Thursday, February 21, 2013

കാവ്യ ദേവതേ......



സൗവർണ്ണ സങ്കല്പ ലോകത്തു നിന്നൊരു
കനവിന്റെ ചന്ദനത്തേരിലേറി
ഒരു കുഞ്ഞുപൂവിന്റെ ചാരുതചൂടിയെൻ
മനസ്സിൽ നീ കവിതയായ് പൂത്തിറങ്ങൂ..

പൊന്നിൻ ചിലങ്കയണിഞ്ഞടിവച്ചെന്റെ
ഹൃദയ സോപാനത്തിലണയുമോ നീ..?
പദമലരിണകളാൽ ചുംബിച്ചു,തരളമെൻ
മനസ്സിന്നു നിൻ നൃത്തവേദിയാക്കൂ..

നിൻ മഞ്ജുവാണിയുഷസ്സിന്റെ മാനസ-
ശംഖിൽ നിന്നുയരുന്ന ഗായത്രിയോ..?
ഹൃദയപഥങ്ങളിൽ ദ്യുതിയാർന്നി-
ട്ടപരന്നും ജ്ഞേയമായ്ത്തീരുന്ന വൈഖരിയോ..?.!!

നിൻ മുഗ്ധഹാസപ്രകാശം കൊതിച്ചു
ഞാനുലയുന്നു താന്തമാം തിരിനാളമായ്
അനവദ്യമപ്രമേയം നിന്റെ പ്രേമത്തി-
ന്നൊരു തുള്ളിക്കായ്ക്കേഴും വേഴാമ്പലായ്

മന്ത്രാക്ഷരങ്ങളലിഞ്ഞ യാഗാഗ്നിയിൽ
സുകൃതം കൊതിയ്ക്കും ഹവിസ്സെന്ന പോൽ
മൂഢനാമെന്നാത്മ ഭാവനാശകലങ്ങ-
ളെരിയട്ടെ നിൻ പ്രണയനാളങ്ങളിൽ

മന്വന്തരങ്ങളിൽ നിർവൃതി പൂത്തൊരാ-
ക്കതിർമുഖമെൻ നേർക്കു നീട്ടിയെങ്കിൽ
നിൻ മന്ദഹാസമരന്ദപ്രവാഹിനി
ഒഴുകിവന്നണയുന്നൊരാഴിയീ ഞാൻ..!!

Monday, February 4, 2013

ഇന്നെന്തിന്നിതിങ്ങനെ..!!..??



കൊച്ചുവെളുപ്പിനു കൈതത്തഴപ്പായിൽ
കോച്ചിവിറച്ചു കിടക്കുന്ന നേരത്ത്
മൂടിപ്പുതയ്ക്കും കരിമ്പടക്കീറിലൂ-
ടങ്ങൊരു ചോദ്യമെറിഞ്ഞു ദിനകരൻ

എന്തിത് ..? നിങ്ങളിന്നെന്തിന്നിതിങ്ങനെ..!!.??

ചാടിപ്പിടഞ്ഞൊരു കോട്ടുവായങ്ങിട്ടു
മൂരി നിവർത്തി, കസർത്തൊന്നു കാട്ടുവാൻ
ചുറ്റാൻ മറന്നൊരു ചേല കിടപ്പത്
കണ്ടു കുഞ്ഞണ്ണാറക്കണ്ണനും കൂവിപ്പോയ്...!!!

എന്തിത്...? നിങ്ങളിന്നെന്തിന്നിതിങ്ങനെ..!!.??

ധാവന രാസക്കുഴമ്പുമായ് ഝടിതിയിൽ
ദന്തം  വെളുപ്പിക്കാനായിത്തുടങ്ങവെ
ജാലകപ്പഴുതിലൂടെന്നെക്കളിയാക്കി
മുറ്റത്തെ തേന്മാവിന്നിലകളോതീടുന്നു

എന്തിത്...? നിങ്ങളിന്നെന്തിന്നിതിങ്ങനെ..!!.??

ഉന്മേഷച്ചായ കുടിക്കുവാനാശിച്ചു
പാല്പ്പൊടിയരുമയായ് ചാലിച്ചു കിണ്ണത്തിൽ
വടക്കേപ്പറമ്പിലിളം പുല്ലുതിന്നുന്ന
നന്ദിനിപ്പയ്യൊന്നിരുത്തി മൂളീ ക്ഷണം

എന്തിത്...? നിങ്ങളിന്നെന്തിന്നിതിങ്ങനെ..!!.??

ലക്ഷങ്ങൾ. കോടികൾ കാംക്ഷിച്ചു ഞാനിവൻ
ഭാഗ്യക്കുറി ഫലം വീക്ഷിച്ചു നില്ക്കവെ
ഒറ്റയ്ക്കു കൂറ്റനാം തീറ്റയുമായ്പ്പോകും
കുഞ്ഞനാം ചോണനുറുമ്പൊന്നുരമ്പുന്നു

എന്തിത്...? നിങ്ങളിന്നെന്തിന്നിതിങ്ങനെ..!!.??

കീർത്തികളേറെപ്പരത്തിയ നാട്ടിലെ
പുത്തനാം വാർത്തയറിഞ്ഞു കുളിർക്കുവാൻ
പത്രമെടുത്തൊന്നു നോക്കിയ നേരത്ത്
പഹയനീ ഞാനുമിഹ ചോദിപ്പൂ കൂട്ടരേ..

എന്തിത്...? നമ്മളിന്നെന്തിന്നിതിങ്ങനെ...!!!..?? 

Saturday, January 19, 2013

ദൈവ സ്നേഹം


വെറുതേ വിമൂക തമസ്സിൽ
ഒഴുകും പുഴ പോലെ കേഴും മനസ്സേ..
മതിയിനി പരിഭവ രാഗം
കേൾക്കൂ അനുപമ സ്വർഗ്ഗീയഗീതം
അഴലിൻ തിരശ്ശീല നീക്കി
ചുറ്റും വിടരുന്ന പൂക്കളെ നോക്കൂ
സ്നേഹം തളിച്ചതിൽ തേനായ്
മധുരം നിറയ്ക്കൊന്നൊരീശനെക്കാണൂ
ഇരുളല്ല, മിഴികളിൽ വെളിച്ചമായ് കാഴ്ച തൻ
വരമതിനവനേകിയില്ലേ ?
ഇനിയുമീക്കണ്ണീർക്കണങ്ങൾ
എന്തിനുതിരുന്നതീക്കവിൾത്തട്ടിൽ ?
വിടർന്നിടും ചിരിമുകുളങ്ങൾ
ദൈവ സ്പർശത്താൽ  വാഴ്വിതിലെന്നും
മിഴിനീർ തുടച്ചൊട്ടു നേരം
പാടും കിളികൾ തൻ ഗാനം ശ്രവിക്കൂ
ആകാശ മിഴിനീരിൽ പ്പോലും
നിറമേഴുമിണക്കുന്നൊരീശനെ വാഴ്ത്തൂ
തളരേണ്ട, വഴികളിൽ തണലായ്, സ്നേഹത്തിൻ
കാറ്റായ് അവൻ കൂടെയെത്തും
ഇനിയുമീ നൊമ്പര മഴയിൽ
എന്തേ, നനയുന്നു മാനസമേ നീ ?
പൊഴിഞ്ഞിടും മധുമഴയായി
സ്വർഗ്ഗീയ സാന്ത്വനം ജീവനിലെന്നും...

Thursday, January 10, 2013

തിരുവാതിരക്കുളിര്‌



വന്നണഞ്ഞു ധനുമാസം
മഞ്ഞുതിരുമാതിരയും
മങ്കമാർ തുടിച്ചിറങ്ങി
പൂങ്കുളത്തിൽ പൊന്നുരുകി


നോമ്പു നോറ്റു ദേവീ നീയും
തോഴിമാരുമൊത്തു ചേർന്നു
നീർമണിത്തുകിൽ തഴുകും
ശില്പമായ് നീരാടിയെത്തി


എൻ മനോമാകന്ദം പുല്കും
മുല്ലയായ് തളിർക്കും നിന്റെ
ചാരു മന്ദഹാസം കണ്ടു
നമ്രശീർഷം കൈരവങ്ങൾ


ഈറനോടെ കൈകൾ കൂപ്പി
ദേവനെ നീ തൊഴുതിടുമ്പോൾ
ആറാടി നില്ക്കും വിഗ്രഹമോ?
മാനസം കുഴങ്ങീടുന്നൂ...!


ഇന്നു രാവിൽ പൂനിലാവിൽ
വന്നിടും നീയങ്കണത്തിൽ
നിലവിളക്കിൻ പൊൻ പ്രഭയിൽ
കൈകൾ കൊട്ടി പാടിയാടാൻ


വന്നു നീയോ പാർവ്വതിയായ്
ആടിടുന്നൂഞ്ഞാലു തന്നിൽ
ഗൂഢമായനുരാഗ കാവ്യം
പൂമിഴിയാലെഴുതി ചെമ്മേ


ജീവിതം പൂത്താലമേന്തും
സ്നേഹഗന്ധം വാർന്നൊഴുകും
ദേവി നീ മുടിയിലിന്നു ചൂടും
പാതിരാപ്പൂവിന്റെ പുണ്യം!!

Tuesday, January 1, 2013

നിനക്കായ് ഞാനും....



കേൾക്കുവാനിനി നീ വരില്ലെങ്കിലും
മരണത്തിൻ മരവിച്ച താഴ്വര തേടി
പറന്നു മറഞ്ഞങ്ങു പോയെങ്കിലും
നിൻ മരണകുടീരത്തിനരികത്തിരുന്നൊന്നു
പാടട്ടെ ഞാനെന്റെ പാട്ടു കൂടി
ഒരു കണം...........
വിലയില്ലെങ്കിലുമെന്റെ മിഴിനീർക്കണം
പൊഴിയ്ക്കട്ടെ ഞാനുമിന്നീ മണലിൽ
നീ വാർത്ത കണ്ണീർക്കടലിന്റെ തീരത്ത്
പകരമാകാത്തൊരു മഞ്ഞിൻ കണം...!
പറയാത്ത മറുമൊഴിയാണോ..?
നീയിനി വിടരാത്ത ചിരിമലരാണോ...?
ഒരു സ്വരം............
ശ്രുതിഹീനമെങ്കിലുമെൻ പാട്ടിൻ സ്വരം
മീട്ടട്ടെ ഞാനിന്നീ തന്ത്രികളിൽ
ഒരു തുള്ളി കനിവിനായ് നീയാർത്തു കരഞ്ഞപ്പോൾ
അഭയമേകാത്തൊരെൻ കൈവിരലാൽ...!
തെളിയാത്ത മണിവിളക്കാണോ....?
നീയിനിയുണരാത്ത നിദ്രയിലാണോ...?

Friday, December 21, 2012

ജഗദീശ്വരനോട്...



വിശ്വമാനസമായ് വിളങ്ങു-
മനശ്വര പ്രേമ ധാമമേ...
കാണ്മതില്ലതിഗൂഢമെങ്കിലും
ഉണ്മ തന്നെ നീ നിത്യതേ..!!
വിളങ്ങിയാദിയിൽ സീമയറ്റു
തിളങ്ങി നിൻ മഹസ്സെങ്ങുമായ്
ആദിയന്തങ്ങൾ തീണ്ടിടാത്തൊരു
മായയായ്, മഹാമൗനമായ്
സർഗ്ഗചാതുരിയാർന്നു നിൻ ശ്വാസം
നിർഗ്ഗളിച്ചൊരു നാദമായ്
പാകമാം തവ വൈഭവത്തിങ്കൽ
രൂപമായതു സൃഷ്ടിയായ്..!!
കല്ലിലും കുഞ്ഞു പൂവിലും പിന്നെ
മെല്ലെ വീശുന്ന കാറ്റിലും
വീതിയായ് നഭഃസ്ഥലത്തിലും
നീതിയായ് നിയമത്തിലും
രമ്യമായ്ത്തന്നെ പൂത്തുനില്ക്കുന്നു
നമ്യമാം തവ മാനസം
കുമ്പിടുന്നു പദാംബുജം
അനുകമ്പ തേടുന്നു ഞാൻ ചിരം
ദീതിയേകിത്തെളിഞ്ഞു നില്ക്കണം
ദീപമായ് ജീവിതത്തിലും
ധർമമ ശോഷണം നീക്കിയെന്നെന്നും
കർമ്മവീഥിയിൽ കാക്കണം....

വിശ്വമാനസമായ് വിളങ്ങു-
മനശ്വര പ്രേമ ധാമമേ...
കാണ്മതില്ലതിഗൂഢമെങ്കിലും
ഉണ്മ തന്നെ നീ നിത്യതേ..!!

Thursday, December 13, 2012

ഭഗ്നസ്വപ്നങ്ങൾ





മറയുമൊരോർമ്മയായ് നിൻ വഴിയിൽ
ഇളമൊരു കാറ്റിൽ കൊഴിഞ്ഞ പൂക്കൾ തൻ
ഹൃദയ വാത്മീകത്തിലലയിടു-
മൊരു മുഗ്ധ സങ്കല്പസാരമതാരറിഞ്ഞു?
ഒരു രാഗ തപസ്സിൻ വരമായ്, പരാഗമായ്
നിറം മങ്ങി, യൊരു വാസന്തത്തിനനുബന്ധ ശോഭിത-
ബിന്ദുവായ് മാത്രം വിടർന്നുവതെങ്കിലും
എൻ ഹൃദയമരുഭൂവിന്നൂഷരസ്ഥലികളിൽ
സ്വപ്നങ്ങൾ വാടിയ മൂക തടങ്ങളിൽ
ഒരിയ്ക്കൽ നിൻ പ്രണയവർഷത്തിന്റെയാർദ്ര വിരൽത്തുമ്പി-
ലുയിരിട്ട വസന്തത്തിനഴകതെന്നറിക നീ
ചടുലമാം കാലവേഗത്തിലും നിമിഷങ്ങ-
ളിടറുന്ന വിധുരദിനങ്ങൾക്കറുതിയിൽ
നമ്രമാം നിൻ കാർമുഖം പെയ്തൊഴിഞ്ഞതിൻ
നൊമ്പരപ്പുഴയിലാപ്പൂക്കാലം മാഞ്ഞുപോയ്..
പിന്നെയുമീ വഴിയോരത്തീ വാകയില-
തിൻ പുനർജ്ജനിമന്ത്രം വിതുമ്പി നിന്നു
ഒടുവിൽ നിൻ സീമന്ത സൂര്യാഗ്നിയിൽ വെന്തി-
ട്ടൊരു പാഴ്ക്കിനാവായതു മണ്ണിൽ വീണു
അവിടെയന്നമ്മതൻ മാറില്ക്കിടന്നു ഞാൻ
നേരുന്നിതാ കോടിയാശംസകൾ
മിഴിയകന്നെന്നാലുമകലാത്തൊരാത്മീയ-
പ്രണയത്തിന്നാർദ്രത പുല്കിയെന്നും
വാടാതെയുഴറാതെ നില്ക്കുമാപ്പൂക്കളെൻ
ഭഗ്നസ്വപ്നങ്ങൾതൻ ചിതയ്ക്കരികിൽ......!