Thursday, February 21, 2013

കാവ്യ ദേവതേ......



സൗവർണ്ണ സങ്കല്പ ലോകത്തു നിന്നൊരു
കനവിന്റെ ചന്ദനത്തേരിലേറി
ഒരു കുഞ്ഞുപൂവിന്റെ ചാരുതചൂടിയെൻ
മനസ്സിൽ നീ കവിതയായ് പൂത്തിറങ്ങൂ..

പൊന്നിൻ ചിലങ്കയണിഞ്ഞടിവച്ചെന്റെ
ഹൃദയ സോപാനത്തിലണയുമോ നീ..?
പദമലരിണകളാൽ ചുംബിച്ചു,തരളമെൻ
മനസ്സിന്നു നിൻ നൃത്തവേദിയാക്കൂ..

നിൻ മഞ്ജുവാണിയുഷസ്സിന്റെ മാനസ-
ശംഖിൽ നിന്നുയരുന്ന ഗായത്രിയോ..?
ഹൃദയപഥങ്ങളിൽ ദ്യുതിയാർന്നി-
ട്ടപരന്നും ജ്ഞേയമായ്ത്തീരുന്ന വൈഖരിയോ..?.!!

നിൻ മുഗ്ധഹാസപ്രകാശം കൊതിച്ചു
ഞാനുലയുന്നു താന്തമാം തിരിനാളമായ്
അനവദ്യമപ്രമേയം നിന്റെ പ്രേമത്തി-
ന്നൊരു തുള്ളിക്കായ്ക്കേഴും വേഴാമ്പലായ്

മന്ത്രാക്ഷരങ്ങളലിഞ്ഞ യാഗാഗ്നിയിൽ
സുകൃതം കൊതിയ്ക്കും ഹവിസ്സെന്ന പോൽ
മൂഢനാമെന്നാത്മ ഭാവനാശകലങ്ങ-
ളെരിയട്ടെ നിൻ പ്രണയനാളങ്ങളിൽ

മന്വന്തരങ്ങളിൽ നിർവൃതി പൂത്തൊരാ-
ക്കതിർമുഖമെൻ നേർക്കു നീട്ടിയെങ്കിൽ
നിൻ മന്ദഹാസമരന്ദപ്രവാഹിനി
ഒഴുകിവന്നണയുന്നൊരാഴിയീ ഞാൻ..!!

49 comments:

സൗഗന്ധികം said...

''പ്രൗഢമാം നിൻ രാജവീഥിയ്ക്കരികിലെ
പതിതമാം പൂക്കളെക്കാണാതെ പോകയോ''..?

AnuRaj.Ks said...

കനക ചിലങ്ക കിലുക്കി നൃത്തമാടട്ടെ കാവ്യ ദേവത .......... ആശംസകള്‍

ആൾരൂപൻ said...

ആശിച്ചതുപോലെ കാവ്യദേവത മനസ്സിൽ കവിതയായ് പൂത്തിറങ്ങി എന്നു തന്നെ ഞാൻ കരുതുന്നു.

അറിവും കഴിവും വിളിച്ചോതുന്ന വരികൾ!!!!

സൗഗന്ധികം said...

പ്രിയപ്പെട്ട അനു,

ഒരുപാട് നന്ദി..വരവിനും,നല്ല വാക്കുകൾക്കും..

ശുഭാശംസകൾ....

പ്രിയപ്പെട്ട ആൾരൂപൻ,

അക്ഷരവീഥിയിൽ മഹരഥന്മാർ നടന്ന വഴിയരികിൽ,ഒരന്തവുമില്ലാതെ,സ്ഥലകാലവിഭ്രമത്തോടെ പകച്ചുനിൽക്കുന്ന ഒരു തൃണസമാനനാണ് ഞാൻ.എന്റെ പരിമിതികളുടെ ആഴവും,പരപ്പും ഞാൻ നന്നായി അറിയുന്നു.എന്തെങ്കിലും,ഒരു കടുകു മണിയോളമെങ്കിലും 'കാര്യം', എന്റെ എഴുത്തിൽ അങ്ങയേപ്പോലുള്ളവർ കാണുന്നുവെങ്കിൽ, അത് സർവ്വേശ്വരന്റേയും,ഗുരുനാഥന്മാരുടേയും,എന്റെ മാതാപിതാക്കളുടേയും അനുഗ്രഹമായി ഈ എളിയവൻ കരുതുന്നു.അങ്ങയുടെ ഈ പ്രോത്സാഹനത്തിന് ഒരായിരം നന്ദി..

ശുഭാശംസകൾ.....

ആൾരൂപൻ said...

ഒന്നു രണ്ടു ചോദ്യങ്ങൾ ചോദിച്ചോട്ടെ.

'പ്രൗഢമാം നിൻ രാജവീഥിയ്ക്കരികിലെ
പതിതമാം പൂക്കളെക്കാണാതെ പോകയോ''..എന്ന കമന്റിന്റെ പ്രസക്തി മനസ്സിലായില്ല.

"പദമലരിണകളാൽ ചുംബിച്ചു " .... മനസ്സിലായില്ല; ചുണ്ടുകൊണ്ടല്ലേ ചുംബിക്കുന്നത്?

"പദമലരിണകളാൽ അടി വച്ചു,തരളമെൻ മനസ്സിന്നു നിൻ നൃത്തവേദിയാക്കൂ" എന്നു മതിയായിരുന്നു.

"പ്രകാശം കൊതിച്ച് തിരിനാളമായ് ഉലയുന്നു" എന്നെഴുതിയതിന്റെ യുക്തി പിടി കിട്ടുന്നില്ല.
"അനവദ്യമപ്രമേയം നിന്റെ പ്രേമത്തിന്നൊരു തുള്ളിക്കായ്ക്കേഴും വേഴാമ്പലായ്" എന്ന വരികൾ മുന്നിലുള്ള വരികളുമായി ചേരുന്നുമില്ല.

പ്രണയനാളങ്ങൾ - കേൾക്കാനൊരു സുഖം പോരാ....

"കതിർമുഖമെൻ നേർക്കു നീട്ടാതെ എങ്ങനെയാണ് നിൻ മന്ദഹാസമരന്ദപ്രവാഹിനി ഒഴുകിവന്നണയുന്നൊരാഴിയീ ഞാൻ" എന്ന് കുറിക്കുന്നത്?

മെച്ചപ്പെടാനും മെച്ചപ്പെടുത്താനും ധാരാളം വകയുണ്ട്.

സൗഗന്ധികം said...

പ്രിയപ്പെട്ട ആൾരൂപൻ,

1)കാവ്യദേവതയോടുള്ള യാചനയാണല്ലോ വരികളിൽ. ദേവതയാകയാൽ,അവളുടെ ആഗമനം പ്രൗഢമായിരിക്കുമെന്നും,കാവ്യലോകത്തെ കുലപതികളെ,അവരുടെ മഹത്തരങ്ങളായ രചനാ പുഷ്പങ്ങളെ, കടാക്ഷിച്ചുകൊണ്ടുള്ള വരവാകയാൽ,അതു രാജവീഥിയെന്നു തന്നെ വിവക്ഷിക്കപ്പെടണമെന്നും എനിക്കു തോന്നിപ്പോയി.അതിനിടയിൽ,പതിതമായ ഈയുള്ളവന്റെ അക്ഷരങ്ങളേക്കൂടിയൊന്നു നോക്കണേയെന്ന യാചനയാണത്.

2)കാവ്യദേവതയുടെ ചുണ്ടുകൾ കൊണ്ടുള്ള ചുംബനത്തിന് എന്റെ വരികൾക്ക് ഒരർഹതയുമുള്ളതായിത്തോന്നിയില്ല.
അതിനാലാണ്, ആ പാദങ്ങൾ കൊണ്ടെങ്കിലുമുള്ള ചുംബനം കൊതിച്ചുപോയത്.

3)തിരിനാളം, അത് താന്തമാണെന്ന്(കെടാറായത്/ശോഭയില്ലാത്തത്/ജീവനില്ലാത്തത്)പറഞ്ഞു പോയി.അതിനാലാണത് കൂടുതൽ പ്രകാശം കൊതിക്കുന്നത്.

4)ഇവിടെ ഞാനങ്ങയോട് നൂറ് ശതമാനവും യോജിക്കുന്നു.

5)യാഗാഗ്നിയോടാണ് കാവ്യദേവതയുടെ പ്രേമത്തെ,കാരുണ്യത്തെ ഉപമിച്ചത്.ഒരു സാധാരണ സ്ത്രീയുടെ പ്രണയം പോലെ അത്രയെളുപ്പത്തിൽ പ്രാപ്യമല്ല അതെന്നു തോന്നിപ്പോയി.സദയം പൊറുക്കുക.

6)കതിർമുഖമെൻനേർക്കു നീട്ടിയെങ്കിൽ... എന്നാണ് പറഞ്ഞത്. നീട്ടിയില്ലെങ്കിൽ ആഴി പോയിട്ട് ഒരു ചെളിക്കുണ്ട് പോലുമാകില്ലല്ലോ..?

ഈ വിലയേറിയ നിർദ്ദേശങ്ങൾ അങ്ങേയറ്റം ബഹുമാനത്തോടും,നന്ദിയോടും കൂടി ഞാൻ സ്വീകരിക്കുന്നു. ഇനിയുമതാഗ്രഹിച്ചുകൊണ്ട്....

ശുഭാശംസകൾ......




Dr Premakumaran Nair Malankot said...

നീ വരൂ കാവ്യദേവതേ
നീലയാമിനി തീരഭൂമിയില്‍
നീറുമെന്‍ ജീവനില്‍
കുളിരുമായി നീ വരൂ വരൂ വരൂ

എത്രയോ തവണ കേട്ട് ആസ്വദിച്ച ഈ ഗാനം മനസ്സിലേക്ക് ഓടിയെത്തി. കാവ്യദേവതയെക്കുറിച്ച് എത്ര എഴുതിയാലും, പാടിയാലും മതിയാവില്ല. ഈ ശ്രമത്തിനു അഭിനന്ദനങ്ങള്‍. ഭാവുകങ്ങള്‍.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com

സൗഗന്ധികം said...

പ്രിയപ്പെട്ട ഡോക്ടർ,

സ്നേഹത്തിന്റെ കുളിരുമായിയെത്തിയ അങ്ങേയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി...


ശുഭാശംസകൾ.....

ajith said...

മനോഹരകവിത

പദമലരുകളാല്‍ ചുംബനം എന്ന കല്പന വളരെ ഇഷ്ടമായി

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നൃത്തമാടട്ടെ കാവ്യ ദേവത .....

സൗഗന്ധികം said...

അജിത് സർ,

സ്നേഹത്തോടെ നന്ദി ചൊല്ലുന്നു....

ശുഭാശംസകൾ.....

പ്രിയപ്പെട്ട അമൃതം ഗമയ,

ഒരുപാട് നന്ദി..ഈ സ്നേഹത്തിന്...

ശുഭാശംസകൾ.....

SASIKUMAR said...

കൈവിടരുതീ മലയാളം. നമ്മുടെ ശ്രേഷ്ഠ ഭാഷ.

സൗഗന്ധികം said...

ഭാഗ്യമായിക്കരുതുന്നു, ഈ നൻമ്മ നിറഞ്ഞ വാക്കുകൾ... നന്ദി..വന്നതിനും രണ്ടു വാക്ക് കുറിച്ചതിനും.

ശുഭാശംസകൾ.....

ജെപി @ ചെറ്റപൊര said...

കവിതയേക്കാള്‍ എന്നെ വിസ്മയിപ്പിച്ചത് കമന്‍റുകളാണ് എത്ര മനോഹരമായ വിശദീകരണങ്ങള്‍.....,..... പദസമ്പത്തിനാല്‍ അനുഗ്രഹതീതനനുമാണ്...........

സൗഗന്ധികം said...

പ്രിയപ്പെട്ട കുട്ടൻ,

ഒരുപാട് നന്ദി...വന്നതിനും,അഭിപ്രായം രേഖപ്പെടുത്തിയതിനും.

ശുഭാശംസകൾ.... 

സലീം കുലുക്കല്ലുര്‍ said...

നന്നായി സൌഗന്ധിഗം ...!

സലീം കുലുക്കല്ലുര്‍ said...

നന്നായി സൌഗന്ധിഗം ...!

സൗഗന്ധികം said...

വളരെ നന്ദി..

ശുഭാശംസകൾ....

T.R.GEORGE said...

മന്വന്തരങ്ങളിൽ നിർവൃതി പൂത്തൊരാ-
ക്കതിർമുഖമെൻ നേർക്കു നീട്ടിയെങ്കിൽ
നിൻ മന്ദഹാസമരന്ദപ്രവാഹിനി
ഒഴുകിവന്നണയുന്നൊരാഴിയീ ഞാൻ..!!..കാവ്യദേവതയുടെ തിരുനടയിൽ അർപ്പിക്കുന്ന പുഷ്പങ്ങളായി വരികൾ.

സൗഗന്ധികം said...

ഹൃദയം നിറഞ്ഞ നന്ദി സർ,

ശുഭാശംസകൾ....

Unknown said...

പ്രിയ സുഹൃത്തെ,
കവിത വളരെ വളരെ മനോഹരമായി
ആശംസകള്‍ !
സ്നേഹത്തോടെ,
ഗിരീഷ്‌

സൗഗന്ധികം said...

വളരെ നന്ദി ഗിരീഷ്

ശുഭാശംസകൾ....

MONALIZA said...

താളമുണ്ട് .ഒന്നുകൂടി മിനുക്കാന്‍ പറ്റും എന്ന് തോന്നുന്നു .

സൗഗന്ധികം said...

ഇത്രയുമൊന്നൊപ്പിച്ചെടുക്കാൻ പെട്ട പാട് എനിക്കും,ദൈവത്തിനുമേയറിയൂ.ഹ..ഹ..ഹ..

ഒരുപാട് നന്ദി..വന്നതിനും,രണ്ടു വാക്ക് കുറിച്ചതിനും.നിർദ്ദേശം അതിന്റെ ഗൗരവത്തോടു കൂടിത്തന്നെ
സ്വീകരിക്കുന്നു.



ശുഭാശംസകൾ.....

ആൾരൂപൻ said...

അപ്പോൾ അടുത്തത് ഒപ്പിച്ചെടുക്കുന്ന തിരക്കിലായിരിക്കും അല്ലേ? ഇടയ്ക്കുള്ള ഈ നിശ്ശബ്ദത അതല്ലേ സൂചിപ്പിക്കുന്നത്? നടക്കട്ടെ, വായിക്കാൻ തയ്യാറായി കാത്തിരിക്കാം... പറഞ്ഞതു പോലെ ഒന്നു തേച്ചി മിനുക്കിയിട്ട് മതി പോസ്റ്റ്......

സൗഗന്ധികം said...

പ്രിയപ്പെട്ട ആൾരൂപൻ,

കഴിയുന്ന പോലെ ശ്രമിക്കാം. എന്റെ പോസ്റ്റിനായി കാത്തിരിക്കുകയോ..??...!!!!

നന്ദി..ഈ പുനരാഗമനങ്ങൾക്ക്...

ശുഭാശംസകൾ.....

Mohammed Kutty.N said...

എന്താ കവിത...!ഈണവും താളവുമെല്ലാം ഒത്തിണങ്ങിയ കവിതക്ക് ആഴമുള്ള ഭാഷ കൂടിയാകുമ്പോള്‍ ഇല്ല,ഇവിടെ നിന്നും മാറി നില്‍ക്കാനാവില്ല.(ഇടയ്ക്കു മുങ്ങുന്നതില്‍ ക്ഷമാപണം)
________അഭിനന്ദനങ്ങള്‍ക്കുമപ്പുറം!!

സൗഗന്ധികം said...

സർ,

 അങ്ങ് നൽകുന്ന ഈ പ്രോത്സാഹനത്തിന്, ഞാൻ സവിനയം നന്ദി ചൊല്ലുന്നു.എന്തിനീ ക്ഷമാപണം..??!!!!
ഈ സ്നേഹാഗമനത്തിന് ഞാനല്ലേ അങ്ങയോട് നന്ദി പറയേണ്ടത്?

പ്രാർത്ഥനകളോടെ,

ശുഭാശംസകൾ....

praveen mash (abiprayam.com) said...

ഞാനുലയുന്നു താന്തമാം തിരിനാളമായ്
അനവദ്യമപ്രമേയം നിന്റെ പ്രേമത്തി-
ന്നൊരു തുള്ളിക്കായ്ക്കേഴും വേഴാമ്പലായ് ....മനോഹരം ...!!

സൗഗന്ധികം said...

പ്രവീൺ മാഷേ,

വന്നതിനും, അഭിപ്രായം രേഖപ്പെടുത്തിയതിനും ഒരുപാട് നന്ദി.
അക്ഷരങ്ങളിലൂടെയും,അല്ലാതെയും താങ്കൾ നടത്തുന്ന എല്ലാ സോദ്ദേശ്യപ്രവർത്തനങ്ങൾക്കും
എന്റെ എല്ലാ ഭാവുകങ്ങളും..

ശുഭാശംസകൾ....

നളിനകുമാരി said...

നിൻ മന്ദഹാസമരന്ദപ്രവാഹിനി
ഒഴുകിവന്നണയുന്നൊരാഴിയീ ഞാൻ..!!

സുന്ദരം കാവ്യാത്മകം
തുദരുകീ സപര്യ

സൗഗന്ധികം said...

ഹൃദയം നിറഞ്ഞ നന്ദി..ഈ പ്രോത്സാഹനത്തിന്.

ശുഭാശംസകൾ...

grkaviyoor said...

nalla kavitha thankal parayunnathu pole engineyanu kavitha vibhagathil cherkkunnathu

സൗഗന്ധികം said...

വളരെ നന്ദി ..ഈ വരവിനും,അഭിപ്രായത്തിനും.

ബ്ലോഗിൽ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നതിനു മുൻപ് വലതുവശത്ത്, നമ്മുടെ സൃഷ്ടി, അത് ഏതു
വിഭാഗത്തിൽപ്പെട്ടതാണെന്ന്(ഉദാ:കവിത/കഥ്/ലേഖനം/രാഷ്ട്രീയം...) ലേബെൽ ചെയ്യാനായി
ഒരു ഓപ്ഷൻ കാണാം.അതിൽ കവിത എന്നു എന്റെർ ചെയ്യുക.തുടർന്ന് പോസ്റ്റ് പബ്ലിഷ് ചെയ്യുക.
പിന്നെ 'ജാലകം' വിഡ്ജറ്റിൽ ക്ലിക്ക് ചെയ്താൽ മതി.അപ്പോൾ നമ്മുടെപോസ്റ്റ് പൊപ്തുവിഭാഗത്തിലും,
പിന്നെ വിശിഷ്യ അതേതു ഗണത്തിൽപ്പെടുന്നോ (ഉദാ:കവിത/കഥ്/ലേഖനം/രാഷ്ട്രീയം...) ആ വിഭാഗത്തിലും
വരും. ഇങ്ങനെ ലേബലിങ്ങ് ഇല്ലാതെ, പൊതുവിഭാഗത്തിൽ മാത്രം വരുമ്പോൾ പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ല.
അതുകൊണ്ടാണ് എപ്പോഴും ഓർമ്മപ്പെടുത്തിയത്.കൂടുതൽ ആധികാരിതയ്ക്ക് 'ആദ്യാക്ഷരി' സന്ദർശിച്ചാൽ മതിയാകും.

ശുഭാശംസകൾ.....

Asha Chandran said...

Sowgandhikam.... Kavitha kalkkittoo..

aaramam muzhuvan kavya devatha niranju thulumbi... ...

സൗഗന്ധികം said...

വളരെ നന്ദി.. ഈ നല്ല വാക്കുകൾക്ക്.

ശുഭാശംസകൾ....

മര്‍ത്ത്യന്‍ said...

കാവ്യദേവത അസ്സലായിട്ടുണ്ട്..... :)

സൗഗന്ധികം said...

വളരെ നന്ദി സർ, ഈ വരവിനും,പ്രോത്സാഹനത്തിനും.പിറന്ന മണ്ണിന്റെ സൗരഭ്യം
മനസ്സിലിപ്പോഴും കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തിത്വമാണെന്നു അറിയാൻ സാധിച്ചു.
 
നന്മകൾ നേരുന്നു.

ശുഭാശംസകൾ...

Madhusudanan P.V. said...


അടുത്തകാലത്ത്‌ വായിച്ച നല്ല കവിതകളിലൊന്ന്‌. ഇനിയും താങ്കളുടെ തൂലികയിൽനിന്ന്‌ (ബ്ലോഗിൽ നിന്ന്‌) ഇത്തരത്തിലുള്ള സൃഷ്ടികൾ പ്രതീക്ഷിക്കുന്നു.

സൗഗന്ധികം said...

ബഹു.മധുസൂദനൻ സർ,

അനുഗ്രഹമായിക്കരുതി സ്വീകരിക്കുന്നു, ഈ വാക്കുകൾ.നന്ദി...നന്ദി...

ശുഭാശംസകൾ സർ....

Thooval.. said...

എങ്കിലും, വരികയാണോർമ്മതൻ തേരേറി,
അവരെന്റെ മാനസജാലകത്തിര നീക്കി
തീമണല്ക്കാറ്റിലങ്ങുരുകുമീ പുല്ക്കൊടി-
ക്കെന്നുമൊരിത്തിരിയാശ്വാസ നീരുമായ്
hridhayam todunna vaakkukal ...

സൗഗന്ധികം said...

വളരെ നന്ദി സർ ഈ വാക്കുകൾക്ക്

ശുഭാശംസകൾ..

അക്ഷരപകര്‍ച്ചകള്‍. said...

സൗവർണ്ണ സങ്കല്പ ലോകത്തു നിന്നൊരു
കനവിന്റെ ചന്ദനത്തേരിലേറി
ഒരു കുഞ്ഞുപൂവിന്റെ ചാരുതചൂടിയെൻ
മനസ്സിൽ നീ കവിതയായ് പൂത്തിറങ്ങൂ........... മനോഹരം!!!

സൗഗന്ധികം said...

വളരെ നന്ദി. അഭിപ്രായം രേഖപ്പെടുത്തിയതിന്.

ശുഭാശംസകൾ...

ബൈജു മണിയങ്കാല said...

വെറും പദം കൊണ്ട് ഒരു നൃത്തമോരുക്കിയ സൌഗന്ധികം വൈഖരി രാഗം കൂടി ചേർന്ന് ആ ചന്ദന തേരിൽ വന്നഞ്ഞപ്പോൾ മനസ്സ് ശരിക്കും നൃത്ത വേദിയായി..യാഗാഗ്നി തൻ ചൂട് കാവ്യപ്രണയ നാളത്തിന് വഴിമാറി

ശരിക്കും ഗംഭീരം അറിയാത്ത പല പദങ്ങളും പഠിച്ചു കണ്ടു

സൗഗന്ധികം said...

പ്രിയപ്പെട്ട ബൈജു ഭായ്,

ഒരുപാട് നന്ദി.. ഈ പ്രോത്സാഹന വാക്കുകൾക്ക്.

ശുഭാശംസകൾ...

Naaraayam said...

കവിതയുടെ വഴിയിൽ ഈ ഒരു സഞ്ചാരിയെ കണ്ടുമുട്ടിയതിൽ വളരെ സന്തോഷം. നിങ്ങളുടെ കവിതകൾക്ക് ഒരു താളമുണ്ട്. പലതരം ഭാവങ്ങളുമുണ്ട്. സൃഷ്ടികൾ വീണ്ടും ഉണ്ടാവട്ടെ. എന്നെപ്പോലെ 'മടി' എന്ന ഭാവം വരാതിരിക്കട്ടെ .

സൗഗന്ധികം said...

വളരെ നന്ദി സർ വന്നതിനും,പോസ്റ്റ് വായിച്ച് പ്രോത്സാഹിപ്പിച്ചതിനും.ഇനിയും പ്രതീക്ഷിക്കുന്നു.


ശുഭാശംസകൾ....

സൗഗന്ധികം said...

വളരെ നന്ദി സർ വന്നതിനും,പോസ്റ്റ് വായിച്ച് പ്രോത്സാഹിപ്പിച്ചതിനും.ഇനിയും പ്രതീക്ഷിക്കുന്നു.


ശുഭാശംസകൾ....