Monday, August 5, 2013

മറവി


അമ്മയെപ്പാർപ്പിക്കാൻ 'സദനം' തിരഞ്ഞ നീ    
നിന്നാദ്യ സദനം മറന്നു.!
സ്നേഹത്തിന്നക്ഷയപാത്രമാം അമ്മ തൻ
ഗർഭപാത്രത്തെ മറന്നു.!!

കദനക്കൊടുങ്കാറ്റിലുലയാതെ നിന്നെയോർ-
ത്തന്നൊരു ചിരിയതിൻ ജീവനണിഞ്ഞവൾ;
അൻപാർന്ന ഹൃദയമതമ്പേറ്റു കേഴവേ
വസനമവൾക്കിന്നു കദനമിതൊന്നു താൻ.!

ഒത്തിരി നേടി നീയെത്തിയെന്നാകിലും
വന്നൊരാ വഴി നീ മറന്നു.!
നൂറാണ്ടു വാഴ്കിലും മാറ്റൊപ്പമെത്താത്ത
പത്തു മാസങ്ങൾ മറന്നു.!!

തോരാത്ത കണ്ണീരിൻ മഴതൻ നടുവിലും
താരാട്ടിനീണം നിനക്കായ്‌ പകർന്നവൾ
നീട്ടുന്നു യാചനാപൂർവ്വമാക്കണ്ണുകൾ;
കാട്ടാളമാനസം അതു കാണ്മതില്ലഹോ..!!

ഊഴിയിലാദ്യമാ,യധരങ്ങൾ ചേർത്തു
പറഞ്ഞൊരാ മൊഴി നീ മറന്നു.!
ആ വാക്കിനുണ്മ കലർന്നൊരു വെണ്മ തൻ
മധുരം നിൻ നാവും മറന്നു.!!

രക്തമായ്‌,മാംസമായ്‌ നീയുരുവാകുവാൻ
സ്വരക്തം പകുത്തി,ട്ടതന്നമായ്‌ നൽകിയോൾ
പാദങ്ങളിന്നു തളർന്നൊന്നിരുന്നപ്പോ-
ളേകുന്നു നീ കുത്തുവാക്കുകളന്നമായ്‌.!!

സർഗ്ഗം വിളങ്ങുമാ പുണ്യക്ഷേത്രത്തിനെ
വന്ദിക്കുവാൻ നീ മറന്നു.!
ബന്ധുരജീവിത മായയിൽ വീണിന്നു
രക്തബന്ധം നീ മറന്നു.!!

എങ്കിലും കാലം പതിച്ചിടു,മമ്മ തൻ
നിസ്തുല ത്യാഗത്തിന്നത്ഭുത മുദ്രയായ്‌,
ആദ്യന്തം യാത്രയിൽ നിനക്കു ചാർത്തീടുവാൻ
പൊക്കിൾക്കൊടിയടയാളമതു മേനിയിൽ.!!

കണ്ണിനാൽ കാണ്മതാം ദൈവമാ,മമ്മ തൻ
നന്മ നീയറിയാൻ മറന്നു.!
ഒക്കെയും കൺപാർത്തു നിൽക്കുന്ന ദൈവമോ,
നിന്നേയുമെന്നേ മറന്നു.!!! 
നിന്നേയുമെന്നേ മറന്നു.!!!

41 comments:

ajith said...

അമ്മാവെന്റഴയ്ക്കാത ഉയിരില്ലയേ
അമ്മാവൈ വണങ്കാമല്‍ ഉയര്‍വില്ലയേ

ഈ പാട്ടും അതിന്റെ ചലച്ചിത്രാവിഷ്കാരവുമാണെന്റെ മനസ്സില്‍ ഓടിയെത്തിയത്!

എനിയ്ക്ക് സന്തോഷമാണ്. ഞങ്ങള്‍ ആറുമക്കളുടെയും സ്നേഹം മതിയാവോളം അനുഭവിച്ചാണ് ഞങ്ങളുടെ അമ്മ ആറു വര്‍ഷം മുമ്പ് വിട പറഞ്ഞത്. മരിക്കുന്നതിന്റെ തലേവര്‍ഷം അവധിയ്ക്ക് പോകുമ്പോള്‍ ഞാന്‍ അമ്മയുടെ മടിയില്‍ തലവച്ച് കിടന്നു. അപ്പോള്‍ 44 വയസ്സുള്ള ഈ കുഞ്ഞ് അമ്മയോട് പറഞ്ഞ് ചോറ് വായില്‍ വയ്പിച്ച് കഴിച്ചപ്പോള്‍ അമ്മ പറഞ്ഞു. ഇനി നീ വരുമ്പോള്‍ ഞാന്‍ കാണുകയില്ല!

അമ്മയെ കൊണ്ട് സദനങ്ങളിലാക്കുന്നത് ചിന്തിയ്ക്കാന്‍ പോലുമാവുന്നില്ല എനിയ്ക്ക്.

Anu Raj said...

pokkilkodi adayalamillayirunnenkil thangal janichathalla nerittu daivam padachathanannu chilar paranju nadannene.....!

Mohammed kutty Irimbiliyam said...

എത്ര വാചാലമീകരളെരിക്കും വസ്തുതകള്‍ !ദൈവത്തെ മനസ്സില്‍ നിന്നും പറിച്ചെറിയുമ്പോഴും തുറിച്ചു നോക്കുന്ന ദൈവ കടാക്ഷങ്ങള്‍ പോലെ ജനനിയുടെ " എങ്കിലും കാലം പതിച്ചിടു,മമ്മ തൻ
നിസ്തുല ത്യാഗത്തിന്നത്ഭുത മുദ്രയായ്‌,
ആദ്യന്തം യാത്രയിൽ നിനക്കു ചാർത്തീടുവാൻ
പൊക്കിൾക്കൊടിയടയാള,മതു മേനിയിൽ.!!"
___________അര്‍ത്ഥഗര്‍ഭം പോല്‍ !!!

ബൈജു മണിയങ്കാല said...

അമ്മ ഒരു സോഷ്യലിസ്റ്റ് സങ്കല്പം ആണ്. എല്ലാവര്ക്കും ഉണ്ട് ഒന്ന്. മക്കൾ വെള്ളം പോലെ ഒരു ഉട്ടോപ്പിയൻ സങ്കല്പം വെള്ളം വെള്ളം സർവത്ര എന്നാൽ കുടിക്കാനില്ല ഒരു തുള്ളി പോലും കടലാകാം കവി ഉദ്ദേശിച്ചത്. ഇവിടെ മക്കളും ഏതാണ്ട് കടലിലെ വെള്ളം പോലെ തന്നെ. സാമൂഹ്യ മാറ്റം തന്നെ ഒരു പ്രധാന കാരണം. സ്വാശ്രയ ജീവിതം നഷ്ടപെട്ടല്ലോ കൂട്ടുകുടുംബം ഗ്രാമ സ്വരാജ് അത് പോലെ അമ്മ ജീവിതം. സ്വന്തം നെഞ്ജോളം നീളുന്ന ഒരു വിരൽ അല്ലാതെ തൊട്ടു കാണിക്കാൻ ആരുമില്ല.
നല്ല കവിത മനോഹരമായി അവതരണം

സൗഗന്ധികം said...

അജിത് സർ,

ഹൃദയസ്പർശിയായ ഈ കമന്റ് വായിച്ചപ്പോൾ മനസ്സിൽ പലതരം വികാരങ്ങളാണുണ്ടായത്.സന്തോഷമോ,സങ്കടമോ എന്തൊക്കെയോ കൂടിക്കലർന്ന ഒന്ന്.
മാതാപിതാക്കളെ,അവരാഗ്രഹിക്കുന്ന സമയത്ത് ഒപ്പം നിന്ന് പരിചരിക്കാൻ കഴിയുന്നത് അവർ ചെയ്ത ത്യാഗത്തിനു പകരമാവില്ലെങ്കിലും,മനസ്സിന്റെ നന്മ തന്നെ.പ്രത്യേകിച്ച് ഇക്കാലത്ത്.ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.

വളരെ വളരെ നന്ദി,പോസ്റ്റ് വായിച്ച് അഭിപ്രായമെഴുതിയതിന്.

ശുഭാശംസകൾ...


പ്രിയപ്പെട്ട അനുരാജ്,

മനുഷ്യനു കൈയ്യും,കാലും,കണ്ണും,ചെവിയും,നാസാദ്വാരവുമൊക്കെ ഈരണ്ടെണ്ണം നൽകപ്പെട്ടപ്പോൾ നാവൊന്നേ കിട്ടിയുള്ളൂ.കാരണം, അനുരാജ് പറഞ്ഞതൊക്കെത്തന്നെ.അഹങ്കാരം മനുഷ്യനെക്കൊണ്ട് ആവശ്യത്തിലേറെ പറയിപ്പിക്കും.നായയെക്കണ്ടിട്ടില്ലേ? യജമാനൻ എത്ര തല്ലിയാലും,ഉണ്ട ചോറിനു നന്ദി കാട്ടി അത്
തന്റെ വാലൊന്നു കൂടി വളച്ചാട്ടുകയേയുള്ളൂ.അല്ലാതെ മനുഷ്യനെപ്പോലെ 'നാവു വള'യ്ക്കില്ല.!!

ഹൃദയം നിറഞ്ഞ നന്ദി.വന്നതിനും, അഭിപ്രായം രേഖപ്പെടുത്തിയതിനും.

ശുഭാശംസകൾ...


മുഹമ്മദ് കുട്ടി സർ,

നിർല്ലോഭമായ അങ്ങയുടെ പ്രോത്സാഹനത്തിന് സാദരം നന്ദി ചൊല്ലുന്നു.

ശുഭാശംസകൾ സർ....ബൈജു ഭായ്,

താങ്കളുടെ വീക്ഷണം വളരെ അർത്ഥവത്തായി തോന്നി.വളരെ നന്ദി,ഈ വരവിനും പ്രോത്സാഹനത്തിനും.

ശുഭാശംസകൾ...

ഡോ. പി. മാലങ്കോട് said...

ഹൃദയസ്പര്ശിയായി എഴുതി.
അമ്മക്ക് തുല്യം അമ്മ മാത്രം. മാതൃസ്നേഹം അനുഭവിച്ചവർക്കു അതറിയാം. ബുദ്ധി മരവിച്ച ചിലര് അമ്മയെ നോക്കാൻ വയ്യാതെ കാട്ടിക്കൂട്ടുന്ന പ്രവർത്തികൾ നാം കാണുന്നു. ഇന്നും ഞാൻ പല സന്ദര്ഭങ്ങളിലും ''എന്റമ്മേ'' എന്നാണു മനസ്സില് പറയുന്നത്. ദൈവമേ എന്ന് പറയുന്നതിനോടൊപ്പം, ഒപ്പത്തിനൊപ്പം. ദിവസവും, ആകുന്നതും രണ്ടു നേരത്തെ പ്രാര്ത്ഥനകളിലും ദൈവ സങ്കല്പ്പങ്ങളിലുള്ള ചിത്രങ്ങളോടൊപ്പം അമ്മയുടെയും അച്ഛന്റെയും ഫോട്ടോ വെച്ചവിടെ വിളക്ക് കൊളുത്തി കൈകൂപ്പുന്നു. തീര്ച്ചയായും ആ ശക്തിതന്നെയാണ് എന്നെ നയിക്കുന്നതെന്നും ഞാൻ വിശ്വസിക്കുന്നു.

സൗഗന്ധികം said...

പ്രിയപ്പെട്ട ഡോക്ടർ,

ഒരു കഥയാണെനിക്കോർമ്മ വരുന്നത്.ഒരിയ്ക്കൽ ഒരു ബാലൻ,വീട്ടുജോലികളിൽ മുഴുകുകയായിരുന്ന അവന്റെ അമ്മയുടെ അടുത്തെത്തി,തന്റെ കൈവശമുണ്ടായിരുന്ന ഒരു തുണ്ട് കടലാസ് അമ്മയ്ക്കു നേരേ നീട്ടി.അമ്മയതു വാങ്ങി വായിച്ചു.

1)കഴിഞ്ഞ വാരം അമ്മയെ സഹായിച്ച വകയിൽ എനിക്കു കിട്ടാനുള്ളത് - 5 ഡോളർ
2) ലാസ്റ്റ് ടേം പരീക്ഷയ്ക്ക് നല്ല മാർക്ക് വാങ്ങിയതിന് - 5 ഡോളർ
3) എന്റെ പഠനമുറി വൃത്തിയായി സൂക്ഷിക്കുന്നതിന് - 2 ഡോളർ. അങ്ങനെ ആകെ,അമ്മ എനിക്കു കടപ്പെട്ടിരിക്കുന്നത് - 12 ഡോളർ

അമ്മ മകനെ നോക്കി ഒന്നു പുഞ്ചിരിച്ചിട്ട്, ആ കടലാസിനു പിറകിൽ ഇങ്ങനെ എഴുതി അവനു തിരികെ നൽകി.

1)പത്തു മാസം എന്റെ മകനെ വയറ്റിൽ ചുമന്നതിന് - NO CHARGE
2)എന്റെ മകന്റെ മലമൂത്രങ്ങൾ വൃത്തിയാക്കി,രോഗങ്ങളിൽ നിന്നും കാത്ത് രാപ്പകൽ പരിചരിച്ചതിന് - NO CHARGE
3)അവനു നല്ലൊരു ഭാവിയുണ്ടാവുമോ എന്നോർത്ത് നിത്യേന ആകുലപ്പെടുന്നതിന് -NO CHARGE
4)ഇഷ്ടപ്പെട്ട ഭക്ഷണം നേരത്ത് മുന്നിലെത്തിക്കുന്നതിന് - NO CHARGE എന്റെ മകൻ എനിക്കു തരാനുള്ളത് -NO CHARGE

ഇതു വായിച്ചു തീർന്നപ്പോൾ ആ ബാലൻ നിറകണ്ണുകളോടെ തന്റെ അമ്മയെ നോക്കി.എന്നിട്ട് അമ്മയിൽ നിന്നു പേന വാങ്ങി,അവനാദ്യം എഴുതിയ കുറിപ്പിനു താഴെ വലിയ അക്ഷരത്തിലെഴുതി. അമ്മ എനിക്കു തരാനുള്ളത് - ''ALREADY PAID IN FULL''

ഹൃദയം നിറഞ്ഞ നന്ദി ഡോക്ടർ,വന്നതിനും,വിലയേറിയ അഭിപ്രായം രേഖപ്പെടുത്തിയതിനും.

ശുഭാശംസകൾ....

ഡോ. പി. മാലങ്കോട് said...

Vilayeriya marupadikku nanni.

Kalavallabhan said...

ഇപ്പോഴും ഓർക്കുമ്പോൾ കണ്ണു നിറയുന്ന നഷ്ടം. വൃദ്ധ സദനം തേടിപ്പോകുന്നവർക്കില്ലാത്ത വികാരം.

സൗഗന്ധികം said...

വളരെ നന്ദി സർ,പോസ്റ്റ് വായിച്ച് അഭിപ്രായം എഴുതിയതിന്.

ശുഭാശംസകൾ....

DEJA VU said...

നന്നായി അവതരിപ്പിച്ചു...

പൈമ said...

നല്ല കവിത ..ആദ്യ വരികള്ക്ക് പുതുമ ഇല്ല
വാക്കുകൾ അടുക്കി വച്ചിരിക്കുന്നത് കാണാൻ
നല്ല രസം ..ഭംഗിയുള്ള കവിത

ആശയവും നല്ലത് പക്ഷെ ....
പുതുമ ഇല്ല വരികള്ക്ക്

സൗഗന്ധികം said...

പ്രിയപ്പെട്ട ഡോക്ടർ സുനിൽ,

വളരെ നന്ദി, വന്നതിനും കന്റെഴുതിയതിനും.

ശുഭാശംസകൾ....പ്രിയപ്പെട്ട പൈമ(പ്രദീപ്),

പോസ്റ്റ് വായിച്ച്,നല്ല വശങ്ങളോടൊപ്പം,അതിന്റെ കുറവുകളും കൂടി ചൂണ്ടിക്കാണിച്ചതിന് ആത്മാർത്ഥമായ നന്ദി.ദൈവമനുഗ്രഹിക്കുമെങ്കിൽ, പോരായ്മകൾ എന്നാലാവും വിധം കുറയ്ക്കാൻ ഞാൻ ശ്രമിക്കാം.ഒരിയ്ക്കൽക്കൂടി നന്ദി ചൊല്ലുന്നു.


ശുഭാശംസകൾ...

കൊച്ചുമുതലാളി said...

കവിത വളരെയധികം ഇഷ്ടമായി!

സൗഗന്ധികം said...

പ്രിയ കൂട്ടുകാരാ,

വളരെ നന്ദി,പോസ്റ്റ് വായിച്ചതിനും,അഭിപ്രായമെഴുതി പ്രോത്സാഹിപ്പിക്കുന്നതിനും.

ശുഭാശംസകൾ...

കുട്ടനാടന്‍ കാറ്റ് said...

സൗഗന്ധികാരാമത്തിൽ ഇതൊരു മൊട്ടു മാത്രം ...
വിടർന്ന് സുഗന്ധം പരത്തുന്ന പൂവാകട്ടെ............

സൗഗന്ധികം said...

പ്രിയപ്പെട്ട റിനു,

ഈ സ്നേഹാഗമനത്തിനു ഒരുപാട് നന്ദി.

ശുഭാശംസകൾ....

ഭാനു കളരിക്കല്‍ said...

തികച്ചും ക്ലാസ്സിക്ക് ആണ് താങ്കളുടെ രചനകൾ. പ്രിന്റു മീഡിയായിൽ കാണാൻ ഇടവരട്ടെ.

ഓരോ വരികളിലും ആശയവും രോഷവും നിറഞ്ഞിരിക്കുന്നു.

സൗഗന്ധികം said...
This comment has been removed by the author.
സൗഗന്ധികം said...

ഭാനു സർ,

ഈ നല്ല വാക്കുകൾക്ക് സവിനയം ഞാൻ നന്ദി ചൊല്ലുന്നു.വളരെ സന്തോഷവും,പ്രോത്സഹനവും നൽകുന്ന ഒരു കമന്റാണ് സർ നൽകിയത്.എന്നാൽ അതിൽ സർ ഉപയോഗിച്ച ചില പദങ്ങൾ തികഞ്ഞ സങ്കോചത്തോടെയാണ് ഞാൻ വായിച്ചത്.സ്നേഹോദാരമായ അതിലെ പ്രോത്സാഹനം ഞാൻ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്നു.അതേസമയം,ഞാൻ നിൽക്കുന്നതെവിടെയെന്നും,എന്റെ പരിമിതികളുടെ സാഗരസമാനതയും അനുനിമിഷം ഞാനോർക്കുന്നു.മനസ്സിലാക്കുന്നു.

ഒരിയ്ക്കൽക്കൂടി ഉദാരമായ ഈ പ്രോത്സാഹനത്തിനു നന്ദി ചൊല്ലുന്നു.


ശുഭാശംസകൾ...

T.R.GEORGE said...

പത്തുമാസം ചുമന്ന് നൊന്തുപെറ്റതിനെ ഓർമ്മിപ്പിക്കുന്നു..അത്രയും മതിയല്ലോ ഈ വരികൾക്ക് ഹൃദയങ്ങളിലിടം കിട്ടാൻ

ആര്‍ഷ said...

ഒറ്റയ്ക്ക് ആയ ഒരമ്മയെ ഓര്‍മ്മ വന്നു !!! നന്ദി

സൗഗന്ധികം said...

ജോർജ് സർ,

വളരെ നന്ദി പോസ്റ്റ് വായിച്ച്, അഭിപ്രായമെഴുതിയതിന്.


ശുഭാശംസകൾ....


ആർഷ,

അമ്മയെ ഓർത്തെന്നറിഞ്ഞ് വളരെ സന്തോഷം. അഭിപ്രായമെഴുതിയതിന് ഏറെ നന്ദി.


ശുഭാശംസകൾ....

ധ്വനി (The Voice) said...

ഞാന്‍ ഈ സൌഗന്ധിക പുഷ്പോദ്യാനം കണ്ടെത്താന്‍ വൈകിയോ..!!
അമ്മ; അമ്മയെ കുറിച്ച് എന്തെഴുതിയാലും മോശമാവില്ല; അതാണ്‌ അമ്മ;
ആ വാക്കിനു പകരം വെക്കാന്‍ മറ്റൊരു വാക്കില്ല... അമ്മ, അമ്മ, അമ്മ...

സൗഗന്ധികം said...

പ്രിയ കൂട്ടുകാരാ,


പോസ്റ്റ് വായിച്ച് അഭിപ്രായമെഴുതിയതിന് ഹൃദയം നിറഞ്ഞ നന്ദി.


ശുഭാശംസകൾ.....

എരമല്ലുര്‍ സനില്‍ കുമാര്‍ said...

ഊഴിയിലാദ്യമാ,യധരങ്ങൾ ചേർത്തു
പറഞ്ഞൊരാ മൊഴി നീ മറന്നു.!

സൗഗന്ധികം said...

നന്ദി സർ. പോസ്റ്റ് വായിച്ച് അഭിപ്രായമെഴുതിയതിന്

ശുഭാശംസകൾ.....

Harinath said...

നല്ല കവിത. ഇത് ബ്ലോഗിൽ മാത്രം പ്രസിദ്ധീകരിച്ചാൽ പോരാ.

സൗഗന്ധികം said...

പ്രിയ ഹരിനാഥ്,

വളരെ നന്ദിയുണ്ട്, പോസ്റ്റ് വായിച്ച് രണ്ടു വാക്ക് കുറിച്ചതിന്.


ശുഭാശംസകൾ...

Kalavallabhan said...
This comment has been removed by the author.
അമ്പിളി. said...

നല്ല കവിത. ആശംസകൾ

സൗഗന്ധികം said...

ഈ പ്രോത്സാഹനത്തിന് ഒരുപാട് നന്ദിയുണ്ട്.


ശുഭാശംസകൾ....

തുമ്പി said...

അമ്മയുടെ മഹത്വം വരികളില്‍ കാവ്യമൊരുക്കി മനോഹരമായിത്തന്നെ. പക്ഷെ കേട്ട് പഴകിയ പ്രമേയമാണ്. കഥയിലും കവിതകളിലും വൃദ്ധ സദനങ്ങള്‍ മോശമാവുന്നുണ്ടെങ്കിലും ചിലരെ സംബന്ധിച്ച് അതൊരു അനുഗ്രഹവുമാകുന്നുണ്ട്.

ibrahim bin Muhammed said...

കണ്ണുനീർ പ്രണാമം..

nalina kumari said...

സ്നേഹത്തിന്നക്ഷയപാത്രമാം അമ്മ തൻ
ഗർഭപാത്രത്തെ മറന്നു.!!ജീവിക്കുമ്പോള്‍ നാം ഓര്‍ക്കുന്നില്ല..നാളെയെ..
നമുക്കും വരുന്നു ഇങ്ങനെ ഒരുപക്ഷെ ഇതിലും ഭീകരമായ ഒരു ഭാവി.

sunil vettom said...

Ellam marakkunnavark...oru unarthupaattanu e varikal...ammaku pakaram vaykkan bhoomiyil amma mathrame ullooo.....
manoharamaayi ezhuthi keto

സൗഗന്ധികം said...

തുമ്പി,ഇബ്രാഹിം,നളിനാമ്മ,സുനിൽ വെട്ടം,

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.


ശുഭാശംസകൾ....

മാനവധ്വനി said...

അണുകുടുംബത്തിൽ, അണുമാത്രം അവശേഷിക്കുന്നു..ആദരവും സ്നേഹം അസ്തമിക്കുന്നു..
ഈണവും അർത്ഥവും ഉള്ള നല്ല വരികൾ.. ആശംസകൾ നേരുന്നു..

സൗഗന്ധികം said...

പ്രിയ സതീഷ്,

വന്നതിനും,അഭിപ്രായമെഴുതിയതിനും വളരെ നന്ദി.


ശുഭാശംസകൾ....

Bijli said...

ഇന്നാണ് കൂടുതല്‍ കവിതകള്‍ വായിച്ചത്..എല്ലാം മനോഹരമായ കാവ്യങ്ങള്‍..നല്ല കവിതകള്‍...ഇനിയും ആ തൂലികത്തുമ്പില്‍ വിരിയട്ടെ..എന്നാശംസിക്കുന്നു..

സൗഗന്ധികം said...

ഈ പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ നന്ദി.


ശുഭാശംസകൾ....