Thursday, March 14, 2013

ഗദ്ദാമയുടെ പാട്ട്


അറിയാമെനിക്കിന്നീയിരുൾ പൂക്കും ചെറുകൂടി-
ന്നതിരുകൾക്കുള്ളിലങ്ങുരുകാതെയുരുകുവാൻ
പലവുരു കാണും കിനാവിൻ നിറക്കാഴ്ച്ച-
യരുളും ചിരിയങ്ങുറക്കിക്കിടത്തുവാൻ


അകലെയാണ്‌, ഇന്നെന്റെ വർണ്ണങ്ങൾ,
കോലങ്ങൾ സുകൃതങ്ങളരുളിയ പുലരികൾ,
എന്നുമാത്മാവിലഭൗമ സുഗന്ധമായ്
നാമജപം പൂത്തുലഞ്ഞ തൃസന്ധ്യകൾ..


കുഞ്ഞിളം ചിരിമണികളുതിർന്നു കുളിർ-
ത്തേറെ തേന്മാമ്പഴം വീഴ്വതും നോമ്പ് നോറ്റു,
കുറവിലും,സ്നേഹവസന്തങ്ങളെഴുതിയ
പൂക്കളം മായാതെ നിന്നൊരെന്നങ്കണം..


എങ്കിലും, വരികയാണോർമ്മതൻ തേരേറി,
അവരെന്റെ മാനസജാലകത്തിര നീക്കി
തീമണല്ക്കാറ്റിലങ്ങുരുകുമീ പുല്ക്കൊടി-
ക്കെന്നുമൊരിത്തിരിയാശ്വാസ നീരുമായ്


ഇരുളിലടുക്കളക്കോണിലെപ്പായയിൽ
നോവാൽത്തിണർത്തൊരീ മുഖവും കുനിച്ചു ഞാൻ
വരവേല്ക്കയാണവരെ,യോമല്ക്കിനാക്കളെ
ഉതിരുമീയശ്രുകണങ്ങളോ തീർത്ഥമായ്..!!


അലിവറ്റ താഡന മേളപ്പെരുക്കത്തി-
ന്നിരവുകൾ പകലുകൾ താണ്ടിയതെത്രയോ..
നോവിന്റെ പൂവുകൾ പൂക്കുന്നൊരീയുട-
ലാകെത്തളർന്നിന്നു വീഴാൻ തുടങ്ങവെ,


ഓർത്തുപോയരുമയായ് മാറോട് ചേർത്തഴൽ-
ക്കാർമേഘമലിയിക്കുമെൻ സ്നേഹസൂര്യനെ
അലിവാർന്ന ചുംബനത്തൂവലാൽ
ഈ മിഴിനീരു തുടയ്ക്കുമെൻ ജീവന്റെ ജീവനെ..!!


സ്നേഹസുഗന്ധം നിറഞ്ഞൊരാപ്പൂവനം
തളരുമീ മാനസം തേടുന്നതാം വരം
പറയൂ, നീ കാലമേ.. എന്നണയുമാത്തീരം..??
നിമിനേരം ഞാനൊന്നുറങ്ങട്ടെ സ്വച്ഛമായ്....