Thursday, September 5, 2013

ഇതാ, എന്റെ കണ്ണുനീർത്തുള്ളികൾ.!!

ചിലതുണ്ട്‌.
ഒരു ദിവസത്തിൻ ചാരുകവാടം;
അതെത്രയും മനോഹരമായിത്തന്നെ തുറന്നു തരുന്നവ.
പിന്നെയുമൊപ്പം ചേർന്നു നിന്ന്,
കൈ കോർത്ത്‌ കൂടെ നടന്ന്,
തളർന്നാലൊന്നു ചായാൻ ചുമലു തന്ന്,
ഒരു നനുത്ത ചുംബനത്താൽ വീണ്ടുമുണർത്തി,
മുന്നൊരുക്കത്തിന്റെ ഏച്ചുകെട്ടില്ലാത്തൊരു പുഞ്ചിരി സമ്മാനിച്ച്‌,
മനസ്സിനെ, നിറങ്ങൾ നിറഞ്ഞുലയുന്ന
ഒരു പൂമരമാക്കി മാറ്റുന്ന ചിലത്‌.
ചില പുലർകാല സ്വപ്നങ്ങൾ;
അന്യം നിന്നുകൊണ്ടിരിക്കുന്ന,
സുഖദമായ സ്നേഹച്ചൂട്‌ പകരുന്ന, അപൂർവ്വം ചില ചായകൾ;
നുള്ളിക്കഴി,ഞ്ഞിരട്ടി സുഗന്ധവുമായി ജാലകപ്പഴുതിലൂടെ
പറന്നെത്തിയ പിച്ചകമൊട്ടുകൾ;
വകതിരിവില്ലാഞ്ഞൊരു കള്ളനോട്ടം സമ്മാനമില്ലാതാക്കിക്കളഞ്ഞ,
കലോത്സവവേദിയിലെ തിരുവാതിരച്ചുവടിന്റെ,യോർമ്മകൾ;
പകർത്തിയെഴുതാൻ വാങ്ങിയ കണക്കുനോട്ട്ബുക്കിനുള്ളിലൊരു കള്ളച്ചിരിയുമായി നിന്ന,
ആശാന്റെ 'ലീല'യിലെ ചില വരികൾ.!!
വ്രതശോഭയാർന്നൊരു ഹൃദയവാട-
മണിയിച്ചൊരുക്കും നിത്യവസന്തങ്ങൾ;
ഓർക്കാപ്പുറത്തുതിർന്നു കുളിർപ്പിച്ച ചില ചാറ്റൽമഴകൾ;
ഹൃദയസൈകതതീരമാർദ്രമാക്കു,മനന്ത പ്രവാഹങ്ങൾ;
മരുച്ചൂടിലുമിന്ന് മനസ്സ്‌ കുളിർന്നു നിറയുന്നു..!!
നിറവിലേക്കൊന്നു പെയ്താലതിനു സമം തുളുമ്പണമല്ലോ.?
ഇതാ, എന്റെ കണ്ണുനീർത്തുള്ളികൾ.!!
സംശയിക്കേണ്ട, മുന്നൊരുക്കത്തിന്റെ ഏച്ചുകെട്ടില്ലാത്ത
നിൻ പുഞ്ചിരി പകരുന്ന, ആനന്ദാശ്രുതന്നെയിത്‌.!!!