നിശ്ചയം നശ്വരമായതാം വാഴ്വിതിൽ
വിശ്വം ജയിക്കുവാനുഴറുന്ന മാനുഷാ,
എത്തി നീ,നേരു പടച്ചൊരാ കത്തിലെ
വൃത്താന്തമായ്,പിന്നെ ജീവനായ് മണ്ണിതിൽ
മോഹനം സൃഷ്ടി,യതിനാധാരമോ മോഹം
മോഹസാക്ഷാത്ക്കാര ദൃഷ്ടാന്തമീ ദേഹവും!
ദൃശ്യമാം ദേഹമിത് നശ്വര, മനശ്വര-
മദൃശ്യമാം ദേഹി, ബൃഹത്താം ജഗത്തിതിൽ
അനന്ത, മമേയമാ സ്നേഹനഭസ്സായ
ദൈവമനസ്സിലേക്കുയരുന്ന യാത്രയിൽ
അരനാഴിക, ദേഹിയിളവേൽക്കും, കേവലം
മൃണ്മയകുടീരമീ ദേഹമെന്നോർക്ക നീ..!!
ദേഹാഭിമാനം പെരുത്തു നീ ഭൂമിയിൽ
ഹന്ത! മദിച്ചു നടക്കുന്നഹന്തയിൽ
ശിക്ഷയിൽ നിന്നു നീ രക്ഷനേടുന്നതി-
നർഥമാ സ്വർഗ്ഗമതു കാണ്മതില്ലെന്നല്ല!!
എന്തിനുമുണ്ട് മുഹൂർത്ത,മത് വിരചിതം
എത്തിടും ശിക്ഷയുമൊത്ത സമയത്ത്
തുംഗവൃക്ഷത്തെ തകർത്തെറിയുന്നൊരാ
ഘോരമാം മിന്നൽപ്പിണറുപോൽ നിശ്ചയം!!
ആശയാൽ കാശു നിറച്ചു നീ കീശയിൽ
മോശമാം വഴിയിലൂടീശനെയോർക്കാതെ
അറിക നീ,യേറെയായ് നേടിയെന്നാകിലും
ആറടിക്കുഴിയിലുറങ്ങിടു,മൊരോർമ്മയായ്!!
മോഹം ഭരിച്ചിടും ദേഹം നശിക്കിലും
ദൈവം രചിച്ചതാമാത്മം തുടർന്നിടും
ഒഴുകുമനസ്യൂതം ജീവതരംഗിണി
ഒടുവിലദ്വൈത സോപാനമതു പുൽകുവാൻ
പുരുഷാന്തരസീമ ഭേദിച്ചൊഴുകുന്നൊ-
രാത്മപ്രവാഹ,മേകത്തിൽ ലയിക്കുവാൻ
ഓർക്കുക,വാഴ്ത്തുക ചിത്തമേ സാദരം
നിത്യമാ ദൈവത്തെ, സത്യപ്രകാശത്തെ!!
20 comments:
ഓര്‍ക്കുക ചിത്തമേ
സത്യപ്രകാശമേ
അജിത് സർ,
ഒരുപാട് നന്ദി.. ഇത്ര വേഗം വന്നു രണ്ട് വാക്കു കുറിച്ചതിന്.
ശുഭാശംസകൾ...
ആശയാൽ കാശു നിറച്ചു നീ കീശയിൽ
മോശമാം വഴിയിലൂടീശനെയോർക്കാതെ
അറിക നീ,യേറെയായ് നേടിയെന്നാകിലും
ആറടിക്കുഴിയിലുറങ്ങിടു,മൊരോർമ്മയായ്!!
ഒരു പരമസത്യം.
ഭാവുകങ്ങൾ.
കവിത നന്നായിട്ടുണ്ട്, ആശംസകള്‍..
"....,വാഴ്ത്തുക ചിത്തമേ സാദരം
നിത്യമാ ദൈവത്തെ, സത്യപ്രകാശത്തെ!!"
_____വാഴ്ത്തുന്നു സാദരം ....
നന്മയുടെ വഴികളിൽ നടക്കാം ,
വാഴ്ത്താം ആ സത്യ പ്രകാശത്തെ ..
സ്നേഹം
//താങ്കളുടെ മനോഹരമായ കവിതയ്ക്ക്
ഒരു മനോഹരമായ കമന്റ് ഇടാൻ ഞാൻ അശക്തൻ //
പ്രിയപ്പെട്ട ഡോക്ടർ,
എന്റെ ഹൃദയം നിറഞ്ഞ നന്ദിയറിയിക്കുന്നു.
ശുഭാശംസകൾ...
പവിത്രായനം,
അഭിപ്രായം രേഖപ്പെടുത്തിയതിന് നിസ്സീമമായ നന്ദി..
ശുഭാശംസകൾ...
മുഹമ്മദ് കുട്ടി സർ,
ഈ സ്നേഹത്തിനു മുന്നിൽ എന്റെ വിനീത പ്രണാമം. നന്ദി...
ശുഭാശംസകൾ സർ....
പ്രിയപ്പെട്ട സതീഷ്,
കണ്ടിട്ടില്ലെങ്കിലും,താങ്കളുടെ വാക്കുകളിലൂടെയും,കവിതകളിലൂടെയും ആ ഹൃദയ സൗരഭ്യം ഞാനറിയുന്നു.
എന്റെ സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു.ദൈവമനുഗ്രഹിക്കട്ടെ.
ശുഭാശംസകൾ...
പ്രിയപ്പെട്ട സുഹൃത്തെ,
വളരെ നല്ലവരികൾ. വളരെ നല്ല ചിന്തകൾ
ഏറെ ഇഷ്ടമായി
സ്നേഹത്തോടെ,
ഗിരീഷ്
എത്ര നല്ല കവിത ! ആശംസകള്‍ !
പ്രിയപ്പെട്ടെ ഗിരീഷ്,
സ്നേഹം നിറഞ്ഞ ഈ പ്രോത്സാഹനത്തിന്,ഒരായിരം നന്ദി...
ശുഭാശംസകൾ...
പ്രിയപ്പെട്ടെ തൂവൽ,
ഒരുപാട് നന്ദി,അഭിപ്രായം രേഖപ്പെടുത്തിയതിന്.
ശുഭാശംസകൾ...
ദീപ മാഡം,
ഈ വരവിനും,പ്രോത്സാഹന വാക്കുകൾക്കും ഹൃദയംഗമമായ നന്ദി.
ശുഭാശംസകൾ...
മനോഹരമായ ആലാപന സുഖമുള്ള കവിത
ആശംസകൾ
രതീഷ് സർ,
വളരെ നന്ദി, ഈ നല്ല വാക്കുകൾക്ക്.
ശുഭാശംസകൾ....
ആശയപരമായി യോജിക്കുന്നില്ലെങ്കിലും കവിതക്കുള്ളിലെ കവിയെ നമിക്കുന്നു .
പ്രിയപ്പെട്ട ഭാനു സർ,
അഭിപ്രായം രേഖപ്പെടുത്തിയതിനു ഞാൻ ഹൃദയപൂർവ്വം നന്ദി ചൊല്ലുന്നു.ആശയപരമായ വിയോജിപ്പ് തുറന്നെഴുതിയതിലും
വളരെ സന്തോഷം.ഓരോരുത്തർക്കും ഓരോരോ വിശ്വാസങ്ങൾ.നമ്മുടെ വിശ്വാസങ്ങൾ നമ്മെ രക്ഷിക്കട്ടെ. പിന്നെ,കവിയെ നമിച്ചത്
അല്പം കടുത്തു പോയി. കേട്ടോ..? ഹ...ഹ..ഹ..
ശുഭാശംസകൾ....
പദങ്ങൾ മനോഹരമായി വിന്യസിച്ചിരിക്കുന്നു ജഗത്ഗുരു വിന്റെ ഒരു കടാക്ഷം പതിച്ച കവിത ആയ്ഗിരി നന്ദിനി ഓര്മ വന്നു ദൃശ്യമാം ദേഹമിത് നശ്വര, മനശ്വര-
മദൃശ്യമാം ദേഹി, ബൃഹത്താം ജഗത്തിതിൽ
ശരിക്കും
100 മാർക്ക്
ആശംസകൾ
അനുസ്യൂതം ഒഴുകട്ടെ ഈ കാവ്യ തരംഗിണി
അനുസ്യൂതം ഒഴുകട്ടെ ഈ കാവ്യ തരംഗിണി
പ്രിയപ്പെട്ട ബൈജു ഭായ്,
വളരെ സന്തോഷം, നന്ദി... ഈ നല്ല വാക്കുകൾക്ക്. കുറവുകളും പറയണേ.. ദൈവം അനുഗ്രഹിക്കട്ടെ.
ശുഭാശംസകൾ...
പ്രിയപ്പെട്ട റിനു,
സ്നേഹപൂർവ്വം, എന്റെ ഹൃദയം നിറഞ്ഞ നന്ദി.
ശുഭാശംസകൾ...
ശ്രുതിമധുരമീ കവിത..!
ആശംസകൾ!
വളരെ നന്ദി,ഈ നല്ല വാക്കുകൾക്ക്.
ശുഭാശംസകൾ...
Post a Comment