Thursday, April 10, 2014

ആരും പേടിക്കേണ്ട...

..... എന്ന്,  ഞാൻ നിങ്ങൾക്കുറപ്പ്‌ തരുന്നു;
സംശയിക്കേണ്ട;
എന്റെ ഉള്ളംകൈ വളരെ വലുതാണ്‌.
ഭാഗ്യജാതകം, രാജയോഗം,
പിന്നെന്റെ കൂർമ്മബുദ്ധിയും!
എന്റെ ജന്മം തന്നെ മഹത്തരം;
നാട്ടാരുടെ മുജ്ജന്മസുകൃതം !!

ആത്മാർത്ഥമായി ഞാൻ നിങ്ങൾക്കുറപ്പ്‌ തരുന്നു;
പേടിക്കേണ്ട;
എനിക്കു ഭംഗിയായി ചിരിക്കാനറിയാം.
ആരോപണങ്ങൾ, കിംവദന്തികൾ,
പിന്നെ നിങ്ങളുടെ  ആവലാതികൾ;
എല്ലാറ്റിനുമുത്തരമാകുമെന്റെ ചിരി !!
നിങ്ങളുടെ വിവേകബുദ്ധിക്ക്‌ അതിനോളം തൂക്കമില്ല.
എന്നെ ചിരിപ്പിക്കുന്നതും ആ തൂക്കമില്ലായ്മ തന്നെ !!

സഗൗരവം ഞാൻ നിങ്ങൾക്കുറപ്പ്‌ തരുന്നു;
സംശയിക്കേണ്ട;
എന്റെ കുപ്പായത്തിന്റെ കീശ തീരെച്ചെറുതാണ്‌.
നിങ്ങളെ വിറ്റ്‌ കാശിടാൻ തക്ക വലിപ്പമതിനില്ല.
സ്വന്തം മനസ്സാക്ഷി വില്‌ക്കുന്നവരല്ലേ നിങ്ങൾ?
നിങ്ങൾക്ക്‌ വിലകൂടും!
അതെനിക്കും,സ്വിസ്സ്ബാങ്കിനും മാത്രമറിയാവുന്നൊരു സത്യം.
സത്യമേവ ജയതേ!!

പ്രവാചകർ, വിശുദ്ധഗ്രന്ഥങ്ങൾ, ആൾദൈവങ്ങൾ
സകലതിന്റേയും നാമത്തിൽ ഞാൻ നിങ്ങൾക്കുറപ്പ്‌ തരുന്നു;
പേടിക്കേണ്ട,
സമുദായങ്ങൾ എനിക്കൊപ്പമുണ്ട്‌; ആയുധങ്ങളും.
പക്ഷേ,സമുദായങ്ങളെ ഞാൻ കലാപങ്ങൾക്കു വിട്ടു കൊടുക്കുന്നു !
ആയുധങ്ങൾ, അതെന്റെ അണികൾക്കും !!

നിങ്ങൾക്ക്‌ തരാൻ ഇനിയുമുറപ്പുകളേറെയുണ്ടെന്റെ കൈയ്യിൽ;
സംശയിക്കേണ്ട;
ഞാൻ തനിച്ചല്ല;
ഇരുട്ടിനെ മറയ്ക്കുന്ന ശുഭ്രവസ്ത്രങ്ങൾ,
നിങ്ങളെ മയക്കുമതിൻ വെണ്മ,
നിറമേഴും വിഴുങ്ങുമതിൻ ശക്തി,
നിങ്ങൾ വളർത്തി, ആശീർവ്വദിച്ചയച്ച താപ്പാനകൾ ;
ഇവയൊക്കെ എനിക്കൊപ്പമുണ്ട്‌.
പിന്നെ, പ്രബുദ്ധരായ നിങ്ങളുടെ, 
വിശുദ്ധവും, വിചിത്രവുമായ പിൻബലവും !!

 അവസാനമായി നിങ്ങൾക്ക്‌ ഞാനൊരുറപ്പ്‌ കൂടിത്തരാം.
എന്തെന്നാൽ, ഉറപ്പുകൾ നല്‌കാൻ ഞാൻ വീണ്ടും വരും; 
അപ്പോഴും,
വിശുദ്ധവും, വിചിത്രവുമായ പിൻബലവുമായി,
നിങ്ങളിവിടെ പ്രബുദ്ധരായി നിലകൊള്ളുക..
വെറും, നിസ്സഹായപ്രബുദ്ധരായി..!!!



Friday, February 21, 2014

ജന്മദൂരം

കണ്ടെത്താനൊരു കാലം;
നഷ്ടപ്പെടാനൊരു കാലം.
സ്നേഹിക്കാനൊരു കാലം;
വെറുക്കാൻ മറ്റൊന്നും.
പക്ഷേ,സ്നേഹം മാത്രം വിത-
ച്ചതിൻ കതിർ കൊയ്ത്‌,
നീ കാലത്തിനർത്ഥം കണ്ടെത്തിയപ്പോൾ,
ചുറ്റും, സ്വയം നഷ്ടപ്പെട്ടുണങ്ങി വീണത്‌
വെറുപ്പിന്റെ പടുമുളകളായിരുന്നു !

കിനാക്കളുണക്കിയു,മുള്ളത്തെ വാട്ടിയും
വിധിയതിൻ കാനൽപ്പെരുവഴിയൊരുക്കവേ,
വരണ്ട മനസ്സറകളിൽ, പ്രതീക്ഷയുടെ
വീഞ്ഞ്‌ നിറച്ചത്‌ സ്നേഹത്തിന്റെ മായാജാലം തന്നെ !

നോക്കിലും,വാക്കിലും,ചെയ്തതിലൊക്കെയും
സ്നേഹത്തിൻ നറുമണം തൂവി,
ഒടുവിൽ,
സുഗന്ധപ്പുകവള്ളിക്കൂട്ടിനുള്ളിൽ,
മഞ്ഞിന്റെ നിറമുള്ള ഉടുപ്പണിഞ്ഞ്‌,
അപ്പോൾക്കൊഴിഞ്ഞൊരു ശേഫാലീ
പുഷ്പദളം പോലെ,
നീ അവസാന ഉറക്കത്തിലാഴ്‌ന്നപ്പോഴും
നിൻ പുഞ്ചിരിപ്പൂമുഖമെന്നോട്‌ പറഞ്ഞത്‌
"കരയരുതെ"ന്നാണ്‌ !
 

ഇന്നും, 
ഓർമ്മകളുടെ വാനവീഥികളിൽ
നിന്റെ നനുത്ത ചിറകടിയൊച്ചയുണരുമ്പോൾ,
ഞാൻ കേൾക്കുന്നത്‌,
സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ,
ജീവന സന്ദേശഗീതികൾ തന്നെ !

സ്വപ്നഭൂമിക തേടിയുള്ള ദീർഘയാനത്തിൽ,
എന്റെ ഗ്രീഷ്മപഥങ്ങളിലേക്കുതിർന്നു വിഴുന്നത്‌,
അളവറ്റ പ്രത്യാശയുടെ മന്ന തന്നെ !
മൗനത്തിൻ അപാരതയിൽപ്പൊതിഞ്ഞ്‌,
നീ നീട്ടിയ ഉടമ്പടിയിൽ കൈയ്യൊപ്പ്‌ ചാർത്താൻ,
ഈ ജന്മദൂരം എനിക്കിനിയും ബാക്കി.. !!  




Wednesday, December 11, 2013

എന്റെ പ്രഭാതം

നിത്യമെൻ മാനസത്താഴ്‌വരകളിൽ
കുഞ്ഞുകനവുകളുറങ്ങിടും ശാദ്വലഭൂമിയിൽ
നവചാരുഹാസമണിഞ്ഞെത്തും പ്രഭാമയി,
പുലരീ, നീ നഭസ്സിന്നനുപമ മുഖശ്രീ!

വാടിയുറങ്ങുമെൻ സ്വപ്നമുകുളങ്ങളെ
തൊട്ടുണർത്തീ നിൻ തുഷാരാർദ്രവിരലുകൾ 
നീ പകർന്നെത്രയോ ശുഭദമാം ചുംബനം
ഇളവെയിലിൻ നീരാള സുഖദപരിരംഭണം

നീ തന്നെ,യാദിമ ജ്ഞാനാങ്കുരങ്ങളെ,
കനിവോടുണർത്തിയ സത്യപ്രകാശനം
നീ തന്നെയാദ്യമെൻ ഭാവനാവാടികയി-
ലൊരു പൂ വിടർത്തിയ പ്രേമപ്രദീപ്തിയും.

നോവിൻ ഹിമക്കാറ്റലറിയുഴറീടുന്നൊ-
രേകാന്ത ശീതഭൂഖണ്ഡമാം മാനസം
വർണ്ണം വിതാനിച്ചണഞ്ഞ നിൻ കാന്തിയാൽ
മെല്ലേ, പ്രശാന്തി തൻ കേദാരമയിതാ!

കാലഭാവാന്തര സ്പർശമേല്‌ക്കാത്തൊരു
നിത്യതാരുണ്യമേ, നീയെഴുന്നള്ളവെ,
കിളികുലമതുപചാരമോതീ,
താരണിക്കൈകളിൽ മാധവം മകരന്ദമേന്തീ

അരുണാംശു ചൂടി വരവായ മുഗ്ദ്ധാംഗി നിൻ
പരിമൃദുഹാസ പ്രശോഭയിൽ മുങ്ങിയോ
സുരലോകവീഥിയിൽ നീളേ പതിച്ചതാം
അളവറ്റ നക്ഷത്രരത്നത്തിളക്കവും ?!

ഇളവെയിൽക്കസവൊളി ചിന്നുന്ന പൂവാട
നല്‌കി നീ, ഭൂമിയൊരുങ്ങീ നവാംഗിയായ്
നിൻ മുത്തമേറ്റൊത്ത മുത്ത് പോൽ വാനവും
മഞ്ഞിന്റെ മുത്തണിക്കുഞ്ഞുപുൽനാമ്പിലായ്!

അരിയ നിൻ പുഞ്ചിരിച്ചേലിനാ,ലഞ്ചിത-
മാക്കുകയെന്നുമെന്നാത്മ നികുഞ്ജവും
അലറിടും നിർവ്വേദസാഗരത്തിരകളാ-
ലസ്പർശമാവട്ടെ, മമ വാസരങ്ങളും..








Thursday, September 5, 2013

ഇതാ, എന്റെ കണ്ണുനീർത്തുള്ളികൾ.!!

ചിലതുണ്ട്‌.
ഒരു ദിവസത്തിൻ ചാരുകവാടം;
അതെത്രയും മനോഹരമായിത്തന്നെ തുറന്നു തരുന്നവ.
പിന്നെയുമൊപ്പം ചേർന്നു നിന്ന്,
കൈ കോർത്ത്‌ കൂടെ നടന്ന്,
തളർന്നാലൊന്നു ചായാൻ ചുമലു തന്ന്,
ഒരു നനുത്ത ചുംബനത്താൽ വീണ്ടുമുണർത്തി,
മുന്നൊരുക്കത്തിന്റെ ഏച്ചുകെട്ടില്ലാത്തൊരു പുഞ്ചിരി സമ്മാനിച്ച്‌,
മനസ്സിനെ, നിറങ്ങൾ നിറഞ്ഞുലയുന്ന
ഒരു പൂമരമാക്കി മാറ്റുന്ന ചിലത്‌.
ചില പുലർകാല സ്വപ്നങ്ങൾ;
അന്യം നിന്നുകൊണ്ടിരിക്കുന്ന,
സുഖദമായ സ്നേഹച്ചൂട്‌ പകരുന്ന, അപൂർവ്വം ചില ചായകൾ;
നുള്ളിക്കഴി,ഞ്ഞിരട്ടി സുഗന്ധവുമായി ജാലകപ്പഴുതിലൂടെ
പറന്നെത്തിയ പിച്ചകമൊട്ടുകൾ;
വകതിരിവില്ലാഞ്ഞൊരു കള്ളനോട്ടം സമ്മാനമില്ലാതാക്കിക്കളഞ്ഞ,
കലോത്സവവേദിയിലെ തിരുവാതിരച്ചുവടിന്റെ,യോർമ്മകൾ;
പകർത്തിയെഴുതാൻ വാങ്ങിയ കണക്കുനോട്ട്ബുക്കിനുള്ളിലൊരു കള്ളച്ചിരിയുമായി നിന്ന,
ആശാന്റെ 'ലീല'യിലെ ചില വരികൾ.!!
വ്രതശോഭയാർന്നൊരു ഹൃദയവാട-
മണിയിച്ചൊരുക്കും നിത്യവസന്തങ്ങൾ;
ഓർക്കാപ്പുറത്തുതിർന്നു കുളിർപ്പിച്ച ചില ചാറ്റൽമഴകൾ;
ഹൃദയസൈകതതീരമാർദ്രമാക്കു,മനന്ത പ്രവാഹങ്ങൾ;
മരുച്ചൂടിലുമിന്ന് മനസ്സ്‌ കുളിർന്നു നിറയുന്നു..!!
നിറവിലേക്കൊന്നു പെയ്താലതിനു സമം തുളുമ്പണമല്ലോ.?
ഇതാ, എന്റെ കണ്ണുനീർത്തുള്ളികൾ.!!
സംശയിക്കേണ്ട, മുന്നൊരുക്കത്തിന്റെ ഏച്ചുകെട്ടില്ലാത്ത
നിൻ പുഞ്ചിരി പകരുന്ന, ആനന്ദാശ്രുതന്നെയിത്‌.!!! 

Monday, August 5, 2013

മറവി


അമ്മയെപ്പാർപ്പിക്കാൻ 'സദനം' തിരഞ്ഞ നീ    
നിന്നാദ്യ സദനം മറന്നു.!
സ്നേഹത്തിന്നക്ഷയപാത്രമാം അമ്മ തൻ
ഗർഭപാത്രത്തെ മറന്നു.!!

കദനക്കൊടുങ്കാറ്റിലുലയാതെ നിന്നെയോർ-
ത്തന്നൊരു ചിരിയതിൻ ജീവനണിഞ്ഞവൾ;
അൻപാർന്ന ഹൃദയമതമ്പേറ്റു കേഴവേ
വസനമവൾക്കിന്നു കദനമിതൊന്നു താൻ.!

ഒത്തിരി നേടി നീയെത്തിയെന്നാകിലും
വന്നൊരാ വഴി നീ മറന്നു.!
നൂറാണ്ടു വാഴ്കിലും മാറ്റൊപ്പമെത്താത്ത
പത്തു മാസങ്ങൾ മറന്നു.!!

തോരാത്ത കണ്ണീരിൻ മഴതൻ നടുവിലും
താരാട്ടിനീണം നിനക്കായ്‌ പകർന്നവൾ
നീട്ടുന്നു യാചനാപൂർവ്വമാക്കണ്ണുകൾ;
കാട്ടാളമാനസം അതു കാണ്മതില്ലഹോ..!!

ഊഴിയിലാദ്യമാ,യധരങ്ങൾ ചേർത്തു
പറഞ്ഞൊരാ മൊഴി നീ മറന്നു.!
ആ വാക്കിനുണ്മ കലർന്നൊരു വെണ്മ തൻ
മധുരം നിൻ നാവും മറന്നു.!!

രക്തമായ്‌,മാംസമായ്‌ നീയുരുവാകുവാൻ
സ്വരക്തം പകുത്തി,ട്ടതന്നമായ്‌ നൽകിയോൾ
പാദങ്ങളിന്നു തളർന്നൊന്നിരുന്നപ്പോ-
ളേകുന്നു നീ കുത്തുവാക്കുകളന്നമായ്‌.!!

സർഗ്ഗം വിളങ്ങുമാ പുണ്യക്ഷേത്രത്തിനെ
വന്ദിക്കുവാൻ നീ മറന്നു.!
ബന്ധുരജീവിത മായയിൽ വീണിന്നു
രക്തബന്ധം നീ മറന്നു.!!

എങ്കിലും കാലം പതിച്ചിടു,മമ്മ തൻ
നിസ്തുല ത്യാഗത്തിന്നത്ഭുത മുദ്രയായ്‌,
ആദ്യന്തം യാത്രയിൽ നിനക്കു ചാർത്തീടുവാൻ
പൊക്കിൾക്കൊടിയടയാളമതു മേനിയിൽ.!!

കണ്ണിനാൽ കാണ്മതാം ദൈവമാ,മമ്മ തൻ
നന്മ നീയറിയാൻ മറന്നു.!
ഒക്കെയും കൺപാർത്തു നിൽക്കുന്ന ദൈവമോ,
നിന്നേയുമെന്നേ മറന്നു.!!! 
നിന്നേയുമെന്നേ മറന്നു.!!!

Wednesday, May 8, 2013

നീ ഞാൻ തന്നെ !!!

ആത്മസഖീ,വരൂ,
നമുക്കീ രാവിന്റെ കളഭനിലാക്കടൽത്തീരത്തിരിക്കാം
ജന്മാന്തരങ്ങളിലെൻ ഹൃദയതാള-
മതു ശ്രുതി ചേർന്നൊരു പ്രണയഗീതം
ഇന്നു ഞാൻ പാടാം നിനക്കായ്
നിനക്കായ് മാത്രം.!!

നിന്നെത്തിരഞ്ഞെന്റെ  പ്രാണൻ കിതയ്ക്കിലും
ഹൃദയം മുറിഞ്ഞു നിണമൊഴുകുന്നുവെങ്കിലും
പാടിടാമിന്നുമെന്നുമതെൻ സ്വരം നിലയ്ക്കുവോളം
നിൻ പ്രണയമെന്നുയിർക്കാറ്റാണ്
നീ ഞാൻ തന്നെ.. സത്യം!!

ഇരുളിലമൃതമായ് പൊഴിയ്ക്കും സുഗീതമീ രാപ്പാടികൾ
മറഞ്ഞിരുന്നാലും, നിൻ കാതിന്നു തേനാകുമീരടികൾ
അതിലുണർന്നെങ്കിൽ നിൻ രാഗമീ നിമിഷം,
സുകൃതമെൻ ജന്മം..
അത്, കാലങ്ങൾ താണ്ടി,
നിന്നിലേക്കൊഴുകുമെൻ ചിരന്തന പ്രണയഗീതം!!

നിലവിലിതളാർന്നു വിരിഞ്ഞു, വിലോലമീ സൗഗന്ധികങ്ങൾ
മിഴിയടച്ചാലും, നിന്നുയിരിൽപ്പടർത്തിടും സുസ്സുഗന്ധം
അതിലലിഞ്ഞെങ്കിൽ നീ, ധ്യാനനിർവ്വിശേഷം,
സഫലമെൻ ജന്മം..
അത്, ഹൃദയം കവിഞ്ഞ്,
നിന്നിലേക്കൊഴുകുമെൻ ജന്മാന്തര പ്രണയഗന്ധം!!

കവിളിനഴകിൽത്തഴുകുമളകങ്ങൾ നീക്കി,മന്ദമാം സമീരൻ
എഴുതിടുന്നരുമയായ് സാന്ത്വനഗീതകങ്ങൾ
അവ മുകർന്നെങ്കിൽ നിൻ മിഴികൾ തൻ ശോകവർഷം,
ധന്യമെൻ ജന്മം..
അത്, ഋതുഭേദജാലത്തിൽ വാടാതെ,
നിനക്കായ് കാത്തുവച്ചതാമെൻ ചുംബനപാരിജാതം!!

കോടിജന്മങ്ങൾ തൻ മൊഴികൾ പൂക്കുന്നതാം
നിൻ മൗനവാത്മീക മന്ത്രണം കേൾപ്പൂ ഞാൻ
കോരിയെടുക്കുന്നിതാ കൈക്കുടന്നയിൽ
കാവ്യമായൊഴുകുമാ പ്രണയാക്ഷരങ്ങളെ.!!

എല്ലാം മറക്കുന്നൊരാ മഹാനിദ്ര തൻ
ആർദ്രവിരൽ തൊടും മൗനതീരത്തിലും,
നിന്നെയും കാത്തു ഞാൻ നിന്നിടുമോമലേ..
നിന്നാത്മനദിയിൽ ലയിക്കുവാൻ,
ഒന്നുചേർന്നൊഴുകുവാ,നിനി വരും ജന്മമോരോന്നിലും.!!!

Wednesday, April 17, 2013

ഓർക്കുക ചിത്തമേ...


നിശ്ചയം നശ്വരമായതാം വാഴ്വിതിൽ
വിശ്വം ജയിക്കുവാനുഴറുന്ന മാനുഷാ,
എത്തി നീ,നേരു പടച്ചൊരാ കത്തിലെ
വൃത്താന്തമായ്,പിന്നെ ജീവനായ് മണ്ണിതിൽ

മോഹനം സൃഷ്ടി,യതിനാധാരമോ മോഹം
മോഹസാക്ഷാത്ക്കാര ദൃഷ്ടാന്തമീ ദേഹവും!
ദൃശ്യമാം ദേഹമിത് നശ്വര, മനശ്വര-
മദൃശ്യമാം ദേഹി, ബൃഹത്താം ജഗത്തിതിൽ

അനന്ത, മമേയമാ സ്നേഹനഭസ്സായ
ദൈവമനസ്സിലേക്കുയരുന്ന യാത്രയിൽ
അരനാഴിക, ദേഹിയിളവേൽക്കും, കേവലം
മൃണ്മയകുടീരമീ ദേഹമെന്നോർക്ക നീ..!!

ദേഹാഭിമാനം പെരുത്തു നീ ഭൂമിയിൽ
ഹന്ത! മദിച്ചു നടക്കുന്നഹന്തയിൽ
ശിക്ഷയിൽ നിന്നു നീ രക്ഷനേടുന്നതി-
നർഥമാ  സ്വർഗ്ഗമതു കാണ്മതില്ലെന്നല്ല!!

എന്തിനുമുണ്ട് മുഹൂർത്ത,മത് വിരചിതം
എത്തിടും ശിക്ഷയുമൊത്ത സമയത്ത്
തുംഗവൃക്ഷത്തെ തകർത്തെറിയുന്നൊരാ
ഘോരമാം മിന്നൽപ്പിണറുപോൽ നിശ്ചയം!!

ആശയാൽ കാശു നിറച്ചു നീ കീശയിൽ
മോശമാം വഴിയിലൂടീശനെയോർക്കാതെ
അറിക നീ,യേറെയായ് നേടിയെന്നാകിലും
ആറടിക്കുഴിയിലുറങ്ങിടു,മൊരോർമ്മയായ്!!

മോഹം ഭരിച്ചിടും ദേഹം നശിക്കിലും
ദൈവം രചിച്ചതാമാത്മം തുടർന്നിടും
ഒഴുകുമനസ്യൂതം ജീവതരംഗിണി
ഒടുവിലദ്വൈത സോപാനമതു പുൽകുവാൻ

പുരുഷാന്തരസീമ ഭേദിച്ചൊഴുകുന്നൊ-
രാത്മപ്രവാഹ,മേകത്തിൽ ലയിക്കുവാൻ
ഓർക്കുക,വാഴ്ത്തുക ചിത്തമേ സാദരം
നിത്യമാ ദൈവത്തെ, സത്യപ്രകാശത്തെ!!