Tuesday, May 20, 2014

നക്ഷത്രങ്ങളേ കാവൽ...

നഗരപ്രാന്തത്തിലെ ഈ കടൽത്തീരം
ഇന്നുമേറെ ജനനിബിഡമാണ്‌.

മുഖ്യധാരാ നുണകളുടെ,
മൂശാനിർമ്മിത ബാല്യങ്ങളുടെ,

പൊങ്ങച്ചങ്ങളുടെ,
പ്രകടനപരതകളുടെ,
ചലം വാർന്നൊലിക്കുന്ന രാഷ്ട്രീയചർച്ചകളുടെ,
എനിക്കെന്റെ കാര്യം, നിനക്കു നിൻ കാര്യ-
മെന്ന പതിവറ്റങ്ങൾ  തേടുന്ന,
സോ കാൾഡ്‌ പ്രണയങ്ങളുടെ,
പൊട്ടിച്ചിരികളുടെ,
പരിഭവങ്ങളുടെയൊക്കെ, വികൃതശബ്ദങ്ങളാൽ മുഖരിതവുമാണ്‌..

ഇവിടേക്കുള്ള പ്രധാനവീഥികളെന്ന പോൽ,
നിന്റെ തെരുവും, ഈ തീരത്തേക്കവസാനിക്കുന്നുണ്ട്‌.
പക്ഷേ, എത്രയോ വിവർണ്ണമായ്‌..

അതിലേറെ നിശ്ശബ്ദമായ്‌...

ജീവിതഘോഷങ്ങളുടെ ആരവങ്ങൾക്കിടയിലൂടെ,
തുമ്പിയും  പൂക്കളുമുള്ള,
നിറം മങ്ങിയ കുഞ്ഞു പാവാട മാത്രമുടുത്ത്‌,
പച്ചക്കുപ്പിവളകളിട്ട പിഞ്ചുകൈകൾ നീട്ടി

പിച്ച തെണ്ടി നീങ്ങുമ്പോൾ
പൂഴിയിൽപ്പുതയുന്ന  കുഞ്ഞു പാദങ്ങളാൽ
ഹേ ബാലികേ...നീ അളന്നു തള്ളുന്നത്‌
നിനക്കു മുന്നിൽ വന്നു പെടുന്ന കപടസ്വർഗ്ഗങ്ങളെയാണ്‌ !
അഹന്തയുടെ പാതാളഗർത്തങ്ങളെയാണ്‌ !!
ദുരഭിമാനത്തിന്റെ ഭൗമവിശാലതകളെയാണ്‌ !!!

പൊടിയു, മഴുക്കും മൂടിയ നിന്റെ കുഞ്ഞുമുഖത്ത്‌,
സമുദ്രത്തിന്റെ ശാന്തതയുണ്ട്‌.
ഞാൻ നീട്ടിയ നാണയത്തുട്ടുകൾക്കു പകരം
നീയേകിയ ഓമനപ്പുഞ്ചിരിക്ക്‌,
ബോധിവൃക്ഷച്ചുവടേകും തണുപ്പുമുണ്ട്‌. !!!

രാവേറെച്ചെന്നിരിക്കുന്നു.
തീരത്ത്‌ ആരവമൊടുങ്ങി.
നീയെവിടെയാണിപ്പോൾ ?
ആ പിച്ചക്കാശിനാൽ നീ വിശപ്പടക്കിയിരുന്നോ ?
അതോ, പരുത്തതാമൊരു കരപ്രഹരമേറ്റ്‌,
ആ തെരുവിന്റെ ഇരുട്ടറകളിലെവിടേയോ
നീ വിശന്നു തളർന്നുറങ്ങുകയാണോ  ??!!
 

ഈ വിജനതയിൽ,
ആർത്തുവീശുമീ കടൽക്കാറ്റിലു, മാവിപ്പെടാതെ,
എന്റെ മിഴികളിൽ  വിങ്ങുന്നുണ്ട്‌;
അർത്ഥശൂന്യവും, വിലകെട്ടതുമായ രണ്ടു തുള്ളിക്കണ്ണീർ...!!!  

അനന്തമാ,മാകാശമൊന്നു പോൽ പകുത്ത്‌,
പൂത്തുലയും വെൺനക്ഷത്രങ്ങളേ...
ഇരുൾക്കൂട്ടിൽ വാടിയുറങ്ങുമാക്കുഞ്ഞുപൂവിന്‌
നിങ്ങളേ കാവൽ...!!!