Saturday, December 13, 2014

ഇതൊന്നുമില്ലാതെ....

കനിവിൻ കരം നീട്ടി നില്‌ക്കുമാകാശമേ
ഇരുളിലും തരിയൊളി പകരുന്ന താരങ്ങളേ
നീയുതിർത്തേകുന്ന ദാഹനീരില്ലാതെ
നിങ്ങളൊരുക്കുന്ന പൂക്കാലമില്ലാതെ
ഉണർവ്വില്ല, രാച്ചന്തമില്ല...

വഴികളിൽ ചിരി തൂകി നിന്ന പൊൻപൂക്കളേ
മൊഴികളാൽ ഹർഷം വിളമ്പുന്ന കിളികളേ
നിങ്ങളെ പുല്‌കുമാക്കാറ്റിങ്ങു പോരാതെ
നിങ്ങളെൻ ചെമ്പകച്ചില്ലകളിലണയാതെ  
മണമില്ല, പാട്ടുകളുമില്ല...

രാവിലെൻ മാനത്തുദിച്ച വെൺതിങ്കളേ
ഏഴിലം പാലകൾ പൂത്ത ഹേമന്തമേ
നിൻ ചേലുലാവുമീ മൃദുഹാസമില്ലാതെ
നിൻ തേരിറങ്ങുമീ ഋതുഭാസമില്ലാതെ 
നിലാവില്ല, നീഹാരമില്ല...

ഉള്ളിലുളവായി വിളങ്ങും സ്വരങ്ങളേ
പൊരുളാർന്നു വന്നു തിളങ്ങും വരങ്ങളേ
നിങ്ങളലിവോടെ വിരുന്നെത്തിയല്ലാതെ
മംഗളമേകി നിരന്നെങ്കിലല്ലാതെ
കഥയില്ല, കാര്യങ്ങളില്ല..!

ശിലയുമുയിർക്കുന്ന സർഗ്ഗനിമിഷങ്ങളേ 
ശലഭസമാനമാ,മായുർപുഷ്പങ്ങളേ
നിങ്ങളേതോ വിരൽത്തുമ്പിൽ തുടിക്കാതെ
നിങ്ങളേതോ നഖത്തുമ്പിനാലടരാതെ
ജനിയില്ല, മൃതികളുമില്ല...!!!

Wednesday, November 26, 2014

തണലിടങ്ങൾ

നിലയ്ക്കുന്നില്ല;
ഊർദ്ധ്വസാനുക്കളിൽ നിന്നൊഴുകും
സ്നേഹനീർത്തുള്ളികളുടെ തീർത്ഥയാത്ര.
അനാദ്യന്തയുഗമാല കോർത്തിണക്കും
പുരുഷാന്തരങ്ങളാം പ്രണയമാത്ര..!

തീർന്നുപോകുന്നില്ല;
ശോകയൂഥങ്ങളെരിയുന്ന നെഞ്ചിൻ
ചന്ദനച്ചിതകളരുളും സുഗന്ധം.
ചാരം പറന്നു പടർന്ന മണ്ണിൽ,
പരാഗങ്ങൾ തൂവി വിടരും വസന്തം...!

പൊഴിഞ്ഞൊഴിയുന്നില്ല;
നീളേ, വിളഞ്ഞ്‌ പഴുത്ത വെയിലിൽ
ചൊടിയോടെ നിന്നു ചിരിച്ച പൂക്കൾ
പകരം പകർന്ന നറുതേൻ തുള്ളികൾ
നുകരുന്ന ചുണ്ടിലെ പുഞ്ചിരികൾ...!

മങ്ങുന്നില്ല;
മനസ്സിൽ വിടരുന്ന  മാധവങ്ങൾ-
തീർത്ത, കണിപോലൊരുങ്ങി നില്‌ക്കുന്ന സ്വപ്നം.
ഒരുമിച്ചു കാണുവാൻ, ചൂടിനിൽക്കാൻ
നിലാക്കോടി നീർത്തുന്ന ചന്ദ്രബിംബം...!

മായുന്നുമില്ല;
കാലം നിവർത്തും തിരശ്ശീലയിൽ
സമയമനുപമം തീർക്കുന്ന ചിത്രണങ്ങൾ.
വേനൽ തിമിർക്കും വഴിത്താരയിൽ
സദയ,മനുപദം നിയതി തൻ തണലിടങ്ങൾ.. !!!

Monday, October 6, 2014

സഹയാനനേരം

ചില നേരത്തൊഴുകി വരും; ബേബി പൗഡറിന്റെ മണം
പതുങ്ങി വരും; ചിരിയടക്കാനറിയാത്ത കുഞ്ഞു കുപ്പിവളക്കൂട്ടം
എന്നാലും ഞാൻ അറിയാത്ത മട്ടിലിരിക്കും.
പെട്ടന്ന്, പിന്നിലൂടെയെന്നെപ്പുണർ-
ന്നൊരു കുഞ്ഞുമൗനത്തിൻ  ചെപ്പുടഞ്ഞ്‌,
"ഉമ്മച്ചി പേടിച്ച്‌ പോയേ" - ന്ന്, മൊഴിയഴകായ്ച്ചിതറും.
"ശരിക്കു"- മെന്നയെന്റെ 'കള്ള'  വെയിലിനു മീതെ,
ഒരു വിത്തിനുള്ളം കാക്കും തണലിന്റെ സത്യം,

സ്നേഹക്കുടയായ്‌ നിവർന്ന് കുളിരു പൊഴിക്കും !!
 ആ തണുപ്പിൽക്കുതിർന്നൊരു പഞ്ഞിക്കെട്ടുപോലെ
ഞാൻ നിന്റെ കുഞ്ഞു കൈകൾക്കുള്ളിലേക്കൊതുങ്ങും 


*********************************************************************

ദേ, ഇന്നെനിക്കു ശരിക്കുമാവുന്നു; നിന്നടുത്തേക്കൊഴുകി വരാൻ.
പക്ഷേ, ഒരു മണവുമില്ലാതെ...ഒരൊച്ചയുമില്ലാതെ..
അതല്ലേ,
വലിയ വട്ടവിളക്കുകളുടെ വെട്ടത്തെപ്പറ്റിച്ച്‌,
നെഞ്ചിലെ മുറിവായ ചേർത്തു തുന്നിക്കൂടും
 നേർത്ത നൂലിഴകൾ  പോലുമറിയാതെ വഴുതി,
ഗസൽ പതിഞ്ഞൊഴുകുന്ന തണുത്ത ഇടനാഴിയിലൂടെ,
അതിലേറെ പതിഞ്ഞ്‌, അതിലേറെ തണുത്തൊഴുകീട്ട്‌ ,
നനുത്തൊരു വാത്സല്യക്കാറ്റ്‌ നിൻ ചാരത്തണയുന്നത്‌ !
മുഴുവനാകാഞ്ഞൊരു താരാട്ടിൻ ബാക്കി മൂളുന്നൊ-

രരൂപ സ്നേഹ,മരുമയായ്‌ നിൻ കുഞ്ഞു കവിളിണ തഴുകുന്നത്‌ !
നിലത്ത്‌ ചിതറിയ ചായപ്പെൻസിലുകളിലും
കളിപ്പാട്ടങ്ങളിലും മുത്തമിട്ടൊഴുകു-
മാർദ്രമാം കാറ്റനക്കത്തിന്‌, ഇപ്പോളൊരു മണമുണ്ട്‌;
ബേബി പൗഡറിന്റെ നേർത്ത മണം !!
ജാലകവിരിയൊന്നുലച്ച്‌  മെല്ലെയകലുമ്പോൾ
ആരുമറിയാതെയത്‌ മാറോട്‌ ചേർത്ത്‌ പിടിച്ചിട്ടുണ്ട്‌;
ഒരായിരമുമ്മകളുടെ സ്നേഹപ്പുതപ്പിനുള്ളിൽ,
കാതോർത്താൽ മാത്രമറിവാകുമൊരു കുഞ്ഞുകുപ്പിവളക്കളിമ്പം !!
ഇല്ലായിരുന്നെങ്കിൽ, ശരികളുടെ കൊടുവെയിലത്ത്‌,
മൗനങ്ങളുടെ തോരാത്ത രാമഴയത്ത്‌,
എന്നുമൊറ്റയ്ക്കായിപ്പോവുമായിരുന്നില്ലേ,
"ഉമ്മച്ചീ.. നിക്ക്‌ പേടിയാവുന്നൂ"- ന്നൊരു  കുഞ്ഞു തേങ്ങൽ !!

Monday, July 7, 2014

പറന്ന്...പറന്ന്...പറന്ന്...

തോരാതെ പെയ്യുമീ മഴയിലിടറിയെൻ നെഞ്ചിലെ പാട്ടുകൾ;
ഒട്ടു നനഞ്ഞ്‌, താളം മറന്നെൻ കുഞ്ഞു ചിറകുകൾ;
കനിവിന്റെ പൂമരക്കൊമ്പിലൊന്നിളവേറ്റ്‌, 
മെല്ലെയീ ചിറകുകൾ നീർത്തി ഞാനുയരവെ,
തളിരുകളുലഞ്ഞ്‌, നിൻ മനതാരിൽ വീണതിൽ,
മഴനീരിനൊപ്പമെൻ മിഴിനീരുമുണ്ട്‌ !!

എന്തിനു കണ്ണീരുതിർക്കുന്നതെന്നോ ?
 ഈ നൊമ്പരത്തിരകൾക്കു ശമനതാളം, 
നിന്റെ ഹൃത്തടത്തിലൂടൊഴുകിപ്പരക്കുമ്പോൾ മാത്രം !
ഇനിയെത്ര വർഷകാലം കുളിർ പെയ്താലും,
എൻ മിഴിനീർച്ചൂട്‌ നിന്നോർമ്മയിൽ പടർന്നിടും !
ഇനിയേതു ഗാനത്തിന്നല നിന്നെ പുല്‌കിലും,
ഈ ബാഷ്പധാര തൻ ശ്രുതിയതിൽ ചേർന്നിടും !


എന്തിനു പറന്നകലുന്നതെന്നോ ?
ജന്മങ്ങൾക്കപ്പുറത്താണെൻ നിത്യമാം നീഡം
നിന്നാത്മാവ്‌ തന്നെയതിനായൊരുങ്ങും ശിഖരി,യതും സത്യം !!
ഇനിയെത്ര ജന്മദൂരം പറന്നാകിലും,
ഒടുവിലാ  മോഹനതീരത്തിലെത്തിടും !
ഇനിയെത്ര സ്വപ്നങ്ങൾ കൂട്ടിവച്ചാകിലും,
നിൻ സ്നേഹച്ചില്ലയിൽ കൂടൊന്നൊരുക്കിടും !


എങ്ങനെ തളരാതെ പോയിടുമെന്നോ ? 
പ്രണയമേ... നിൻ മഞ്ജുസ്മേരത്തിൻ വർണ്ണമേളം
എനിക്കായ്‌ പകർത്തുന്നിതാ ചുറ്റിനും ചക്രവാളം !! 
എവിടെ നിന്നാകിലും നിൻ മുഖം കാണുവാൻ
അത്രമേലുയരത്തിലേറി ഞാൻ പാറിടും  !
തളരുമ്പോൾ നിൻ മുഖം തന്നെ  ഞാൻ തേടിടും;
സൗവർണ്ണസീമയിൽ സ്നേഹോദയമാകും നീ !
 

എന്തിത്ര മേൽ ഹൃദയത്തോട്‌ ചേർത്തതെന്നോ  ?
നിൻ ഹൃദയശംഖിലെ പ്രണയിതമന്ത്രണം,
എന്നാത്മജലധിയിൽ അനശ്വര,മതിൻ തിരയിളക്കം !!
എത്ര വിദൂരമാമാം തീരത്തിലെങ്കിലും,
എൻ തിരക്കൈകൾ നിൻ കാല്‌പാടു തേടിടും !
എത്രയഗാധം നിൻ നിദ്രയെന്നാകിലും,
നിൻ കിനാത്തോണിയീ സാഗരം പൂകിടും  !

എത്രയനന്തമീയാകാശവീഥികൾ..
മൗനത്തിൻ തേനൊഴുകുമീയിടനാഴികൾ !

ഇപ്പോഴും, ഒരു പിൻ നോട്ടത്തിനറ്റത്ത്‌ തന്നെയുണ്ട്‌ ;
ജന്മങ്ങൾക്കപ്പുറത്തേക്കെനിക്കു ശുഭയാത്ര നേർന്ന്,
അങ്ങു ദൂരെ, തിരിമുറിയാത്ത മഴയിലും,
മായാത്ത പ്രണയവസന്തമായ്‌ പൂത്തുലഞ്ഞ്‌  നീ..!!

Tuesday, May 20, 2014

നക്ഷത്രങ്ങളേ കാവൽ...

നഗരപ്രാന്തത്തിലെ ഈ കടൽത്തീരം
ഇന്നുമേറെ ജനനിബിഡമാണ്‌.

മുഖ്യധാരാ നുണകളുടെ,
മൂശാനിർമ്മിത ബാല്യങ്ങളുടെ,

പൊങ്ങച്ചങ്ങളുടെ,
പ്രകടനപരതകളുടെ,
ചലം വാർന്നൊലിക്കുന്ന രാഷ്ട്രീയചർച്ചകളുടെ,
എനിക്കെന്റെ കാര്യം, നിനക്കു നിൻ കാര്യ-
മെന്ന പതിവറ്റങ്ങൾ  തേടുന്ന,
സോ കാൾഡ്‌ പ്രണയങ്ങളുടെ,
പൊട്ടിച്ചിരികളുടെ,
പരിഭവങ്ങളുടെയൊക്കെ, വികൃതശബ്ദങ്ങളാൽ മുഖരിതവുമാണ്‌..

ഇവിടേക്കുള്ള പ്രധാനവീഥികളെന്ന പോൽ,
നിന്റെ തെരുവും, ഈ തീരത്തേക്കവസാനിക്കുന്നുണ്ട്‌.
പക്ഷേ, എത്രയോ വിവർണ്ണമായ്‌..

അതിലേറെ നിശ്ശബ്ദമായ്‌...

ജീവിതഘോഷങ്ങളുടെ ആരവങ്ങൾക്കിടയിലൂടെ,
തുമ്പിയും  പൂക്കളുമുള്ള,
നിറം മങ്ങിയ കുഞ്ഞു പാവാട മാത്രമുടുത്ത്‌,
പച്ചക്കുപ്പിവളകളിട്ട പിഞ്ചുകൈകൾ നീട്ടി

പിച്ച തെണ്ടി നീങ്ങുമ്പോൾ
പൂഴിയിൽപ്പുതയുന്ന  കുഞ്ഞു പാദങ്ങളാൽ
ഹേ ബാലികേ...നീ അളന്നു തള്ളുന്നത്‌
നിനക്കു മുന്നിൽ വന്നു പെടുന്ന കപടസ്വർഗ്ഗങ്ങളെയാണ്‌ !
അഹന്തയുടെ പാതാളഗർത്തങ്ങളെയാണ്‌ !!
ദുരഭിമാനത്തിന്റെ ഭൗമവിശാലതകളെയാണ്‌ !!!

പൊടിയു, മഴുക്കും മൂടിയ നിന്റെ കുഞ്ഞുമുഖത്ത്‌,
സമുദ്രത്തിന്റെ ശാന്തതയുണ്ട്‌.
ഞാൻ നീട്ടിയ നാണയത്തുട്ടുകൾക്കു പകരം
നീയേകിയ ഓമനപ്പുഞ്ചിരിക്ക്‌,
ബോധിവൃക്ഷച്ചുവടേകും തണുപ്പുമുണ്ട്‌. !!!

രാവേറെച്ചെന്നിരിക്കുന്നു.
തീരത്ത്‌ ആരവമൊടുങ്ങി.
നീയെവിടെയാണിപ്പോൾ ?
ആ പിച്ചക്കാശിനാൽ നീ വിശപ്പടക്കിയിരുന്നോ ?
അതോ, പരുത്തതാമൊരു കരപ്രഹരമേറ്റ്‌,
ആ തെരുവിന്റെ ഇരുട്ടറകളിലെവിടേയോ
നീ വിശന്നു തളർന്നുറങ്ങുകയാണോ  ??!!
 

ഈ വിജനതയിൽ,
ആർത്തുവീശുമീ കടൽക്കാറ്റിലു, മാവിപ്പെടാതെ,
എന്റെ മിഴികളിൽ  വിങ്ങുന്നുണ്ട്‌;
അർത്ഥശൂന്യവും, വിലകെട്ടതുമായ രണ്ടു തുള്ളിക്കണ്ണീർ...!!!  

അനന്തമാ,മാകാശമൊന്നു പോൽ പകുത്ത്‌,
പൂത്തുലയും വെൺനക്ഷത്രങ്ങളേ...
ഇരുൾക്കൂട്ടിൽ വാടിയുറങ്ങുമാക്കുഞ്ഞുപൂവിന്‌
നിങ്ങളേ കാവൽ...!!!


Thursday, April 10, 2014

ആരും പേടിക്കേണ്ട...

..... എന്ന്,  ഞാൻ നിങ്ങൾക്കുറപ്പ്‌ തരുന്നു;
സംശയിക്കേണ്ട;
എന്റെ ഉള്ളംകൈ വളരെ വലുതാണ്‌.
ഭാഗ്യജാതകം, രാജയോഗം,
പിന്നെന്റെ കൂർമ്മബുദ്ധിയും!
എന്റെ ജന്മം തന്നെ മഹത്തരം;
നാട്ടാരുടെ മുജ്ജന്മസുകൃതം !!

ആത്മാർത്ഥമായി ഞാൻ നിങ്ങൾക്കുറപ്പ്‌ തരുന്നു;
പേടിക്കേണ്ട;
എനിക്കു ഭംഗിയായി ചിരിക്കാനറിയാം.
ആരോപണങ്ങൾ, കിംവദന്തികൾ,
പിന്നെ നിങ്ങളുടെ  ആവലാതികൾ;
എല്ലാറ്റിനുമുത്തരമാകുമെന്റെ ചിരി !!
നിങ്ങളുടെ വിവേകബുദ്ധിക്ക്‌ അതിനോളം തൂക്കമില്ല.
എന്നെ ചിരിപ്പിക്കുന്നതും ആ തൂക്കമില്ലായ്മ തന്നെ !!

സഗൗരവം ഞാൻ നിങ്ങൾക്കുറപ്പ്‌ തരുന്നു;
സംശയിക്കേണ്ട;
എന്റെ കുപ്പായത്തിന്റെ കീശ തീരെച്ചെറുതാണ്‌.
നിങ്ങളെ വിറ്റ്‌ കാശിടാൻ തക്ക വലിപ്പമതിനില്ല.
സ്വന്തം മനസ്സാക്ഷി വില്‌ക്കുന്നവരല്ലേ നിങ്ങൾ?
നിങ്ങൾക്ക്‌ വിലകൂടും!
അതെനിക്കും,സ്വിസ്സ്ബാങ്കിനും മാത്രമറിയാവുന്നൊരു സത്യം.
സത്യമേവ ജയതേ!!

പ്രവാചകർ, വിശുദ്ധഗ്രന്ഥങ്ങൾ, ആൾദൈവങ്ങൾ
സകലതിന്റേയും നാമത്തിൽ ഞാൻ നിങ്ങൾക്കുറപ്പ്‌ തരുന്നു;
പേടിക്കേണ്ട,
സമുദായങ്ങൾ എനിക്കൊപ്പമുണ്ട്‌; ആയുധങ്ങളും.
പക്ഷേ,സമുദായങ്ങളെ ഞാൻ കലാപങ്ങൾക്കു വിട്ടു കൊടുക്കുന്നു !
ആയുധങ്ങൾ, അതെന്റെ അണികൾക്കും !!

നിങ്ങൾക്ക്‌ തരാൻ ഇനിയുമുറപ്പുകളേറെയുണ്ടെന്റെ കൈയ്യിൽ;
സംശയിക്കേണ്ട;
ഞാൻ തനിച്ചല്ല;
ഇരുട്ടിനെ മറയ്ക്കുന്ന ശുഭ്രവസ്ത്രങ്ങൾ,
നിങ്ങളെ മയക്കുമതിൻ വെണ്മ,
നിറമേഴും വിഴുങ്ങുമതിൻ ശക്തി,
നിങ്ങൾ വളർത്തി, ആശീർവ്വദിച്ചയച്ച താപ്പാനകൾ ;
ഇവയൊക്കെ എനിക്കൊപ്പമുണ്ട്‌.
പിന്നെ, പ്രബുദ്ധരായ നിങ്ങളുടെ, 
വിശുദ്ധവും, വിചിത്രവുമായ പിൻബലവും !!

 അവസാനമായി നിങ്ങൾക്ക്‌ ഞാനൊരുറപ്പ്‌ കൂടിത്തരാം.
എന്തെന്നാൽ, ഉറപ്പുകൾ നല്‌കാൻ ഞാൻ വീണ്ടും വരും; 
അപ്പോഴും,
വിശുദ്ധവും, വിചിത്രവുമായ പിൻബലവുമായി,
നിങ്ങളിവിടെ പ്രബുദ്ധരായി നിലകൊള്ളുക..
വെറും, നിസ്സഹായപ്രബുദ്ധരായി..!!!



Friday, February 21, 2014

ജന്മദൂരം

കണ്ടെത്താനൊരു കാലം;
നഷ്ടപ്പെടാനൊരു കാലം.
സ്നേഹിക്കാനൊരു കാലം;
വെറുക്കാൻ മറ്റൊന്നും.
പക്ഷേ,സ്നേഹം മാത്രം വിത-
ച്ചതിൻ കതിർ കൊയ്ത്‌,
നീ കാലത്തിനർത്ഥം കണ്ടെത്തിയപ്പോൾ,
ചുറ്റും, സ്വയം നഷ്ടപ്പെട്ടുണങ്ങി വീണത്‌
വെറുപ്പിന്റെ പടുമുളകളായിരുന്നു !

കിനാക്കളുണക്കിയു,മുള്ളത്തെ വാട്ടിയും
വിധിയതിൻ കാനൽപ്പെരുവഴിയൊരുക്കവേ,
വരണ്ട മനസ്സറകളിൽ, പ്രതീക്ഷയുടെ
വീഞ്ഞ്‌ നിറച്ചത്‌ സ്നേഹത്തിന്റെ മായാജാലം തന്നെ !

നോക്കിലും,വാക്കിലും,ചെയ്തതിലൊക്കെയും
സ്നേഹത്തിൻ നറുമണം തൂവി,
ഒടുവിൽ,
സുഗന്ധപ്പുകവള്ളിക്കൂട്ടിനുള്ളിൽ,
മഞ്ഞിന്റെ നിറമുള്ള ഉടുപ്പണിഞ്ഞ്‌,
അപ്പോൾക്കൊഴിഞ്ഞൊരു ശേഫാലീ
പുഷ്പദളം പോലെ,
നീ അവസാന ഉറക്കത്തിലാഴ്‌ന്നപ്പോഴും
നിൻ പുഞ്ചിരിപ്പൂമുഖമെന്നോട്‌ പറഞ്ഞത്‌
"കരയരുതെ"ന്നാണ്‌ !
 

ഇന്നും, 
ഓർമ്മകളുടെ വാനവീഥികളിൽ
നിന്റെ നനുത്ത ചിറകടിയൊച്ചയുണരുമ്പോൾ,
ഞാൻ കേൾക്കുന്നത്‌,
സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ,
ജീവന സന്ദേശഗീതികൾ തന്നെ !

സ്വപ്നഭൂമിക തേടിയുള്ള ദീർഘയാനത്തിൽ,
എന്റെ ഗ്രീഷ്മപഥങ്ങളിലേക്കുതിർന്നു വിഴുന്നത്‌,
അളവറ്റ പ്രത്യാശയുടെ മന്ന തന്നെ !
മൗനത്തിൻ അപാരതയിൽപ്പൊതിഞ്ഞ്‌,
നീ നീട്ടിയ ഉടമ്പടിയിൽ കൈയ്യൊപ്പ്‌ ചാർത്താൻ,
ഈ ജന്മദൂരം എനിക്കിനിയും ബാക്കി.. !!