Monday, October 6, 2014

സഹയാനനേരം

ചില നേരത്തൊഴുകി വരും; ബേബി പൗഡറിന്റെ മണം
പതുങ്ങി വരും; ചിരിയടക്കാനറിയാത്ത കുഞ്ഞു കുപ്പിവളക്കൂട്ടം
എന്നാലും ഞാൻ അറിയാത്ത മട്ടിലിരിക്കും.
പെട്ടന്ന്, പിന്നിലൂടെയെന്നെപ്പുണർ-
ന്നൊരു കുഞ്ഞുമൗനത്തിൻ  ചെപ്പുടഞ്ഞ്‌,
"ഉമ്മച്ചി പേടിച്ച്‌ പോയേ" - ന്ന്, മൊഴിയഴകായ്ച്ചിതറും.
"ശരിക്കു"- മെന്നയെന്റെ 'കള്ള'  വെയിലിനു മീതെ,
ഒരു വിത്തിനുള്ളം കാക്കും തണലിന്റെ സത്യം,

സ്നേഹക്കുടയായ്‌ നിവർന്ന് കുളിരു പൊഴിക്കും !!
 ആ തണുപ്പിൽക്കുതിർന്നൊരു പഞ്ഞിക്കെട്ടുപോലെ
ഞാൻ നിന്റെ കുഞ്ഞു കൈകൾക്കുള്ളിലേക്കൊതുങ്ങും 


*********************************************************************

ദേ, ഇന്നെനിക്കു ശരിക്കുമാവുന്നു; നിന്നടുത്തേക്കൊഴുകി വരാൻ.
പക്ഷേ, ഒരു മണവുമില്ലാതെ...ഒരൊച്ചയുമില്ലാതെ..
അതല്ലേ,
വലിയ വട്ടവിളക്കുകളുടെ വെട്ടത്തെപ്പറ്റിച്ച്‌,
നെഞ്ചിലെ മുറിവായ ചേർത്തു തുന്നിക്കൂടും
 നേർത്ത നൂലിഴകൾ  പോലുമറിയാതെ വഴുതി,
ഗസൽ പതിഞ്ഞൊഴുകുന്ന തണുത്ത ഇടനാഴിയിലൂടെ,
അതിലേറെ പതിഞ്ഞ്‌, അതിലേറെ തണുത്തൊഴുകീട്ട്‌ ,
നനുത്തൊരു വാത്സല്യക്കാറ്റ്‌ നിൻ ചാരത്തണയുന്നത്‌ !
മുഴുവനാകാഞ്ഞൊരു താരാട്ടിൻ ബാക്കി മൂളുന്നൊ-

രരൂപ സ്നേഹ,മരുമയായ്‌ നിൻ കുഞ്ഞു കവിളിണ തഴുകുന്നത്‌ !
നിലത്ത്‌ ചിതറിയ ചായപ്പെൻസിലുകളിലും
കളിപ്പാട്ടങ്ങളിലും മുത്തമിട്ടൊഴുകു-
മാർദ്രമാം കാറ്റനക്കത്തിന്‌, ഇപ്പോളൊരു മണമുണ്ട്‌;
ബേബി പൗഡറിന്റെ നേർത്ത മണം !!
ജാലകവിരിയൊന്നുലച്ച്‌  മെല്ലെയകലുമ്പോൾ
ആരുമറിയാതെയത്‌ മാറോട്‌ ചേർത്ത്‌ പിടിച്ചിട്ടുണ്ട്‌;
ഒരായിരമുമ്മകളുടെ സ്നേഹപ്പുതപ്പിനുള്ളിൽ,
കാതോർത്താൽ മാത്രമറിവാകുമൊരു കുഞ്ഞുകുപ്പിവളക്കളിമ്പം !!
ഇല്ലായിരുന്നെങ്കിൽ, ശരികളുടെ കൊടുവെയിലത്ത്‌,
മൗനങ്ങളുടെ തോരാത്ത രാമഴയത്ത്‌,
എന്നുമൊറ്റയ്ക്കായിപ്പോവുമായിരുന്നില്ലേ,
"ഉമ്മച്ചീ.. നിക്ക്‌ പേടിയാവുന്നൂ"- ന്നൊരു  കുഞ്ഞു തേങ്ങൽ !!

14 comments:

ajith said...

ലക്ഷ്യത്തിലെത്താത്ത ചില സ്നേഹക്കാറ്റുകള്‍
വേദനിപ്പിക്കുന്ന വാത്സല്യക്കാറ്റുകള്‍

Bipin said...

എന്നും ഒറ്റയ്ക്കാണ്. ഓർമ്മകൾ മാത്രം.

സലീം കുലുക്കല്ലുര്‍ said...

മഞ്ഞു പോലൊരു കുഞ്ഞു സ്നേഹം....!

SASIKUMAR said...

എന്തിലേക്കൊക്കെയോ വലിച്ചടുപ്പിക്കുന്നെന്നെ !!

Mohammed kutty Irimbiliyam said...

ഒരു പാടു നാളാല്ലോ കണ്ടിട്ട് ?
അമ്മയുടെ,അമ്മിഞ്ഞപ്പാലിന്റെ "ഒരു വിത്തിനുള്ളം കാക്കും തണലിന്റെ സത്യം.."നന്മയുടെ തേങ്ങല്‍ പോല്‍ വിങ്ങുന്നുവോ?രണ്ടു തവണ വായിച്ചു....
"ഒരായിരമുമ്മകളുടെ സ്നേഹപ്പുതപ്പിനുള്ളിൽ,
കാതോർത്താൽ മാത്രമറിവാകുമൊരു കുഞ്ഞുകുപ്പിവളക്കളിമ്പം !!"
-അഭിനന്ദനങ്ങള്‍ എന്ന് ചുരുക്കുന്നില്ല!

സൗഗന്ധികം said...

അജിത്‌ സർ,

വളരെ നന്ദി പ്രോത്സാഹനത്തിന്‌.

ശുഭാശംസകൾ......


ബിപിൻ സർ,


ഏറെ നന്ദി... :)


ശുഭാശംസകൾ.....


സലീംക്കാ,

നന്ദി...സന്തോഷം.


ശുഭാശംസകൾ....


ശശികുമാർ സർ,


ഹൃദയം നിറഞ്ഞ നന്ദി..


ശുഭാശംസകൾ.....


മുഹമ്മദ്‌ കുട്ടി സർ,

എന്നും കൂടെയെത്തുന്ന ഈ സ്നേഹസാന്നിധ്യത്തിന്‌ ഒരുപാട്‌ നന്ദി.


ശുഭാശംസകൾ സർ.......

Dr Premakumaran Nair Malankot said...

Lovely!

സൗഗന്ധികം said...

ഈ പ്രോത്സാഹനത്തിനു വളരെ നന്ദി ഡോക്ടർ.ശുഭാശംസകൾ....

ബൈജു മണിയങ്കാല said...

മുഴുവനാകാഞ്ഞൊരു താരാട്ടിൻ ബാക്കി മൂളുന്നൊ-
രരൂപ സ്നേഹ,മരുമയായ്‌ നിൻ കുഞ്ഞു കവിളിണ തഴുകുന്നത്‌ ! "ശരികളുടെ കൊടുവെയിലത്ത്‌" എങ്ങിനെയും വ്യാഖ്യാനിക്കാവുന്ന ഒരു ചിത്രം പോലെ വാത്സല്യത്തിന്റെ മണം വച്ച് മാത്രം വരച്ച ഒരു കുഞ്ഞു മനോഹര ചിത്രം പേടിപ്പിച്ചും അടുത്തവേള സ്വയം പേടിച്ചു പോകുന്ന കുഞ്ഞു വിഹ്വലതകൾ അരുമയായ സ്നേഹം ഒരു വേള പോലും പിരിയുവാൻ കഴിയാത്തത് പക്ഷെ ചിലപ്പോ വല്ലാതെ പിരിഞ്ഞു പോകുന്നത് അടര്ന്നുപോകുവാൻ വിധിക്കപ്പെടുന്നത് ഏറെ ഹൃദ്യം, കുഞ്ഞു മണങ്ങൾ എത്ര തീക്ഷ്ണമാണ് ഓർമയിൽ

സൗഗന്ധികം said...

ബൈജു ഭായ്‌,

ഈ സ്നേഹസാന്നിദ്ധ്യത്തിന്‌ ഒത്തിരി നന്ദി...


ശുഭാശംസകൾ.....

Asha Chandran said...

പറയാന്‍ വാക്കുകള്‍ ഇല്ല.

സൗഗന്ധികം said...

വളരെ നന്ദി...കവിത വായിച്ചതിനും പ്രോത്സാഹിപ്പിക്കുന്നതിനും

ശുഭാശംസകൾ.....
ബിലാത്തിപട്ടണം Muralee Mukundan said...

ദേ, ഇന്നെനിക്കു ശരിക്കുമാവുന്നു; നിന്നടുത്തേക്കൊഴുകി വരാൻ.
പക്ഷേ, ഒരു മണവുമില്ലാതെ...ഒരൊച്ചയുമില്ലാതെ..
അതല്ലേ, വലിയ വട്ടവിളക്കുകളുടെ വെട്ടത്തെപ്പറ്റിച്ച്‌,
നെഞ്ചിലെ മുറിവായ ചേർത്തു തുന്നിക്കൂടും
നേർത്ത നൂലിഴകൾ പോലുമറിയാതെ വഴുതി,
ഗസൽ പതിഞ്ഞൊഴുകുന്ന തണുത്ത ഇടനാഴിയിലൂടെ,
അതിലേറെ പതിഞ്ഞ്‌, അതിലേറെ തണുത്തൊഴുകീട്ട്‌ ,
നനുത്തൊരു വാത്സല്യക്കാറ്റ്‌ നിൻ ചാരത്തണയുന്നത്‌ !

സൗഗന്ധികം said...

നന്ദി... സന്തോഷം

ശുഭാശoസകൾ......