Monday, July 7, 2014

പറന്ന്...പറന്ന്...പറന്ന്...

തോരാതെ പെയ്യുമീ മഴയിലിടറിയെൻ നെഞ്ചിലെ പാട്ടുകൾ;
ഒട്ടു നനഞ്ഞ്‌, താളം മറന്നെൻ കുഞ്ഞു ചിറകുകൾ;
കനിവിന്റെ പൂമരക്കൊമ്പിലൊന്നിളവേറ്റ്‌, 
മെല്ലെയീ ചിറകുകൾ നീർത്തി ഞാനുയരവെ,
തളിരുകളുലഞ്ഞ്‌, നിൻ മനതാരിൽ വീണതിൽ,
മഴനീരിനൊപ്പമെൻ മിഴിനീരുമുണ്ട്‌ !!

എന്തിനു കണ്ണീരുതിർക്കുന്നതെന്നോ ?
 ഈ നൊമ്പരത്തിരകൾക്കു ശമനതാളം, 
നിന്റെ ഹൃത്തടത്തിലൂടൊഴുകിപ്പരക്കുമ്പോൾ മാത്രം !
ഇനിയെത്ര വർഷകാലം കുളിർ പെയ്താലും,
എൻ മിഴിനീർച്ചൂട്‌ നിന്നോർമ്മയിൽ പടർന്നിടും !
ഇനിയേതു ഗാനത്തിന്നല നിന്നെ പുല്‌കിലും,
ഈ ബാഷ്പധാര തൻ ശ്രുതിയതിൽ ചേർന്നിടും !


എന്തിനു പറന്നകലുന്നതെന്നോ ?
ജന്മങ്ങൾക്കപ്പുറത്താണെൻ നിത്യമാം നീഡം
നിന്നാത്മാവ്‌ തന്നെയതിനായൊരുങ്ങും ശിഖരി,യതും സത്യം !!
ഇനിയെത്ര ജന്മദൂരം പറന്നാകിലും,
ഒടുവിലാ  മോഹനതീരത്തിലെത്തിടും !
ഇനിയെത്ര സ്വപ്നങ്ങൾ കൂട്ടിവച്ചാകിലും,
നിൻ സ്നേഹച്ചില്ലയിൽ കൂടൊന്നൊരുക്കിടും !


എങ്ങനെ തളരാതെ പോയിടുമെന്നോ ? 
പ്രണയമേ... നിൻ മഞ്ജുസ്മേരത്തിൻ വർണ്ണമേളം
എനിക്കായ്‌ പകർത്തുന്നിതാ ചുറ്റിനും ചക്രവാളം !! 
എവിടെ നിന്നാകിലും നിൻ മുഖം കാണുവാൻ
അത്രമേലുയരത്തിലേറി ഞാൻ പാറിടും  !
തളരുമ്പോൾ നിൻ മുഖം തന്നെ  ഞാൻ തേടിടും;
സൗവർണ്ണസീമയിൽ സ്നേഹോദയമാകും നീ !
 

എന്തിത്ര മേൽ ഹൃദയത്തോട്‌ ചേർത്തതെന്നോ  ?
നിൻ ഹൃദയശംഖിലെ പ്രണയിതമന്ത്രണം,
എന്നാത്മജലധിയിൽ അനശ്വര,മതിൻ തിരയിളക്കം !!
എത്ര വിദൂരമാമാം തീരത്തിലെങ്കിലും,
എൻ തിരക്കൈകൾ നിൻ കാല്‌പാടു തേടിടും !
എത്രയഗാധം നിൻ നിദ്രയെന്നാകിലും,
നിൻ കിനാത്തോണിയീ സാഗരം പൂകിടും  !

എത്രയനന്തമീയാകാശവീഥികൾ..
മൗനത്തിൻ തേനൊഴുകുമീയിടനാഴികൾ !

ഇപ്പോഴും, ഒരു പിൻ നോട്ടത്തിനറ്റത്ത്‌ തന്നെയുണ്ട്‌ ;
ജന്മങ്ങൾക്കപ്പുറത്തേക്കെനിക്കു ശുഭയാത്ര നേർന്ന്,
അങ്ങു ദൂരെ, തിരിമുറിയാത്ത മഴയിലും,
മായാത്ത പ്രണയവസന്തമായ്‌ പൂത്തുലഞ്ഞ്‌  നീ..!!

19 comments:

ajith said...

പ്രണയവസന്തകവിതേ! നിന്നെയിഷ്ടപ്പെട്ടുപോയി!!

ബൈജു മണിയങ്കാല said...

എത്ര വിദൂരമാമാം തീരത്തിലെങ്കിലും,
എൻ തിരക്കൈകൾ നിൻ കാല്‌പാടു തേടിടും എത്ര മനോഹരം ഓരോ വരികളും

ശ്രീ said...

മായാത്ത പ്രണയ വസന്തം!

നല്ല വരികള്‍!

Anilkumar Parameswaran said...

ഒരു പിന്‍നോട്ടത്തിനറ്റത്ത് പ്രണയവസന്തം പൂത്തുലഞ്ഞ ദൃശ്യഭംഗി വല്ലാതെ ഇഷ്ടപ്പെടുന്നു.... നന്ദി... വരികളിലൂടെ കവര്‍ന്നെടുക്കുന്ന ഇഷ്ടങ്ങള്‍ക്ക്...

Unknown said...

ഈ പ്രണയ തിരകളിൽ നനഞ്ഞു കുളിച്ചു.. മനോഹരമായി..

Mohammed Kutty.N said...

ഈ 'സൗഗന്ധികാരാമ'ത്തില്‍ വിടരും കാവ്യസൂനങ്ങള്‍ ഒന്നിനൊന്നു മെച്ചം!ഏതിനാണ് കൂടുതല്‍ സൗരഭം,കൂടുതല്‍ സൗന്ദര്യം അനന്യ വിഭിന്ന സര്‍ഗ്ഗ സൗഭാഗ്യം?അറിയില്ലെനിക്കറിയില്ലയെന്ന സത്യം ഈ വിശുദ്ധ നാളുകളില്‍ പറയുമ്പോള്‍ അവിശ്വസിക്കെണ്ടാതില്ല....അഭിനന്ദനങ്ങള്‍ കവേ.
___________എന്തിനു പറന്നകലുന്നതെന്നോ ?
ജന്മങ്ങൾക്കപ്പുറത്താണെൻ നിത്യമാം നീഡം...
________എങ്ങനെ തളരാതെ പോയിടുമെന്നോ ?
പ്രണയമേ... നിൻ മഞ്ജുസ്മേരത്തിൻ വർണ്ണമേളം
എനിക്കായ്‌ പകർത്തുന്നിതാ ചുറ്റിനും ചക്രവാളം !!
________ഇപ്പോഴും, ഒരു പിൻ നോട്ടത്തിനറ്റത്ത്‌ തന്നെയുണ്ട്‌ ;
ജന്മങ്ങൾക്കപ്പുറത്തേക്കെനിക്കു ശുഭയാത്ര നേർന്ന്,
അങ്ങു ദൂരെ, തിരിമുറിയാത്ത മഴയിലും,
മായാത്ത പ്രണയവസന്തമായ്‌ പൂത്തുലഞ്ഞ്‌ നീ..!!
_____________വളരെ സന്തോഷവും അസൂയയും തോന്നുന്നു.
ഒന്നു കൂടി പറയട്ടെ മോഡേണ്‍ കാവ്യ രീതികള്‍ ഇവിടെ വെളിപ്പെടാറില്ല.വേണ്ടെന്നു വച്ചാണോ ?

SASIKUMAR said...

പറന്നു പറന്നു ജന്മത്തിനപ്പുറത്തേക്ക് പോകുമ്പോഴും പിൻ‌വിളിക്കായ് കാതോർക്കുന്നല്ലേ !

Bipin said...

good

AnuRaj.Ks said...

നന്നായിട്ടുണ്ട്...മേമ്പൊടിയായി അനുയോജ്യമായ ഒരു ചിത്രവും ചേര്‍ക്കുന്നത് നല്ലതാണ്...

കുട്ടനാടന്‍ കാറ്റ് said...

ചേർത്തടച്ച ജാലകത്തിനപ്പുറം
കാറ്റിൽ മെല്ലെ ഉലയുന്ന പൂമരം
ചിറകുനനഞ്ഞൊരു കിളി
വിറച്ച് വിറച്ച് ആ ചില്ലയിൽ

സുന്ദരമീ സൗഗന്ധികപ്പൂവ്

മിനി പി സി said...

പ്രണയ സുഗന്ധം വഴിഞൊഴുകുന്ന വരികള്‍.

Jayant said...

aaraanee saugandhikaaraamaththin paalaka(n)?? pushpaavaranam neekki onnivitam varumo?

സൗഗന്ധികം said...

അജിത്‌ സർ, ബൈജു ഭായ്‌, ശ്രീ, അനിൽ കുമാർ സർ, ഗിരീഷ്‌ ഭായ്‌, മുഹമ്മദ്‌ കുട്ടി സർ, ശശികുമാർ സർ, ബിപിൻ സർ, അനുരാജ്‌, റിനു ഭായ്‌, ശ്രീമതി. മിനി, ജയന്ത്‌,


എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദിയും, സ്നേഹവും.


ശുഭാശംസകൾ....








Asha Chandran said...

സൌഗന്ധികപ്പൂക്കള്‍ പൂത്തുലയുന്ന സൌരഭ്യം നിറഞ്ഞ ആരാമം..

സൗഗന്ധികം said...

ഹൃദയം നിറഞ്ഞ നന്ദി.. ഈ നല്ല വാക്കുകൾക്ക്‌.

ശുഭാശംസകൾ.....









Muralee Mukundan , ബിലാത്തിപട്ടണം said...

പ്രണയ സുരഭിലം....!

സൗഗന്ധികം said...

നിസ്സീമമായ നന്ദി... നല്ല വാക്കുകൾക്ക്‌

ശുഭാശംസകൾ......

College board said...

മഴ അതോരനുഗ്രഹമാണ്

Unknown said...

thoraate peyyatte