Wednesday, December 11, 2013

എന്റെ പ്രഭാതം

നിത്യമെൻ മാനസത്താഴ്‌വരകളിൽ
കുഞ്ഞുകനവുകളുറങ്ങിടും ശാദ്വലഭൂമിയിൽ
നവചാരുഹാസമണിഞ്ഞെത്തും പ്രഭാമയി,
പുലരീ, നീ നഭസ്സിന്നനുപമ മുഖശ്രീ!

വാടിയുറങ്ങുമെൻ സ്വപ്നമുകുളങ്ങളെ
തൊട്ടുണർത്തീ നിൻ തുഷാരാർദ്രവിരലുകൾ 
നീ പകർന്നെത്രയോ ശുഭദമാം ചുംബനം
ഇളവെയിലിൻ നീരാള സുഖദപരിരംഭണം

നീ തന്നെ,യാദിമ ജ്ഞാനാങ്കുരങ്ങളെ,
കനിവോടുണർത്തിയ സത്യപ്രകാശനം
നീ തന്നെയാദ്യമെൻ ഭാവനാവാടികയി-
ലൊരു പൂ വിടർത്തിയ പ്രേമപ്രദീപ്തിയും.

നോവിൻ ഹിമക്കാറ്റലറിയുഴറീടുന്നൊ-
രേകാന്ത ശീതഭൂഖണ്ഡമാം മാനസം
വർണ്ണം വിതാനിച്ചണഞ്ഞ നിൻ കാന്തിയാൽ
മെല്ലേ, പ്രശാന്തി തൻ കേദാരമയിതാ!

കാലഭാവാന്തര സ്പർശമേല്‌ക്കാത്തൊരു
നിത്യതാരുണ്യമേ, നീയെഴുന്നള്ളവെ,
കിളികുലമതുപചാരമോതീ,
താരണിക്കൈകളിൽ മാധവം മകരന്ദമേന്തീ

അരുണാംശു ചൂടി വരവായ മുഗ്ദ്ധാംഗി നിൻ
പരിമൃദുഹാസ പ്രശോഭയിൽ മുങ്ങിയോ
സുരലോകവീഥിയിൽ നീളേ പതിച്ചതാം
അളവറ്റ നക്ഷത്രരത്നത്തിളക്കവും ?!

ഇളവെയിൽക്കസവൊളി ചിന്നുന്ന പൂവാട
നല്‌കി നീ, ഭൂമിയൊരുങ്ങീ നവാംഗിയായ്
നിൻ മുത്തമേറ്റൊത്ത മുത്ത് പോൽ വാനവും
മഞ്ഞിന്റെ മുത്തണിക്കുഞ്ഞുപുൽനാമ്പിലായ്!

അരിയ നിൻ പുഞ്ചിരിച്ചേലിനാ,ലഞ്ചിത-
മാക്കുകയെന്നുമെന്നാത്മ നികുഞ്ജവും
അലറിടും നിർവ്വേദസാഗരത്തിരകളാ-
ലസ്പർശമാവട്ടെ, മമ വാസരങ്ങളും..








44 comments:

ബൈജു മണിയങ്കാല said...

പ്രഭാമയം പ്രഭാതം മനോഹരമായ വരികൾ പ്രഭാതത്തിന്റെ നൈര്മാല്യം മൃദുത്വം ശീതളിമ എല്ലാം ഇഷ്ടമായി നന്നായി വരച്ചിട്ടു അലറിടും എന്ന വാക്ക് ഈ കവിതയിൽ അലിഞ്ഞു ചേർന്നിട്ടുണ്ടോ എന്ന് ചെറിയ സംശയം മാത്രം

ajith said...

മുഖശ്രീയുള്ള കവിത

AnuRaj.Ks said...

prabhatha varnana ishtappettu...

അക്ഷരപകര്‍ച്ചകള്‍. said...

വാടിയുറങ്ങുമെൻ സ്വപ്നമുകുളങ്ങളെ
തൊട്ടുണർത്തീ നിൻ തുഷാരാർദ്രവിരലുകൾ
നീ പകർന്നെത്രയോ ശുഭദമാം ചുംബനം
ഇളവെയിലിൻ നീരാള സുഖദപരിരംഭണം

മനോഹരമായി പുലരിയുടെ സൌന്ദര്യത്തെ വർണ്ണിച്ചിരിക്കുന്നു. ഈ നല്ല രചനയ്ക്ക് അഭിനന്ദനങ്ങൾ.



സൗഗന്ധികം said...

ബൈജു ഭായ്,അജിത് സർ,അനുരാജ്,അമ്പിളി മാം,

ഈ പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ നന്ദി.

എല്ലാവർക്കും സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്നു.

Manoj Vellanad said...

നല്ല പ്രഭാത വര്‍ണ്ണന.. നല്ല വരികള്‍..

ബ്ലോഗ്‌ ഫോളോ ചെയ്യാനുള്ള ഓപ്ഷന്‍ വയ്ക്കൂ.. അല്ലെങ്കില്‍ പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ അറിയില്ല..

എന്തായാലും നന്മ നിറഞ്ഞ ക്രിസ്മസ്, പുതുവത്സരാശംസകള്‍...

കൊച്ചുമുതലാളി said...

നല്ല കവിത.. ഇഷ്ടമായി!

സൗഗന്ധികം said...

മനോജ്‌ കുമാർ, കൊച്ചു മുതലാളി,

എന്റെ ഹൃദയം നിറഞ്ഞ നന്ദി..

സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു

ശുഭാശം സകൾ...

SASIKUMAR said...

ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വാതിൽ തുറന്നു പിടിച്ച്, നന്മ നിറഞ്ഞ വാക്കുകൾ...

കുട്ടനാടന്‍ കാറ്റ് said...

നോവിൻ ഹിമക്കാറ്റലറിയുഴറീടുന്നൊ-
രേകാന്ത ശീതഭൂഖണ്ഡമാം മാനസം
വർണ്ണം വിതാനിച്ചണഞ്ഞ നിൻ കാന്തിയാൽ
മെല്ലേ, പ്രശാന്തി തൻ കേദാരമായിതാ!


നന്മ നിറഞ്ഞ ക്രിസ്മസ്, പുതുവത്സരാശംസകള്‍...

Asha Chandran said...

പ്രഭാതത്തെക്കുറിച്ചുള്ള നല്ല മനോഹരമായ കവിത.
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്നു.

Asha Chandran said...

പ്രഭാതത്തെക്കുറിച്ചുള്ള നല്ല മനോഹരമായ കവിത.
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്നു.

ഭാനു കളരിക്കല്‍ said...

ഇത്രയും മനോഹരമായി പ്രഭാതത്തെ വരവേൽക്കുവാനുള്ള മനസ്സ് ഇപ്പോഴും കൈമോശം വന്നില്ലെന്നോ? അത്ഭുതം !!!

സൗഗന്ധികം said...

ശശികുമാർ സർ, റിനു, ആശാ മാം, ഭാനു സർ,

എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി.

പുതുവത്സരാശം സകൾ.....

rameshglobaldreams.blogspot.com said...

manoharam.....oru vakinalumee patha sumangale praharikka vayya....

സൗഗന്ധികം said...

പ്രിയ രമേഷ് ഭായ്,

ഈ പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ നന്ദി.

പുതുവത്സരാശംസകൾ..

drpmalankot said...

Nalla bhaashaa / pada prayogangal.
Aashamsakal.

vettathan said...

കവിത നന്നായിട്ടുണ്ട്.ഇളം വെയിലിന്‍റെ പരിരംഭണം ഉപമിച്ചത് പക്ഷേ നീരാളിയോടായിപ്പോയി.

സൗഗന്ധികം said...

ഡോക്ടർ,

വളരെ നന്ദി ഈ പ്രോത്സാഹനത്തിന്.

പുതുവത്സരാശംസകൾ....


ബഹു: വെട്ടത്താൻ സർ,

ആദ്യ വരവിനും, ഈ പ്രോത്സാഹനത്തിനും വളരെ നന്ദി.

നീരാളം = (പൊന്നിൻ) പട്ട് കൊണ്ടുള്ള വസ്ത്രം. ഇതിന്റെ നാമവിശേഷണരൂപമായിട്ടാണ് ഞാനീ പോസ്റ്റിൽ 'ഇളവെയിൽ നീരാള സുഖദപരിരംഭണം'എന്നുപയോഗിച്ചത്.

ഉദാ : നീരാളപ്പുടവ,നീരാളപ്പട്ട് എന്നിവ പോലെ. അതു ശരിയല്ലേ സർ?

മറിച്ച്, നീരാളിയുടെ നാമവിശേഷണപ്രയോഗത്തിൽ അതേ നാമം തന്നെയാണ് ഉപയോക്കുന്നതെന്ന് തോന്നുന്നു.

ഉദാ : നീരാളിപ്പിടിത്തം,നീരാളിക്കൈകൾ എന്നിങ്ങനെ.

സൂക്ഷ്മമായ വായനയ്ക്ക് ഒരിക്കൽക്കൂടി നന്ദി ചൊല്ലുന്നു.

ബഹുമാനത്തോടെ സാറിനെന്റെ പുതുവത്സരാശംസകൾ....

മാനവധ്വനി said...

മനോഹരമായ കവിത... ആശംസകൾ നേരുന്നു

സൗഗന്ധികം said...

പ്രിയ സതീഷ്(മാനവധ്വനി),

വളരെ നന്ദി.പോസ്റ്റ് വായിച്ച് അഭിപ്രായമെഴുതി പ്രോത്സാഹിപ്പിച്ചതിന്.

പുതുവത്സരാശംസകൾ...

സാജന്‍ വി എസ്സ് said...

നല്ല സുന്ദരമായ വരികള്‍,നല്ല പദ സമ്പത്ത്,

പുതുവത്സര ആശംസകള്‍

മാനവധ്വനി said...

. താങ്കൾക്ക് നന്ദി.. ഇവിടെ ഇതു പോസ്റ്റുന്നത് താങ്കൾ ആരാണെന്നറിയാത്തതു കൊണ്ടാണ്‌..ഞാൻ ചെയ്യുന്നത് വെറും കുത്തിക്കുറിക്കൽ മാത്രമാണ്‌...കവിതാഗണത്തിലേക്ക് പോസ്റ്റു ചെയ്യാൻ കവിതയല്ല.. താങ്കളുടേതു പോലെ മനോഹാരിത മുറ്റി നില്ക്കുന്ന പദപ്രയോഗങ്ങളൊന്നും ഇല്ലാത്തതാണത്..... അതു കൊണ്ടാണ്‌.. താങ്കളുടെ സ്നേഹോപദേശത്തിനു നന്ദി...

സൗഗന്ധികം said...

സാജൻ ഭായ്,

വളരെ നന്ദിയുണ്ട് പോസ്റ്റ് വായിച്ച് പ്രോത്സാഹിപ്പിക്കുന്നതിന്.

ശുഭാശംസകൾ.....


പ്രിയ സതീഷ്,

വീണ്ടും കണ്ടതിൽ വളരെ സന്തോഷം കേട്ടോ? കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യുമ്പോൾ, കവിതകൾ കൂടുതൽ ഗൗരവമായി,ശ്രദ്ധയോടെ സമീപിക്കുന്നവരുടെ ദൃഷ്ടിയിൽ അതു പെടാൻ സാധ്യത കൂടുതലാണ്.അങ്ങനെയുള്ളവരുടെ അഭിപ്രായം നമുക്ക് സഹായകരമാവുമെന്നുള്ളതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.പിന്നെ,'നോക്കുന്നവരുടെ കണ്ണിലാണ് സൗന്ദര്യ'മെന്നല്ലേ? വായനക്കാരല്ലേ തീരുമാനിക്കേണ്ടത് ഒരു രചന നല്ലതോ,കെട്ടതോ എന്ന്? ആരേയും വ്യക്തിപരമായി അവഹേളിക്കാതെ,അശ്ലീലം കഴിവതുമൊഴിവാക്കി,പൊതുസമൂഹത്തെ ദോഷകരമായി ബാധിക്കാത്ത രീതിയിൽ സ്വന്തം ബ്ലോഗിൽ എഴുതിയ ഒരു രചന, ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യുന്നതിൽ എന്തിനാ ജാള്യത തോന്നുന്നത്. സുന്ദരമായ പദങ്ങളാണോ ഒരു രചന കവിതയാണെന്ന് നിർണ്ണയിക്കുന്നത് ? :) :)ധൈര്യമായി പോസ്റ്റ് ചെയ്തോളൂ.അപ്പോഴല്ലേ അതിലെ തെറ്റുകുറ്റങ്ങൾ നമ്മളെപ്പോലുള്ളവർക്ക് മനസ്സിലാകൂ.വായനക്കാരുടെ അഭിപ്രായങ്ങൾ സന്തോഷം തരാം.മറിച്ചും.നമ്മുടെ എഴുത്തിനു ഗുണമെന്നു കണ്ടാൽ, രണ്ടിനേയും സ്വീകരിക്കുക. ഇതാ എന്റെ വിനീതമായ അഭിപ്രായം. :)

ശുഭാശംസകൾ....

ഓര്‍മ്മകള്‍ said...

നീ തന്നെയാദ്യമെൻ ഭാവനാവാടികയി-
ലൊരു പൂ വിടർത്തിയ പ്രേമപ്രദീപ്തിയും...,

നന്നായിട്ടുണ്ട്..., ആശംസകള്‍..

മാനവധ്വനി said...

താങ്കളുടെ അഭിപ്രായത്തിനു നന്ദിയുണ്ട്.. ഏതു കവിതാ വിഭാഗം എന്ന് അറിയില്ല.. ലിങ്കും... അറിയില്ല.. നന്ദി...

മാനവധ്വനി said...
This comment has been removed by a blog administrator.
മാനവധ്വനി said...
This comment has been removed by a blog administrator.
സൗഗന്ധികം said...

ഓർമ്മകൾ,

വളരെ നന്ദി ഈ പ്രോത്സാഹനത്തിന്.


ശുഭാശംസകൾ...


പ്രിയ സതീഷ്,

സതീഷിന്റെ പുതിയ കവിത (manavadwani-russel.blogspot.com/2014/01/blog-post_9.html )ജാലകത്തിൽ ഇത്തവണ കവിതാ വിഭാഗത്തിൽത്തന്നെ വന്നില്ലേ? അതാ ഞാനുദ്ദേശിച്ചത്.മുൻപ് സതീഷിന്റെ കവിത ജാലകത്തിൽ പൊതുവിഭാഗത്തിലായിരുന്നു വന്നിരുന്നത്.ഇപ്പൊ എല്ലാം ശരിയായി.അതായത്,ഇപ്പൊ കവിതാ വിഭാഗം സെർച്ച് ചെയ്യുന്ന ഏതൊരാളുടേയും ശ്രദ്ധയിൽസതീഷിന്റെ കവിത എളുപ്പത്തിൽ പതിയും. :)

വളരെ നന്ദി വീണ്ടും വന്നതിൽ.


ശുഭാശംസകൾ....

Geethakumari said...

പ്രഭാതങ്ങളുടെ മനോഹാരിത ,തുടിപ്പ് ,ഉന്മേഷം എല്ലാം ഈ വരികളില്‍ കൊറിയിട്ടിരിക്കുന്നു .
നന്മയുടെ സൂര്യന്‍ എന്നും ജീവിതത്തില്‍ ഉടനീളം തെളിയട്ടെ എന്ന് ആശംസിക്കുന്നു

സൗഗന്ധികം said...

പോസ്റ്റ് വായിച്ച്, അഭിപ്രായമെഴുതി പ്രോത്സാഹിപ്പിക്കുന്നതിന് വളരെ നന്ദിയുണ്ട്.


ശുഭാശംസകൾ......

മിനി പി സി said...

കവിത നന്നായിരിക്കുന്നു ആശംസകള്‍.

സൗഗന്ധികം said...

വളരെ നന്ദി ഈ പ്രോത്സാഹനത്തിന്.

ശുഭാശംസകൾ.....

Shahida Abdul Jaleel said...

നല്ല സുന്ദരമായ വരികള്‍...

Mohammed Kutty.N said...

ഇവിടം വായന വിനഷ്ടമാകുന്നത് ഇപ്പോള്‍ ഓര്‍ക്കാന്‍ പോലും വയ്യ.അല്പം വൈകിയതില്‍ ക്ഷമ ചോദിക്കട്ടെ.ഈ മനോഹര മാസ്മരിക വാഗ് വഴക്കങ്ങള്‍ക്ക് ആദ്യമേ ഒരായിരം ധന്യ മാലിക!
ഈ സുപ്രഭാത കാവ്യ സൗരഭം വാക്കുകളില്‍ ചീകി ഒതുക്കി വച്ച സുഭഗസര്‍ഗ സിദ്ധിക്ക് ദൈവാനുഗ്രഹം ഇനിയുമിനിയും ചൊരിയട്ടെ എന്ന് പ്രാര്‍ഥിക്കട്ടെ !

സൗഗന്ധികം said...

ഷാഹിദ മാം,

ഈ നല്ല വാക്കുകൾക്ക് അകമഴിഞ്ഞ നന്ദി..

ശുഭാശംസകൾ.....


മുഹമ്മദ് കുട്ടി സർ,

ഹൃദയാക്ഷരങ്ങളിലൂടെ എന്നും, അങ്ങെനിക്കു തരുന്ന പ്രോത്സാഹനത്തിനും,സ്നേഹത്തിനും ഒരായിരം നന്ദി..


ശുഭാശംസകൾ സർ....

ഫൈസല്‍ ബാബു said...

ആദ്യമായാണ് ഇവിടെ എന്ന് തോന്നുന്നു .നല്ല കവിത

സൗഗന്ധികം said...

വളരെ നന്ദി; വന്നതിനും,രണ്ടു വാക്ക് കുറിച്ചതിനും.


ശുഭാശംസകൾ....

ഫൈസല്‍ ബാബു said...
This comment has been removed by the author.
Pratheep said...
This comment has been removed by a blog administrator.
കൊമ്പന്‍ said...

വായിച്ചു ആശംസകൾ

സൗഗന്ധികം said...

പോസ്റ്റ് വായിച്ചതിനും,രണ്ടു വാക്ക് കുറിച്ചതിനും വളരെ വളരെ നന്ദി.


ശുഭാശംസകൾ.....

sulaiman perumukku said...

കാലഭാവാന്തര സ്പർശമേല്‌ക്കാത്തൊരു
നിത്യതാരുണ്യമേ, നീയെഴുന്നള്ളവെ,
കിളികുലമതുപചാരമോതീ,
താരണിക്കൈകളിൽ മാധവം മകരന്ദമേന്തീ....എത്ര സുന്ദരമീവരികൾ മനസ്സ്
പിന്നെയും പാടുന്നു ....അഭിനന്ദനങ്ങൾ .

സൗഗന്ധികം said...

വളരെ നന്ദി സർ, ഈ പ്രോത്സാഹനത്തിന്.


ശുഭാശംസകൾ....