Wednesday, December 11, 2013

എന്റെ പ്രഭാതം

നിത്യമെൻ മാനസത്താഴ്‌വരകളിൽ
കുഞ്ഞുകനവുകളുറങ്ങിടും ശാദ്വലഭൂമിയിൽ
നവചാരുഹാസമണിഞ്ഞെത്തും പ്രഭാമയി,
പുലരീ, നീ നഭസ്സിന്നനുപമ മുഖശ്രീ!

വാടിയുറങ്ങുമെൻ സ്വപ്നമുകുളങ്ങളെ
തൊട്ടുണർത്തീ നിൻ തുഷാരാർദ്രവിരലുകൾ 
നീ പകർന്നെത്രയോ ശുഭദമാം ചുംബനം
ഇളവെയിലിൻ നീരാള സുഖദപരിരംഭണം

നീ തന്നെ,യാദിമ ജ്ഞാനാങ്കുരങ്ങളെ,
കനിവോടുണർത്തിയ സത്യപ്രകാശനം
നീ തന്നെയാദ്യമെൻ ഭാവനാവാടികയി-
ലൊരു പൂ വിടർത്തിയ പ്രേമപ്രദീപ്തിയും.

നോവിൻ ഹിമക്കാറ്റലറിയുഴറീടുന്നൊ-
രേകാന്ത ശീതഭൂഖണ്ഡമാം മാനസം
വർണ്ണം വിതാനിച്ചണഞ്ഞ നിൻ കാന്തിയാൽ
മെല്ലേ, പ്രശാന്തി തൻ കേദാരമയിതാ!

കാലഭാവാന്തര സ്പർശമേല്‌ക്കാത്തൊരു
നിത്യതാരുണ്യമേ, നീയെഴുന്നള്ളവെ,
കിളികുലമതുപചാരമോതീ,
താരണിക്കൈകളിൽ മാധവം മകരന്ദമേന്തീ

അരുണാംശു ചൂടി വരവായ മുഗ്ദ്ധാംഗി നിൻ
പരിമൃദുഹാസ പ്രശോഭയിൽ മുങ്ങിയോ
സുരലോകവീഥിയിൽ നീളേ പതിച്ചതാം
അളവറ്റ നക്ഷത്രരത്നത്തിളക്കവും ?!

ഇളവെയിൽക്കസവൊളി ചിന്നുന്ന പൂവാട
നല്‌കി നീ, ഭൂമിയൊരുങ്ങീ നവാംഗിയായ്
നിൻ മുത്തമേറ്റൊത്ത മുത്ത് പോൽ വാനവും
മഞ്ഞിന്റെ മുത്തണിക്കുഞ്ഞുപുൽനാമ്പിലായ്!

അരിയ നിൻ പുഞ്ചിരിച്ചേലിനാ,ലഞ്ചിത-
മാക്കുകയെന്നുമെന്നാത്മ നികുഞ്ജവും
അലറിടും നിർവ്വേദസാഗരത്തിരകളാ-
ലസ്പർശമാവട്ടെ, മമ വാസരങ്ങളും..