Monday, July 7, 2014

പറന്ന്...പറന്ന്...പറന്ന്...

തോരാതെ പെയ്യുമീ മഴയിലിടറിയെൻ നെഞ്ചിലെ പാട്ടുകൾ;
ഒട്ടു നനഞ്ഞ്‌, താളം മറന്നെൻ കുഞ്ഞു ചിറകുകൾ;
കനിവിന്റെ പൂമരക്കൊമ്പിലൊന്നിളവേറ്റ്‌, 
മെല്ലെയീ ചിറകുകൾ നീർത്തി ഞാനുയരവെ,
തളിരുകളുലഞ്ഞ്‌, നിൻ മനതാരിൽ വീണതിൽ,
മഴനീരിനൊപ്പമെൻ മിഴിനീരുമുണ്ട്‌ !!

എന്തിനു കണ്ണീരുതിർക്കുന്നതെന്നോ ?
 ഈ നൊമ്പരത്തിരകൾക്കു ശമനതാളം, 
നിന്റെ ഹൃത്തടത്തിലൂടൊഴുകിപ്പരക്കുമ്പോൾ മാത്രം !
ഇനിയെത്ര വർഷകാലം കുളിർ പെയ്താലും,
എൻ മിഴിനീർച്ചൂട്‌ നിന്നോർമ്മയിൽ പടർന്നിടും !
ഇനിയേതു ഗാനത്തിന്നല നിന്നെ പുല്‌കിലും,
ഈ ബാഷ്പധാര തൻ ശ്രുതിയതിൽ ചേർന്നിടും !


എന്തിനു പറന്നകലുന്നതെന്നോ ?
ജന്മങ്ങൾക്കപ്പുറത്താണെൻ നിത്യമാം നീഡം
നിന്നാത്മാവ്‌ തന്നെയതിനായൊരുങ്ങും ശിഖരി,യതും സത്യം !!
ഇനിയെത്ര ജന്മദൂരം പറന്നാകിലും,
ഒടുവിലാ  മോഹനതീരത്തിലെത്തിടും !
ഇനിയെത്ര സ്വപ്നങ്ങൾ കൂട്ടിവച്ചാകിലും,
നിൻ സ്നേഹച്ചില്ലയിൽ കൂടൊന്നൊരുക്കിടും !


എങ്ങനെ തളരാതെ പോയിടുമെന്നോ ? 
പ്രണയമേ... നിൻ മഞ്ജുസ്മേരത്തിൻ വർണ്ണമേളം
എനിക്കായ്‌ പകർത്തുന്നിതാ ചുറ്റിനും ചക്രവാളം !! 
എവിടെ നിന്നാകിലും നിൻ മുഖം കാണുവാൻ
അത്രമേലുയരത്തിലേറി ഞാൻ പാറിടും  !
തളരുമ്പോൾ നിൻ മുഖം തന്നെ  ഞാൻ തേടിടും;
സൗവർണ്ണസീമയിൽ സ്നേഹോദയമാകും നീ !
 

എന്തിത്ര മേൽ ഹൃദയത്തോട്‌ ചേർത്തതെന്നോ  ?
നിൻ ഹൃദയശംഖിലെ പ്രണയിതമന്ത്രണം,
എന്നാത്മജലധിയിൽ അനശ്വര,മതിൻ തിരയിളക്കം !!
എത്ര വിദൂരമാമാം തീരത്തിലെങ്കിലും,
എൻ തിരക്കൈകൾ നിൻ കാല്‌പാടു തേടിടും !
എത്രയഗാധം നിൻ നിദ്രയെന്നാകിലും,
നിൻ കിനാത്തോണിയീ സാഗരം പൂകിടും  !

എത്രയനന്തമീയാകാശവീഥികൾ..
മൗനത്തിൻ തേനൊഴുകുമീയിടനാഴികൾ !

ഇപ്പോഴും, ഒരു പിൻ നോട്ടത്തിനറ്റത്ത്‌ തന്നെയുണ്ട്‌ ;
ജന്മങ്ങൾക്കപ്പുറത്തേക്കെനിക്കു ശുഭയാത്ര നേർന്ന്,
അങ്ങു ദൂരെ, തിരിമുറിയാത്ത മഴയിലും,
മായാത്ത പ്രണയവസന്തമായ്‌ പൂത്തുലഞ്ഞ്‌  നീ..!!