിലങ്ങൾക്കനുയോജ്യമാണെന്ന്. മനസ്സ് അതിന്റെ കൗണ്ടർ ആക്ഷൻ ആരംഭിക്കുമ്പോൾ വ്യക്തിബന്ധങ്ങൾക്കിടയിലേക്ക്  നമ്മളതിനു ചില സുന്ദരൻ പേരുകൾ നല്കിയങ്ങു പ്രതിഷ്ഠിക്കുന്നു. സ്നേഹം, പ്രണയം, ആദരവ്, കരുതൽ, വിനയം, ധൈര്യം സദാചാരം എന്നിങ്ങനെയതു നീളും. എല്ലാറ്റിന്റെയും ആധാരം ആ ഞാൻബോധത്തിനുള്ളിലിരുന്ന ഭയവിത്തു തന്നെ. മനസ്സൊരുക്കിയ ഒപ്പോസിഷനിലൂടെ  നവവസ്ത്രധാരണം ചെയ്തു നില്ക്കുന്നുവെന്നു മാത്രം. ശരിയല്ലേ ? നീയെന്താ ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ നോക്കുന്നെ ?  :)  ക്ളീഷേകൾ നിന്റെ മനസ്സിൽ ധാരാളമുണ്ട്.  സ്നേഹത്തെയും പ്രണയത്തെയുമൊക്കെപ്പറ്റി. അതു നിന്റെ വരികളെ  പ്രണയാതുരമാക്കുന്നുമുണ്ട്. അതേസമയം തന്നെ, ജീവിതത്തിലേക്കു വരുമ്പോൾ പൂർവ്വനിർമ്മിതമായ അവബോധങ്ങളുടെ കൊടിയുമേന്തി , അർത്ഥമോ ലക്ഷ്യമോ അറിയാതെ മുദ്രാവാക്യങ്ങളുയർത്തി നീങ്ങുന്ന ഒരു നിരുപാധിക ജാഥാംഗമാവാതെ  - വികാരങ്ങൾ ക്കു മുന്നിൽ തലയുയർത്തി നിന്നു കൊണ്ട് - സ്നേഹത്തെയും പ്രണയത്തെയും വീക്ഷിക്കാൻ, മനസ്സിലാക്കാൻ, ഹൃദയത്തിൽ നിറയ്ക്കാൻ നീ ശ്രമിക്കേണ്ടതുണ്ട് എന്നാണ്‌ എന്റെ അഭിപ്രായം.  ചിലപ്പോൾ അതങ്ങനെ തന്നെയായിരിക്കാം. അല്ലെന്നത് എന്റെ തെറ്റിദ്ധാരണയുമാവാം. സാരമാക്കേണ്ട.   

കവിതകളിലും,കഥകളിലും, നാടകത്തിലും,സിനിമയിലും, നൃത്തത്തിലും, പാട്ടിലുമെല്ലാം കാല്പനികത, വൈകാരികത എത്ര വേണേൽ നിറയ്കാം. പക്ഷേ,  ജീവിതത്തിൽ,  കാല്പനികതയുടെ മേൽ പൂണ്ടടക്കമുള്ള പിടിത്തം അനവസരത്തിലാകാതിരിക്കാൻ  നല്ല കരുതൽ വേണം. ആ കരുതൽ വന്നാൽ നിന്റെ മനസ്സിലെ ഇപ്പോഴുള്ള ഈ കലങ്ങി മറിയൽ ശമിക്കാൻ തുടങ്ങുമെന്നു തോന്നുന്നു. സ്നേഹത്തിന്റെ, പ്രണയത്തിന്റെ സൂക്ഷ്മാംശങ്ങളുടെ ആകാശവിശാലതയ്ക്കു മുന്നിൽ സ്ഥൂലമായ അംശങ്ങൾക്ക് തൃണസമാനതയാണെന്നു പറഞ്ഞാൽ  ഇനി നിന്റെ മുഖം വാടുമെന്നു തോന്നുന്നില്ല.  മുഖം മാത്രമല്ല ; നിന്റെ തന്നെയുള്ളിന്റെ ആഴങ്ങളിൽ ച്ചെന്നാൽ നിനക്കു മുഖാമുഖം കണ്ടു പരിചയപ്പെടാൻ കഴിയുന്ന നിന്നിലെ  പ്രണയവും ഭംഗിയോടെ പൂത്തുലഞ്ഞു തന്നെ നില്ക്കും.  അങ്ങനെ വരുമ്പോൾ ഭൗതികമായ സാന്നിദ്ധ്യത്തിന്റെ അഭാവത്തിന്മേലുള്ള  ഇണ്ടലുകളുടെ പ്രസക്തിയും മൗലികതയും അലിഞ്ഞില്ലാതാവുന്നത് നിനക്ക് സഹർഷം മനസ്സിലാക്കാം. നിന്റെ  തത്സമയങ്ങളോട് സംവദികാൻ  നീ ഇനിയുമെത്ര അമാന്തിക്കുന്നുവോ, നിന്നിലെ  നൈസർഗ്ഗികതയെ  സഹജാവസ്ഥയെ സ്വാഭാവികപ്രണയത്തെ കണ്ടെത്താനും ഹൃദയം കൊണ്ടറിയാനും  അത്ര മേൽ നീ പണിപ്പെടേണ്ടി വരുമെന്നതു കൂടി പരിഗണിക്കുക. ഒരു കുഞ്ഞിനെയെന്ന വണ്ണം നീ അതിനെ പരിചരിച്ച്, പിച്ച നടത്തി, ഇടറുമ്പോൾ താങ്ങായി കാവലായി നിന്ന് നേർവഴികാട്ടുമ്പോഴല്ലേ നിനക്കു സ്വയമാസ്വാദ്യമാകും വണ്ണം   അതിന്റെ സൗന്ദര്യവും ആരോഗ്യവും പതിന്മടങ്ങു വർദ്ധിക്കൂ..?   ഈ ജീവിതത്തിന്റെ സത്യം എന്താണെന്ന് നമുക്കറിയില്ല. ആകെക്കഴിയുന്നത്  വസ്തുതകളെ സ്വതന്ത്രമായ മനസ്സോടെ, ക്ഷമാപൂർവ്വം, നിർമ്മമതയോടെ സമീപിക്കാൻ പരിശോധിക്കാൻ തയ്യാറാവുക എന്നതു മാത്രമാണ്‌. ആ അന്വേഷണ യാത്രയിൽ വ്യവസ്ഥാപിതാവബോധങ്ങളുടെ കൈയ്യിന്മേലുള്ള പിടിത്തം വിടാൻ യുക്തിസഹമായി എപ്പൊ മനുഷ്യമനസ്സുകൾ സ്വാശ്രയശീലിതമാകുന്നുവോ അപ്പോൾ മുതൽ ജീവിതമുഹൂർത്തങ്ങളും നവീനങ്ങളാകാൻ തുടങ്ങുന്നു  എന്നതും പ്രസക്തമല്ലേ ? അതിനി ആൾക്കൂട്ടത്തിനു നടുവിലായാലും ഒറ്റയ്ക്കായാലും !!   അതിനിടയിൽ വൈകാരികതയും കാല്പനികതയും നേരം നോക്കാതെ കടന്നു വന്നാൽ ശക്തിപൂർവ്വം തന്നെ എതിർ ക്കുക. അതേസമയം വേണ്ട നേരത്ത് അവരോട് കൂട്ടുകൂടുകയും വേണം. ഒത്തിരിയങ്ങു പറഞ്ഞു.  അത് ചിലപ്പോൾ  ഞാൻ ഈ സൗഹൃദത്തെ ഏറെ വിലമതിക്കുന്നു എന്നതുകൊണ്ടു തന്നെയാവും. ഒരു സാധാരണ മനസ്സിന്റെ അഭിപ്രായങ്ങളാണ്‌. കുറവുകൾ തീച്ചയായും ഉണ്ടാകും.  അതു നീ ക്ഷമിക്കുമല്ലോ ? തത്ക്കാലം ഞാനീ പ്രസംഗം ഉപസംഹരിക്കുന്നു  :)  വീണ്ടും കാണാം.  


 ബോറടിച്ചോ ? എന്നാൽ  ദേ, ശ്രീ. യേശുദാസ് സർ ആലപിച്ച നല്ലൊരു പാട്ട്.....  കേട്ടോളൂ.....   :) .......................................................
.......................................................
നൂറു ചൈത്ര സന്ധ്യാ...രാഗം 
പൂ തൂകാവൂ നിന്നാ....ത്മാവിൽ ;
പൂ തൂകാവൂ നിന്നാത്മാവിൽ.
സാഗരമേ ശാന്തമാക നീ........
ശുഭാശംസകൾ..........
                      

Saturday, December 13, 2014

ഇതൊന്നുമില്ലാതെ....

കനിവിൻ കരം നീട്ടി നില്‌ക്കുമാകാശമേ
ഇരുളിലും തരിയൊളി പകരുന്ന താരങ്ങളേ
നീയുതിർത്തേകുന്ന ദാഹനീരില്ലാതെ
നിങ്ങളൊരുക്കുന്ന പൂക്കാലമില്ലാതെ
ഉണർവ്വില്ല, രാച്ചന്തമില്ല...

വഴികളിൽ ചിരി തൂകി നിന്ന പൊൻപൂക്കളേ
മൊഴികളാൽ ഹർഷം വിളമ്പുന്ന കിളികളേ
നിങ്ങളെ പുല്‌കുമാക്കാറ്റിങ്ങു പോരാതെ
നിങ്ങളെൻ ചെമ്പകച്ചില്ലകളിലണയാതെ  
മണമില്ല, പാട്ടുകളുമില്ല...

രാവിലെൻ മാനത്തുദിച്ച വെൺതിങ്കളേ
ഏഴിലം പാലകൾ പൂത്ത ഹേമന്തമേ
നിൻ ചേലുലാവുമീ മൃദുഹാസമില്ലാതെ
നിൻ തേരിറങ്ങുമീ ഋതുഭാസമില്ലാതെ 
നിലാവില്ല, നീഹാരമില്ല...

ഉള്ളിലുളവായി വിളങ്ങും സ്വരങ്ങളേ
പൊരുളാർന്നു വന്നു തിളങ്ങും വരങ്ങളേ
നിങ്ങളലിവോടെ വിരുന്നെത്തിയല്ലാതെ
മംഗളമേകി നിരന്നെങ്കിലല്ലാതെ
കഥയില്ല, കാര്യങ്ങളില്ല..!

ശിലയുമുയിർക്കുന്ന സർഗ്ഗനിമിഷങ്ങളേ 
ശലഭസമാനമാ,മായുർപുഷ്പങ്ങളേ
നിങ്ങളേതോ വിരൽത്തുമ്പിൽ തുടിക്കാതെ
നിങ്ങളേതോ നഖത്തുമ്പിനാലടരാതെ
ജനിയില്ല, മൃതികളുമില്ല...!!!

Wednesday, November 26, 2014

തണലിടങ്ങൾ

നിലയ്ക്കുന്നില്ല;
ഊർദ്ധ്വസാനുക്കളിൽ നിന്നൊഴുകും
സ്നേഹനീർത്തുള്ളികളുടെ തീർത്ഥയാത്ര.
അനാദ്യന്തയുഗമാല കോർത്തിണക്കും
പുരുഷാന്തരങ്ങളാം പ്രണയമാത്ര..!

തീർന്നുപോകുന്നില്ല;
ശോകയൂഥങ്ങളെരിയുന്ന നെഞ്ചിൻ
ചന്ദനച്ചിതകളരുളും സുഗന്ധം.
ചാരം പറന്നു പടർന്ന മണ്ണിൽ,
പരാഗങ്ങൾ തൂവി വിടരും വസന്തം...!

പൊഴിഞ്ഞൊഴിയുന്നില്ല;
നീളേ, വിളഞ്ഞ്‌ പഴുത്ത വെയിലിൽ
ചൊടിയോടെ നിന്നു ചിരിച്ച പൂക്കൾ
പകരം പകർന്ന നറുതേൻ തുള്ളികൾ
നുകരുന്ന ചുണ്ടിലെ പുഞ്ചിരികൾ...!

മങ്ങുന്നില്ല;
മനസ്സിൽ വിടരുന്ന  മാധവങ്ങൾ-
തീർത്ത, കണിപോലൊരുങ്ങി നില്‌ക്കുന്ന സ്വപ്നം.
ഒരുമിച്ചു കാണുവാൻ, ചൂടിനിൽക്കാൻ
നിലാക്കോടി നീർത്തുന്ന ചന്ദ്രബിംബം...!

മായുന്നുമില്ല;
കാലം നിവർത്തും തിരശ്ശീലയിൽ
സമയമനുപമം തീർക്കുന്ന ചിത്രണങ്ങൾ.
വേനൽ തിമിർക്കും വഴിത്താരയിൽ
സദയ,മനുപദം നിയതി തൻ തണലിടങ്ങൾ.. !!!

Monday, October 6, 2014

സഹയാനനേരം

ചില നേരത്തൊഴുകി വരും; ബേബി പൗഡറിന്റെ മണം
പതുങ്ങി വരും; ചിരിയടക്കാനറിയാത്ത കുഞ്ഞു കുപ്പിവളക്കൂട്ടം
എന്നാലും ഞാൻ അറിയാത്ത മട്ടിലിരിക്കും.
പെട്ടന്ന്, പിന്നിലൂടെയെന്നെപ്പുണർ-
ന്നൊരു കുഞ്ഞുമൗനത്തിൻ  ചെപ്പുടഞ്ഞ്‌,
"ഉമ്മച്ചി പേടിച്ച്‌ പോയേ" - ന്ന്, മൊഴിയഴകായ്ച്ചിതറും.
"ശരിക്കു"- മെന്നയെന്റെ 'കള്ള'  വെയിലിനു മീതെ,
ഒരു വിത്തിനുള്ളം കാക്കും തണലിന്റെ സത്യം,

സ്നേഹക്കുടയായ്‌ നിവർന്ന് കുളിരു പൊഴിക്കും !!
 ആ തണുപ്പിൽക്കുതിർന്നൊരു പഞ്ഞിക്കെട്ടുപോലെ
ഞാൻ നിന്റെ കുഞ്ഞു കൈകൾക്കുള്ളിലേക്കൊതുങ്ങും 


*********************************************************************

ദേ, ഇന്നെനിക്കു ശരിക്കുമാവുന്നു; നിന്നടുത്തേക്കൊഴുകി വരാൻ.
പക്ഷേ, ഒരു മണവുമില്ലാതെ...ഒരൊച്ചയുമില്ലാതെ..
അതല്ലേ,
വലിയ വട്ടവിളക്കുകളുടെ വെട്ടത്തെപ്പറ്റിച്ച്‌,
നെഞ്ചിലെ മുറിവായ ചേർത്തു തുന്നിക്കൂടും
 നേർത്ത നൂലിഴകൾ  പോലുമറിയാതെ വഴുതി,
ഗസൽ പതിഞ്ഞൊഴുകുന്ന തണുത്ത ഇടനാഴിയിലൂടെ,
അതിലേറെ പതിഞ്ഞ്‌, അതിലേറെ തണുത്തൊഴുകീട്ട്‌ ,
നനുത്തൊരു വാത്സല്യക്കാറ്റ്‌ നിൻ ചാരത്തണയുന്നത്‌ !
മുഴുവനാകാഞ്ഞൊരു താരാട്ടിൻ ബാക്കി മൂളുന്നൊ-

രരൂപ സ്നേഹ,മരുമയായ്‌ നിൻ കുഞ്ഞു കവിളിണ തഴുകുന്നത്‌ !
നിലത്ത്‌ ചിതറിയ ചായപ്പെൻസിലുകളിലും
കളിപ്പാട്ടങ്ങളിലും മുത്തമിട്ടൊഴുകു-
മാർദ്രമാം കാറ്റനക്കത്തിന്‌, ഇപ്പോളൊരു മണമുണ്ട്‌;
ബേബി പൗഡറിന്റെ നേർത്ത മണം !!
ജാലകവിരിയൊന്നുലച്ച്‌  മെല്ലെയകലുമ്പോൾ
ആരുമറിയാതെയത്‌ മാറോട്‌ ചേർത്ത്‌ പിടിച്ചിട്ടുണ്ട്‌;
ഒരായിരമുമ്മകളുടെ സ്നേഹപ്പുതപ്പിനുള്ളിൽ,
കാതോർത്താൽ മാത്രമറിവാകുമൊരു കുഞ്ഞുകുപ്പിവളക്കളിമ്പം !!
ഇല്ലായിരുന്നെങ്കിൽ, ശരികളുടെ കൊടുവെയിലത്ത്‌,
മൗനങ്ങളുടെ തോരാത്ത രാമഴയത്ത്‌,
എന്നുമൊറ്റയ്ക്കായിപ്പോവുമായിരുന്നില്ലേ,
"ഉമ്മച്ചീ.. നിക്ക്‌ പേടിയാവുന്നൂ"- ന്നൊരു  കുഞ്ഞു തേങ്ങൽ !!

Monday, July 7, 2014

പറന്ന്...പറന്ന്...പറന്ന്...

തോരാതെ പെയ്യുമീ മഴയിലിടറിയെൻ നെഞ്ചിലെ പാട്ടുകൾ;
ഒട്ടു നനഞ്ഞ്‌, താളം മറന്നെൻ കുഞ്ഞു ചിറകുകൾ;
കനിവിന്റെ പൂമരക്കൊമ്പിലൊന്നിളവേറ്റ്‌, 
മെല്ലെയീ ചിറകുകൾ നീർത്തി ഞാനുയരവെ,
തളിരുകളുലഞ്ഞ്‌, നിൻ മനതാരിൽ വീണതിൽ,
മഴനീരിനൊപ്പമെൻ മിഴിനീരുമുണ്ട്‌ !!

എന്തിനു കണ്ണീരുതിർക്കുന്നതെന്നോ ?
 ഈ നൊമ്പരത്തിരകൾക്കു ശമനതാളം, 
നിന്റെ ഹൃത്തടത്തിലൂടൊഴുകിപ്പരക്കുമ്പോൾ മാത്രം !
ഇനിയെത്ര വർഷകാലം കുളിർ പെയ്താലും,
എൻ മിഴിനീർച്ചൂട്‌ നിന്നോർമ്മയിൽ പടർന്നിടും !
ഇനിയേതു ഗാനത്തിന്നല നിന്നെ പുല്‌കിലും,
ഈ ബാഷ്പധാര തൻ ശ്രുതിയതിൽ ചേർന്നിടും !


എന്തിനു പറന്നകലുന്നതെന്നോ ?
ജന്മങ്ങൾക്കപ്പുറത്താണെൻ നിത്യമാം നീഡം
നിന്നാത്മാവ്‌ തന്നെയതിനായൊരുങ്ങും ശിഖരി,യതും സത്യം !!
ഇനിയെത്ര ജന്മദൂരം പറന്നാകിലും,
ഒടുവിലാ  മോഹനതീരത്തിലെത്തിടും !
ഇനിയെത്ര സ്വപ്നങ്ങൾ കൂട്ടിവച്ചാകിലും,
നിൻ സ്നേഹച്ചില്ലയിൽ കൂടൊന്നൊരുക്കിടും !


എങ്ങനെ തളരാതെ പോയിടുമെന്നോ ? 
പ്രണയമേ... നിൻ മഞ്ജുസ്മേരത്തിൻ വർണ്ണമേളം
എനിക്കായ്‌ പകർത്തുന്നിതാ ചുറ്റിനും ചക്രവാളം !! 
എവിടെ നിന്നാകിലും നിൻ മുഖം കാണുവാൻ
അത്രമേലുയരത്തിലേറി ഞാൻ പാറിടും  !
തളരുമ്പോൾ നിൻ മുഖം തന്നെ  ഞാൻ തേടിടും;
സൗവർണ്ണസീമയിൽ സ്നേഹോദയമാകും നീ !
 

എന്തിത്ര മേൽ ഹൃദയത്തോട്‌ ചേർത്തതെന്നോ  ?
നിൻ ഹൃദയശംഖിലെ പ്രണയിതമന്ത്രണം,
എന്നാത്മജലധിയിൽ അനശ്വര,മതിൻ തിരയിളക്കം !!
എത്ര വിദൂരമാമാം തീരത്തിലെങ്കിലും,
എൻ തിരക്കൈകൾ നിൻ കാല്‌പാടു തേടിടും !
എത്രയഗാധം നിൻ നിദ്രയെന്നാകിലും,
നിൻ കിനാത്തോണിയീ സാഗരം പൂകിടും  !

എത്രയനന്തമീയാകാശവീഥികൾ..
മൗനത്തിൻ തേനൊഴുകുമീയിടനാഴികൾ !

ഇപ്പോഴും, ഒരു പിൻ നോട്ടത്തിനറ്റത്ത്‌ തന്നെയുണ്ട്‌ ;
ജന്മങ്ങൾക്കപ്പുറത്തേക്കെനിക്കു ശുഭയാത്ര നേർന്ന്,
അങ്ങു ദൂരെ, തിരിമുറിയാത്ത മഴയിലും,
മായാത്ത പ്രണയവസന്തമായ്‌ പൂത്തുലഞ്ഞ്‌  നീ..!!