Friday, December 21, 2012

ജഗദീശ്വരനോട്...വിശ്വമാനസമായ് വിളങ്ങു-
മനശ്വര പ്രേമ ധാമമേ...
കാണ്മതില്ലതിഗൂഢമെങ്കിലും
ഉണ്മ തന്നെ നീ നിത്യതേ..!!
വിളങ്ങിയാദിയിൽ സീമയറ്റു
തിളങ്ങി നിൻ മഹസ്സെങ്ങുമായ്
ആദിയന്തങ്ങൾ തീണ്ടിടാത്തൊരു
മായയായ്, മഹാമൗനമായ്
സർഗ്ഗചാതുരിയാർന്നു നിൻ ശ്വാസം
നിർഗ്ഗളിച്ചൊരു നാദമായ്
പാകമാം തവ വൈഭവത്തിങ്കൽ
രൂപമായതു സൃഷ്ടിയായ്..!!
കല്ലിലും കുഞ്ഞു പൂവിലും പിന്നെ
മെല്ലെ വീശുന്ന കാറ്റിലും
വീതിയായ് നഭഃസ്ഥലത്തിലും
നീതിയായ് നിയമത്തിലും
രമ്യമായ്ത്തന്നെ പൂത്തുനില്ക്കുന്നു
നമ്യമാം തവ മാനസം
കുമ്പിടുന്നു പദാംബുജം
അനുകമ്പ തേടുന്നു ഞാൻ ചിരം
ദീതിയേകിത്തെളിഞ്ഞു നില്ക്കണം
ദീപമായ് ജീവിതത്തിലും
ധർമമ ശോഷണം നീക്കിയെന്നെന്നും
കർമ്മവീഥിയിൽ കാക്കണം....

വിശ്വമാനസമായ് വിളങ്ങു-
മനശ്വര പ്രേമ ധാമമേ...
കാണ്മതില്ലതിഗൂഢമെങ്കിലും
ഉണ്മ തന്നെ നീ നിത്യതേ..!!

Thursday, December 13, 2012

ഭഗ്നസ്വപ്നങ്ങൾ

മറയുമൊരോർമ്മയായ് നിൻ വഴിയിൽ
ഇളമൊരു കാറ്റിൽ കൊഴിഞ്ഞ പൂക്കൾ തൻ
ഹൃദയ വാത്മീകത്തിലലയിടു-
മൊരു മുഗ്ധ സങ്കല്പസാരമതാരറിഞ്ഞു?
ഒരു രാഗ തപസ്സിൻ വരമായ്, പരാഗമായ്
നിറം മങ്ങി, യൊരു വാസന്തത്തിനനുബന്ധ ശോഭിത-
ബിന്ദുവായ് മാത്രം വിടർന്നുവതെങ്കിലും
എൻ ഹൃദയമരുഭൂവിന്നൂഷരസ്ഥലികളിൽ
സ്വപ്നങ്ങൾ വാടിയ മൂക തടങ്ങളിൽ
ഒരിയ്ക്കൽ നിൻ പ്രണയവർഷത്തിന്റെയാർദ്ര വിരൽത്തുമ്പി-
ലുയിരിട്ട വസന്തത്തിനഴകതെന്നറിക നീ
ചടുലമാം കാലവേഗത്തിലും നിമിഷങ്ങ-
ളിടറുന്ന വിധുരദിനങ്ങൾക്കറുതിയിൽ
നമ്രമാം നിൻ കാർമുഖം പെയ്തൊഴിഞ്ഞതിൻ
നൊമ്പരപ്പുഴയിലാപ്പൂക്കാലം മാഞ്ഞുപോയ്..
പിന്നെയുമീ വഴിയോരത്തീ വാകയില-
തിൻ പുനർജ്ജനിമന്ത്രം വിതുമ്പി നിന്നു
ഒടുവിൽ നിൻ സീമന്ത സൂര്യാഗ്നിയിൽ വെന്തി-
ട്ടൊരു പാഴ്ക്കിനാവായതു മണ്ണിൽ വീണു
അവിടെയന്നമ്മതൻ മാറില്ക്കിടന്നു ഞാൻ
നേരുന്നിതാ കോടിയാശംസകൾ
മിഴിയകന്നെന്നാലുമകലാത്തൊരാത്മീയ-
പ്രണയത്തിന്നാർദ്രത പുല്കിയെന്നും
വാടാതെയുഴറാതെ നില്ക്കുമാപ്പൂക്കളെൻ
ഭഗ്നസ്വപ്നങ്ങൾതൻ ചിതയ്ക്കരികിൽ......!

Sunday, December 2, 2012

സ്നേഹനിലാപ്പൂവ്- കവിത
നീ, രാവിതിൻ നൊമ്പരക്കണ്ണുനീർ
ഗതികെട്ടൊരു നേരിന്റെ നെഞ്ചകപ്പൂവ്
‘അമ്മത്തൊട്ടിലി’ലെപ്പെൺനിലാവേ...
നിന്റെ നഷ്ടസുകൃതമാം സ്നേഹവർഷം
ഒരു കവിൾപ്പൂവിലെ കണ്ണീരിന്നുപ്പുമായ്
നിന്റെ ചുണ്ടിലലിഞ്ഞതു ചില മാത്ര മാത്രം
 തേടുന്നുവോ നീ പരമമാ പുണ്യഗന്ധം?
വിധുരമൊരു രാക്കിളിപ്പാട്ടിന്റെയല തോർന്ന പോലെ
വ്യോമ തീരങ്ങൾക്കുമപ്പുറം
സ്വർഗ്ഗീയ സാഗര സീമകൾ താണ്ടി
പറന്നകലെയാ സ്നേഹപ്രവാഹം
വിമൂകമീ രാവും നിലാവുമൊപ്പം...
പകരാം നിനക്കെന്റെ ഗന്ധം
അതു മാത്രമിന്നെന്റെ സ്വന്തം
നിന്നരികിലീ ചെമ്പകത്തൈയ്യിൽ വിടരുന്നു
ഞാനാം സ്നേഹ നിലാവിന്റെ പൂവ്
നിന്നമ്മനിലാവിന്റെ തുണ്ട്....!!

Tuesday, November 27, 2012

തീർത്ഥയാത്ര

മഴയിൽ നനഞ്ഞൊരീ പൂവിന്റെ
ഇതൾ നിറം വാർന്നതീ പുതുമണ്ണിലായ്
ഏഴു വർണ്ണങ്ങളും ചൂടിയതൊരു ചിത്രശലഭമായ്
സ്വർഗ്ഗത്തിൻ കൈവിരൽ തൊട്ടൊരു ചിറകടിയായ്
ഇതു പ്രണയമഴത്തൂവലാലെഴുതിയ കാവ്യമോ?
ഗാനധാര തൻ നിശ്വാസശ്രുതി നീ..  
ഇതു സ്നേഹയാത്ര,
നിമിഷബിന്ധുക്കളിൽ സ്നേഹമാമാകാശം
ഭൂമിയെപ്പുല്കിയ തീർത്ഥയാത്ര.....