Thursday, April 10, 2014

ആരും പേടിക്കേണ്ട...

..... എന്ന്,  ഞാൻ നിങ്ങൾക്കുറപ്പ്‌ തരുന്നു;
സംശയിക്കേണ്ട;
എന്റെ ഉള്ളംകൈ വളരെ വലുതാണ്‌.
ഭാഗ്യജാതകം, രാജയോഗം,
പിന്നെന്റെ കൂർമ്മബുദ്ധിയും!
എന്റെ ജന്മം തന്നെ മഹത്തരം;
നാട്ടാരുടെ മുജ്ജന്മസുകൃതം !!

ആത്മാർത്ഥമായി ഞാൻ നിങ്ങൾക്കുറപ്പ്‌ തരുന്നു;
പേടിക്കേണ്ട;
എനിക്കു ഭംഗിയായി ചിരിക്കാനറിയാം.
ആരോപണങ്ങൾ, കിംവദന്തികൾ,
പിന്നെ നിങ്ങളുടെ  ആവലാതികൾ;
എല്ലാറ്റിനുമുത്തരമാകുമെന്റെ ചിരി !!
നിങ്ങളുടെ വിവേകബുദ്ധിക്ക്‌ അതിനോളം തൂക്കമില്ല.
എന്നെ ചിരിപ്പിക്കുന്നതും ആ തൂക്കമില്ലായ്മ തന്നെ !!

സഗൗരവം ഞാൻ നിങ്ങൾക്കുറപ്പ്‌ തരുന്നു;
സംശയിക്കേണ്ട;
എന്റെ കുപ്പായത്തിന്റെ കീശ തീരെച്ചെറുതാണ്‌.
നിങ്ങളെ വിറ്റ്‌ കാശിടാൻ തക്ക വലിപ്പമതിനില്ല.
സ്വന്തം മനസ്സാക്ഷി വില്‌ക്കുന്നവരല്ലേ നിങ്ങൾ?
നിങ്ങൾക്ക്‌ വിലകൂടും!
അതെനിക്കും,സ്വിസ്സ്ബാങ്കിനും മാത്രമറിയാവുന്നൊരു സത്യം.
സത്യമേവ ജയതേ!!

പ്രവാചകർ, വിശുദ്ധഗ്രന്ഥങ്ങൾ, ആൾദൈവങ്ങൾ
സകലതിന്റേയും നാമത്തിൽ ഞാൻ നിങ്ങൾക്കുറപ്പ്‌ തരുന്നു;
പേടിക്കേണ്ട,
സമുദായങ്ങൾ എനിക്കൊപ്പമുണ്ട്‌; ആയുധങ്ങളും.
പക്ഷേ,സമുദായങ്ങളെ ഞാൻ കലാപങ്ങൾക്കു വിട്ടു കൊടുക്കുന്നു !
ആയുധങ്ങൾ, അതെന്റെ അണികൾക്കും !!

നിങ്ങൾക്ക്‌ തരാൻ ഇനിയുമുറപ്പുകളേറെയുണ്ടെന്റെ കൈയ്യിൽ;
സംശയിക്കേണ്ട;
ഞാൻ തനിച്ചല്ല;
ഇരുട്ടിനെ മറയ്ക്കുന്ന ശുഭ്രവസ്ത്രങ്ങൾ,
നിങ്ങളെ മയക്കുമതിൻ വെണ്മ,
നിറമേഴും വിഴുങ്ങുമതിൻ ശക്തി,
നിങ്ങൾ വളർത്തി, ആശീർവ്വദിച്ചയച്ച താപ്പാനകൾ ;
ഇവയൊക്കെ എനിക്കൊപ്പമുണ്ട്‌.
പിന്നെ, പ്രബുദ്ധരായ നിങ്ങളുടെ, 
വിശുദ്ധവും, വിചിത്രവുമായ പിൻബലവും !!

 അവസാനമായി നിങ്ങൾക്ക്‌ ഞാനൊരുറപ്പ്‌ കൂടിത്തരാം.
എന്തെന്നാൽ, ഉറപ്പുകൾ നല്‌കാൻ ഞാൻ വീണ്ടും വരും; 
അപ്പോഴും,
വിശുദ്ധവും, വിചിത്രവുമായ പിൻബലവുമായി,
നിങ്ങളിവിടെ പ്രബുദ്ധരായി നിലകൊള്ളുക..
വെറും, നിസ്സഹായപ്രബുദ്ധരായി..!!!



42 comments:

drpmalankot said...

ഒരു ഇടവേളയ്ക്കു ശേഷം - വീണ്ടും കാവ്യാത്മകമായി, ബിംബാത്മകമായി..........
ആശംസകൾ, സുഹൃത്തേ.

സൗഗന്ധികം said...

ഈ ആദ്യവരവിനും, പതിവുപോലെയുള്ള പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി ഡോക്ടർ.

ശുഭാശംശകൾ....

ajith said...

പഞ്ചവല്‍സരം കഴിയുമ്പോള്‍ അവര്‍ വീണ്ടും വരും അല്ലേ? ആത്മാര്‍ത്ഥമായി ഉറപ്പുകള്‍ വാരിക്കോരിച്ചൊരിഞ്ഞുകൊണ്ട്!!!

മിനി പി സി said...

അവര്‍ക്ക് ആകെ വേണ്ടത് നമ്മുടെ വോട്ടു മാത്രം ..............!

സൗഗന്ധികം said...

അജിത് സർ,

അതെ.നമ്മുടെ നാട്ടിൽ ജനാധിപത്യം ശരിയായ അർത്ഥത്തിൽ നിലനിൽക്കുന്നത്,രാഷ്ട്രീയക്കാർ വോട്ടഭ്യർത്ഥിച്ച് ജനങ്ങളുടെ മുന്നിലെത്തുന്ന ചുരുക്കം ദിനങ്ങളിൽ മാത്രമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വോട്ടിങ്ങ് ദിനം വൈകുന്നേരത്തോട് കൂടി യദാർഥ ജനാധിപത്യത്തിനു തിരശ്ശീല വീഴുന്നതായിട്ടാ അനുഭവപ്പെടുന്നത്.അടുത്ത അഞ്ചു കൊല്ലത്തേക്ക്.

പോസ്റ്റ് വായിച്ച് അഭിപ്രായമെഴുതി പ്രോത്സാഹനമേകുന്നതിന് വളരെ നന്ദിയുണ്ട്.


ശുഭാശംസകൾ....



ശ്രീമതി.മിനി,


ശരിയാ. വോട്ടർക്ക് വിലയുണ്ട്. വോട്ട് ചെയ്യുന്നതു വരെ മാത്രം.വോട്ടറുടെ വില അന്നേരം തൊട്ടിടിഞ്ഞു തുടങ്ങും. എപ്പോഴും നൽകാറുള്ള ഈ പ്രോത്സാഹനത്തിനു അകമഴിഞ്ഞ നന്ദി...


ശുഭാശംസകൾ.....

നിത്യഹരിത said...

നിസ്സഹായ പ്രബുദ്ധരായി.... :)
നന്നായിട്ടുണ്ട് സുഹൃത്തേ.. എങ്കിലും വോട്ട് ചെയ്തോ... :) നന്നായിട്ടുണ്ട് ആശയവും അത് പ്രകടിപ്പിച്ച രീതിയും.... നല്ല നിമിഷങ്ങള്‍...

സൗഗന്ധികം said...

വോട്ട് ചെയ്തു. അരാഷ്ട്രീയവാദമല്ല ഇതെഴുതിയതിനു പിന്നിൽ. നമ്മുടെ പേരുകേട്ട ജനാധിപത്യ സംവിധാനത്തിൽ, ജനമെത്രമാത്രം നിസ്സഹായരാവുന്നു എന്ന വിരോധഭാസമോർത്തു പോയതാ. :)


പോസ്റ്റ് വായിച്ച് രണ്ട് വാക്ക് കുറിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി.



ശുഭാശംസകൾ.....

വിനുവേട്ടന്‍ said...

ലവലേശം നാണമില്ലാതെ വീണ്ടും ഭിക്ഷക്കായി എത്തുന്നവരുടെ മർമ്മത്തിൽ തന്നെ കൊടുത്തു കുത്ത്... നമുക്ക് ഇതൊക്കെയല്ലേ ചെയ്യാൻ കഴിയൂ... നന്നായി... ആശംസകൾ...

സൗഗന്ധികം said...

വിനുവേട്ടൻ,

വളരെ നന്ദി. ഈ ആദ്യ വരവിനും, അഭിപ്രായം രേഖപ്പെടുത്തിയതിനും.

ഇതൊക്കെ നമ്മുടെ ധാർമ്മികരോഷം തീർക്കാനുള്ളൊരു സ്വയം ചികിത്സയെന്നല്ലാതെ.... :) കൊടുങ്കാറ്റടിച്ചാലുമിളകാത്ത മർമ്മങ്ങളുടെ മുന്നിൽപ്പോയി നിന്നു തുമ്മുന്ന പോലെയുള്ളൂ.

ഒരിക്കൽക്കൂടി നന്ദി ഈ വരവിന്.


ശുഭാശംസകൾ.....

Bipin said...

ഞങ്ങൾക്ക് പേടിയേ ഇല്ല. നിങ്ങൾ പല വേഷത്തിൽ വരുമെന്ന് ഞങ്ങൾക്കറിയാം. പക്ഷേ ഈ കാത്തിരിപ്പുണ്ടല്ലോ അതിൻറെ സുഖം ഒന്ന് വേറെയാണ്. ഒന്നും ചെയ്യാതെ ഉള്ള ഈ ഇരിപ്പ്. നിങ്ങൾ വരുമെന്ന് പ്രതീക്ഷിച്ച്. ഇനിയും തരുന്ന വാഗ്ദാനങ്ങളെ പ്രതീക്ഷിച്ച്.

സൗഗന്ധികം said...

ഇതാ ഈ വാഹനത്തിനു തൊട്ടു പിന്നാലേ... നാടും, നാട്ടാരും വാരിവിതറിയ ഒരായിരം സ്നേഹപ്പൂക്കളേറ്റു വാങ്ങിക്കൊണ്ട്... നിങ്ങൾക്കറിയില്ലെങ്കിലും നിങ്ങളെ, നിങ്ങളുടെ നിസ്സഹായതയെ, പാല്പുഞ്ചിരിയിൽ അലിഞ്ഞില്ലാതാവുന്ന നിങ്ങളുടെ പ്രതികരണശേഷിയെ നന്നായി അറിയുന്ന, നിങ്ങളുടെ സ്വന്തം......


വളരെ നന്ദി സർ ഈ വന്നതിനും,പ്രസക്തമായ അഭിപ്രായങ്ങളെഴുതി പ്രോത്സാഹിപ്പിച്ചതിനും.


ശുഭാശംസകൾ.....

ബെന്‍ജി നെല്ലിക്കാല said...

രാഷ്ട്രീയക്കാരുടെ കാപട്യമാണല്ലേ വിഷയം? പക്ഷേ നാമെന്തു ചെയ്യും, ആരെയെങ്കിലും ഒരു കൂട്ടരെ തെരഞ്ഞെടുക്കുകയല്ലാതെ? ആശംസകള്‍... ഈ പങ്കുവയ്പിന്...

ബെന്‍ജി നെല്ലിക്കാല said...
This comment has been removed by the author.
സൗഗന്ധികം said...

"പക്ഷേ നാമെന്തു ചെയ്യും" ? നമ്മുടെ ഈ നിസ്സഹായാവസ്ഥയൊന്ന് ചിന്തിച്ചു പോയതാ ഞാനും. :)

ഒരിക്കലും അരാഷ്ട്രീയവാദമിതെഴുതിയതിനു പിന്നിലില്ലെന്നു ഇതോടൊപ്പം സൂചിപ്പിക്കട്ടെ.


വളരെ നന്ദിയുണ്ട്; വന്നതിനും, രണ്ടു വാക്ക് കുറിച്ചതിനും.


ശുഭാശംസകൾ....

അക്ഷരപകര്‍ച്ചകള്‍. said...


എനിക്കു ഭംഗിയായി ചിരിക്കാനറിയാം.
ആരോപണങ്ങൾ, കിംവദന്തികൾ,
പിന്നെ നിങ്ങളുടെ ആവലാതികൾ;
എല്ലാറ്റിനുമുത്തരമാകുമെന്റെ ചിരി !!അല്ല പിന്നെ ! അസ്സലായി... ഞാനും ചിന്തിയ്ക്കാറുണ്ട് ഇത് തന്നെ . ചിരി എല്ലാത്തിനും ഒരു നല്ല മരുന്ന് തന്നെ ...ആശംസകൾ സഖീ

സൗഗന്ധികം said...

അമ്പിളി മാം,

ശരിയാ. ചിരി നല്ലതാ. പക്ഷേ, ഭൂരിഭാഗം രാഷ്ട്രീയക്കാരുടേയും ചിരി കാപട്യമാണ്. :)

വളരെ നന്ദി എന്നും നല്‌കുന്ന ഈ പ്രോത്സാഹനത്തിന്.


ശുഭാശംസകൾ....

Unknown said...

ഈ താപ്പാനകളുടെ വിളറിയ ചിരി കണ്ടു മടുത്തു...
അവരുടെ ഉറപ്പുകൾക്കൊന്നും പണ്ടത്തെപോലെ ആരും ഇപ്പോൾ വിലയൊന്നും കൊടുക്കുന്നില്ല.
എഴുതിയതെല്ലാം ഇഷ്ടമായി. ആശംസകൾ

Anilkumar Parameswaran said...

ഒരുറപ്പുമില്ലാത്ത ജീവിതത്തെ വേച്ചുവേച്ചു മുന്നോട്ടു തള്ളിനീക്കുന്ന സാധാരണക്കാരന് ഇത്രയേറെ ഉറപ്പുകള്‍ താങ്ങാനാകുമോ???? സമകാലികഭാരതത്തെ അര്‍ഥപൂര്‍ണമായി അവതരിപ്പിച്ചിരിക്കുന്നു... അഭിനന്ദനങ്ങള്‍!!!

സൗഗന്ധികം said...

ഗിരീഷ്,

വളരെ നന്ദി ഈ വരവിനും, നല്ല വാക്കുകൾക്കും.


ശുഭാശംസകൾ.....


അനിൽകുമാർ സർ,

അധികാരം തളികയിൽ വച്ചു നീട്ടുന്ന ജനാധിപത്യത്തിന്റെ തലയിൽ കയറിയിരുന്ന് ചിരിക്കുന്നത് സഹിക്കാം. ചെവി കടിക്കുന്നത് സഹിക്കാം. അമേദ്ധ്യവും വർഷിക്കാൻ തുടങ്ങിയാലോ ??!!! അഴിമതിയുടേയും, നെറികേടിന്റേയും, അനാശാസ്യങ്ങളുടേയും അമേദ്ധ്യം..!!!!


വളരെ നന്ദി സർ; വന്നതിനും, അഭിപ്രായം രേഖപ്പെടുത്തിയതിനും.


ശുഭാശംസകൾ....

ബൈജു മണിയങ്കാല said...

നന്നായി ഈ തിരഞ്ഞെടുപ്പ് ഈ ആത്മ പരിശോധന പുതുമ തോന്നി എഴുത്ത് ശൈലി ആരെയും നോവിക്കാതെ നമുക്ക് ആശ്വസിക്കാനെങ്കിലും ഇത്തരം ഓർമപ്പെടുത്തലുകൾ വളരെ നല്ലതാണ്
ഇഷ്ടം ആശംസകളോടെ

സൗഗന്ധികം said...

ബൈജു ഭായ്,

വളരെ നന്ദിയുണ്ട്; എന്നും നല്‌കി വരുന്ന ഈ പ്രോത്സാഹനത്തിന്.



ശുഭാശംസകൾ.....

ബി.ജി.എന്‍ വര്‍ക്കല said...

urappukal kondu theerkkunna shayyayil ningale urakkaan njan iniyum varum ..... kurikku kollunna ezhuthu

സൗഗന്ധികം said...

ശ്രീ. ബിജു (ബി.ജി.എൻ),


നിസ്സീമമായ നന്ദി; വന്നതിനും രണ്ട് വാക്കു കുറിച്ചതിനും.


ശുഭാശംസകൾ.....

ചോണനുറുമ്പ് said...

:) :)

സൗഗന്ധികം said...

പ്രിയ ഗണേഷ്,

ഹൃദയം നിറഞ്ഞ നന്ദി..


ശുഭാശംസകൾ......

grkaviyoor said...

മരണത്തെ മാറ്റി നിര്‍ത്താന്‍ ആകുമെങ്കില്‍ പേടിക്കാണ്ടിരിക്കാം , നല്ല ചിന്തനം എഴുത്ത് തുടരുക

grkaviyoor said...

മരണത്തെ മാറ്റി നിര്‍ത്താന്‍ ആകുമെങ്കില്‍ പേടിക്കാണ്ടിരിക്കാം , നല്ല ചിന്തനം എഴുത്ത് തുടരുക

സൗഗന്ധികം said...

മരണമൊരു പ്രാവശ്യം വരും. മാരണങ്ങൾ അഞ്ചു കൊല്ലം കൂടുമ്പോൾ വന്നുകൊണ്ടേയിരിക്കും. ജനങ്ങളെ കൊല്ലാതെ കൊല്ലാൻ..!!!

വളരെ നന്ദി സർ. വന്നതിനും രണ്ടു വാക്ക് കുറിച്ചതിനും.


ശുഭാശംസകൾ.....



Sureshkumar Punjhayil said...

Urappillaathavarkku...!

Manoharam, Ashamsakal...!!!

സൗഗന്ധികം said...

ശ്രീ.സുരേഷകുമാർ പുഞ്ചയിൽ,



തെരഞ്ഞെടുപ്പ്‌ കാലത്ത്‌ ഉച്ചൈസ്തരം മുഴങ്ങുന്ന ഉറപ്പുകൾ വിശ്വസിച്ച്‌, തങ്ങൾക്ക്‌ സിംഹാസനങ്ങൾ ഉറപ്പിച്ചു തരുന്ന ജനങ്ങളുടെ പിന്നീടുള്ള അവസ്ഥാവിശേഷം, എന്തായിത്തീരുമെന്നതിനേപ്പറ്റി, ഉറപ്പുകൾ നൽകിയവർക്ക്‌ നല്ലയുറപ്പാ. !!


വളരെ നന്ദി... ഈ വരവിനും, നല്ല വാക്കുകൾക്കും..



ശുഭാശം സകൾ......


Sudheer Das said...

വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍.

സൗഗന്ധികം said...

ഹൃദയം നിറഞ്ഞ നന്ദി.. ഈ പ്രോതസാഹനത്തിന്‌


ശുഭാശംസകൾ...

കുട്ടനാടന്‍ കാറ്റ് said...

സത്യമേവ ജയതേ!!

സൗഗന്ധികം said...

ഈ കമന്റ്‌ കാണാനൽപം വൈകി. വളരെ നന്ദി റിനു ഭായ്‌.

ശുഭാശം സകൾ.....

ഭാനു കളരിക്കല്‍ said...

ഒരു വലിയ Great.

ഈ കവിതയ്ക്ക് ഇത്രമാത്രം പറയുന്നു.

സൗഗന്ധികം said...

ഹൃദയം നിറഞ്ഞ നന്ദി സർ..


ശുഭാശംസകൾ...




Mohammed Kutty.N said...

ഓരോ വോട്ടറും ഒരു നിമിഷത്തെ 'രാജാവാകുന്ന'(അമൂല്യമാകുന്ന)വാഗ്ദാനങ്ങളുടെ 'പഞ്ചകൂദാശ'!!എല്ലാം കഴിയുമ്പോള്‍ വെറും തൃണപ്പരിഗണന പോലും ലഭിക്കാത്തവര്‍ ....കവിതയില്‍ എല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് - മനോഹരമായി,ഹൃദ്യമായി ....!

സൗഗന്ധികം said...

വളരെ നന്ദി സർ ഈ പ്രസക്തമായ അഭിപ്രായത്തിന്‌



ശുഭാശംസകൾ.....

SASIKUMAR said...

നഗരത്തിൽ ഒരു യക്ഷൻ !!

സൗഗന്ധികം said...

വളരെ നന്ദി സർ പ്രോത്സാഹനത്തിന്‌.


ശുഭാശംസകൾ....



Muralee Mukundan , ബിലാത്തിപട്ടണം said...

വിശുദ്ധവും, വിചിത്രവുമായ പിൻബലവുമായി,
നിങ്ങളിവിടെ പ്രബുദ്ധരായി നിലകൊള്ളുക..
വെറും, നിസ്സഹായപ്രബുദ്ധരായി..!

സൗഗന്ധികം said...

വന്നതിനും അഭിപ്രായങ്ങളെഴുതാൻ സമയം നീക്കിവച്ചതിനും അകൈതവമായ നന്ദി.....

ശുഭാശംസകൾ......