Wednesday, May 8, 2013

നീ ഞാൻ തന്നെ !!!

ആത്മസഖീ,വരൂ,
നമുക്കീ രാവിന്റെ കളഭനിലാക്കടൽത്തീരത്തിരിക്കാം
ജന്മാന്തരങ്ങളിലെൻ ഹൃദയതാള-
മതു ശ്രുതി ചേർന്നൊരു പ്രണയഗീതം
ഇന്നു ഞാൻ പാടാം നിനക്കായ്
നിനക്കായ് മാത്രം.!!

നിന്നെത്തിരഞ്ഞെന്റെ  പ്രാണൻ കിതയ്ക്കിലും
ഹൃദയം മുറിഞ്ഞു നിണമൊഴുകുന്നുവെങ്കിലും
പാടിടാമിന്നുമെന്നുമതെൻ സ്വരം നിലയ്ക്കുവോളം
നിൻ പ്രണയമെന്നുയിർക്കാറ്റാണ്
നീ ഞാൻ തന്നെ.. സത്യം!!

ഇരുളിലമൃതമായ് പൊഴിയ്ക്കും സുഗീതമീ രാപ്പാടികൾ
മറഞ്ഞിരുന്നാലും, നിൻ കാതിന്നു തേനാകുമീരടികൾ
അതിലുണർന്നെങ്കിൽ നിൻ രാഗമീ നിമിഷം,
സുകൃതമെൻ ജന്മം..
അത്, കാലങ്ങൾ താണ്ടി,
നിന്നിലേക്കൊഴുകുമെൻ ചിരന്തന പ്രണയഗീതം!!

നിലവിലിതളാർന്നു വിരിഞ്ഞു, വിലോലമീ സൗഗന്ധികങ്ങൾ
മിഴിയടച്ചാലും, നിന്നുയിരിൽപ്പടർത്തിടും സുസ്സുഗന്ധം
അതിലലിഞ്ഞെങ്കിൽ നീ, ധ്യാനനിർവ്വിശേഷം,
സഫലമെൻ ജന്മം..
അത്, ഹൃദയം കവിഞ്ഞ്,
നിന്നിലേക്കൊഴുകുമെൻ ജന്മാന്തര പ്രണയഗന്ധം!!

കവിളിനഴകിൽത്തഴുകുമളകങ്ങൾ നീക്കി,മന്ദമാം സമീരൻ
എഴുതിടുന്നരുമയായ് സാന്ത്വനഗീതകങ്ങൾ
അവ മുകർന്നെങ്കിൽ നിൻ മിഴികൾ തൻ ശോകവർഷം,
ധന്യമെൻ ജന്മം..
അത്, ഋതുഭേദജാലത്തിൽ വാടാതെ,
നിനക്കായ് കാത്തുവച്ചതാമെൻ ചുംബനപാരിജാതം!!

കോടിജന്മങ്ങൾ തൻ മൊഴികൾ പൂക്കുന്നതാം
നിൻ മൗനവാത്മീക മന്ത്രണം കേൾപ്പൂ ഞാൻ
കോരിയെടുക്കുന്നിതാ കൈക്കുടന്നയിൽ
കാവ്യമായൊഴുകുമാ പ്രണയാക്ഷരങ്ങളെ.!!

എല്ലാം മറക്കുന്നൊരാ മഹാനിദ്ര തൻ
ആർദ്രവിരൽ തൊടും മൗനതീരത്തിലും,
നിന്നെയും കാത്തു ഞാൻ നിന്നിടുമോമലേ..
നിന്നാത്മനദിയിൽ ലയിക്കുവാൻ,
ഒന്നുചേർന്നൊഴുകുവാ,നിനി വരും ജന്മമോരോന്നിലും.!!!

48 comments:

ajith said...

എല്ലാം മറക്കുന്നൊരാ മഹാനിദ്ര തൻ
ആർദ്രവിരൽ തൊടും മൗനതീരത്തിലും,
നിന്നെയും കാത്തു ഞാൻ നിന്നിടുമോമലേ..
നിന്നാത്മനദിയിൽ ലയിക്കുവാൻ,
ഒന്നുചേർന്നൊഴുകുവാ,നിനി വരും ജന്മമോരോന്നിലും.!!!


മരണമെത്തുന്നനേരത്തും.....

നല്ല ഗാനം.
ഇഷ്ടപ്പെട്ടു

സൗഗന്ധികം said...

അജിത് സർ,

സ്നേഹപൂർവ്വം എന്റെ നന്ദി...

ശുഭാശംസകൾ....

Mohammed Kutty.N said...

"കോടിജന്മങ്ങൾ തൻ മൊഴികൾ പൂക്കുന്നതാം
നിൻ മൗനവാത്മീക മന്ത്രണം കേൾപ്പൂ ഞാൻ
കോരിയെടുക്കുന്നിതാ കൈക്കുടന്നയിൽ
കാവ്യമായൊഴുകുമാ പ്രണയാക്ഷരങ്ങളെ.!!"
______സ്പന്ദിക്കുന്ന പ്രണയ വൈവശ്യം...!

ശ്രീ said...

"എല്ലാം മറക്കുന്നൊരാ മഹാനിദ്ര തൻ
ആർദ്രവിരൽ തൊടും മൗനതീരത്തിലും,
നിന്നെയും കാത്തു ഞാൻ നിന്നിടുമോമലേ..
നിന്നാത്മനദിയിൽ ലയിക്കുവാൻ,
ഒന്നുചേർന്നൊഴുകുവാ,നിനി വരും ജന്മമോരോന്നിലും.!!!
"

വരികള്‍ മനോഹരം...

റിനി ശബരി said...

സുഖദവും , ആര്‍ദ്രവുമായ വരികള്‍ ...
നിന്നിലേ എനിക്ക് ജീവനുള്ളൂ
നിന്നിലേക്ക് ഞാന്‍ ഒഴുകുകയുള്ളൂ ..
നീ ഞാന്‍ തന്നെ , എന്റെ ആത്മാവും , പ്രാണനും
ഒരൊ കാത്തിരിപ്പും , നിന്നെ തിരഞ്ഞാണ് ..
നിന്റെ കണ്ണിലേ തിളക്കം തിരഞ്ഞ് ..............!

{ കൂടെ കൂടുവാന്‍ ഫോളോവര്‍ ഓപ്ക്ഷന്‍ കാണുന്നില്ലോ സഖേ
അതു കൊണ്ട് പുതിയ പോസ്റ്റുകള്‍ കാണാതെ പൊകുന്നേട്ടൊ }

ഭാനു കളരിക്കല്‍ said...

ഗാനമായി ഒഴുകി നിറയുന്നു ഈ പ്രണയ ഗീതകം.
ആരെങ്കിലും നല്ല സ്വരത്തിൽ ചൊല്ലി കേള്ക്കുവാൻ മോഹിച്ചു പോകുന്നു.

ബൈജു മണിയങ്കാല said...

മനോഹരമായ വരികൾ നല്ല blend പ്രണയവും കവിത്വും
കവിത ഇനിയും ഒഴുകട്ടെ പ്രണയം പോലെ
ആശംസകൾ

സൗഗന്ധികം said...

പ്രിയപ്പെട്ട മുഹമ്മദ് കുട്ടി സർ,

ഈ സ്നേഹാഗമനങ്ങൾക്ക്,നല്ല വാക്കുകൾക്ക്,പ്രോത്സാഹനത്തിന്, ഒത്തിരി സ്നേഹവും,നന്ദിയും.


ശുഭാശംസകൾ സർ....


ശ്രീ,

വളരെ നന്ദി അഭിപ്രായം രേഖപ്പെടുത്തിയതിന്.

ശുഭാശംസകൾ...

പ്രിയപ്പെട്ട റിനി ഭായ്,

സത്യം പറഞ്ഞാൽ,മറ്റു ബ്ലോഗുകളിൽ താങ്കളെഴുതുന്ന കമന്റുകളുടെ വശ്യതയും,നിറവുമൊക്കെ എന്നെ വളരെ
ആകർഷിച്ചിട്ടുണ്ട്.ചില വേളകളിൽ,അസൂയ പോലും തോന്നിയിട്ടുണ്ട്.ഇതിനിടയ്ക്ക് എന്റെ ബ്ലോഗിലും,
ആ സ്നേഹാക്ഷരങ്ങളുമായി ഭായ് എത്തി.ഒത്തിരി നന്ദി..സ്നേഹം.പിന്നെ ഫോളോ ഓപ്ഷൻ..അത്....
സാരമില്ല,സനേഹിക്കുന്നവർ കൂടെയുണ്ടെന്ന തോന്നൽ തന്നെ ഞാൻ ഭാഗ്യമായി കരുതുന്നു.ആൾക്കൂട്ടത്തിനിടയിൽ വച്ചു
കാണുമ്പോൾ,സ്നേഹത്തിന്റെ,സൗഹൃദത്തിന്റെ കുളിർക്കാറ്റായ് അരികിലെത്തുന്ന താങ്കളുടെ മനസ്സ്.... അതു പോലെ
തന്നെ മറ്റു പല സുമനസ്സുകളും.എനിക്കിതില്പരമെന്തു വേണം.? ഇനിയും,വഴികളിൽ കാണുമ്പോൾ വരണം.ഞാനും
വരും.ഒരുപാട് സ്നേഹത്തോടെ,


ശുഭാശംസകൾ....



ഭാനു സർ,

കവിതയെ, ഗൗരവമായി സമീപിക്കുകയും, എഴുതുകയും,അതു പോലെതന്നെ വിലയിരുത്തുകയും ചെയ്യുന്ന
താങ്കളെപ്പോലുള്ളവരുടെ ഈ പ്രോത്സാഹനം ഞാൻ അങ്ങേയറ്റം വിലമതിയ്ക്കുന്നു.ഹൃദയം നിറഞ്ഞ നന്ദി....

ശുഭാശംസകൾ....


ബൈജു,

ഒത്തിരി നന്ദി.ഈ വരവിനും, നല്ല വാക്കുകൾക്കും.


ശുഭാശംസകൾ....

T.R.GEORGE said...

ഒന്നു ചൊല്ലി നോക്കാൻ തോന്നുന്ന കവിത.ചെറിയ തെന്നലിൽ വേദന കലർന്നിരിക്കുന്നു.ആശംസകൾ

drpmalankot said...

കോടിജന്മങ്ങൾ തൻ മൊഴികൾ പൂക്കുന്നതാം
നിൻ മൗനവാത്മീക മന്ത്രണം കേൾപ്പൂ ഞാൻ
കോരിയെടുക്കുന്നിതാ കൈക്കുടന്നയിൽ
കാവ്യമായൊഴുകുമാ പ്രണയാക്ഷരങ്ങളെ.!!
Nalla varikal.
Best wishes.

drkaladharantp said...


പ്രണയത്തിന്റെ സ്വഭാവം അങ്ങനെയാണ്. അതെപ്പോഴും കവിതയാകും. പ്രണയവും പ്രകൃതിയും ഒന്നാകുന്ന പ്രണയപ്രകൃതി ഈ കവിതയില്‍ കാണാം. നന്മ മാത്രം പറഞ്ഞാല്‍ പോരല്ലോ
നിലാവിന്റെ കളഭനിലാക്കടൽത്തീരത്തിരിക്കാം
ഈ വരി ഒന്നു കൂടി വായിക്കണം
1.നിലാവിന്റെ കളഭക്കടൽത്തീരത്തിരിക്കാം
2.കളഭനിലാക്കടൽത്തീരത്തിരിക്കാം
3.നിലാവിന്റെ കളഭനിലാക്കടൽത്തീരത്തിരിക്കാം
നാലാവിരട്ടിച്ചില്ലേ..

സൗഗന്ധികം said...

ജോർജ് സർ,

വളരെ നന്ദി. വരവിനും, അഭിപ്രായത്തിനും.

ശുഭാശംസകൾ....

സൗഗന്ധികം said...

പ്രിയപ്പെട്ട ഡോക്ടർ,

സസ്നേഹം നന്ദി ചൊല്ലുന്നു.

ശുഭാശംസകൾ...

സൗഗന്ധികം said...

കലാധരൻ സർ,

ആദ്യമായി ഈ വരവിനു നന്ദി. അതിലേറെ നന്ദി, ഗുരുതരമായ ഒരു തെറ്റ് ചൂണ്ടിക്കാട്ടിയതിന്.'രാവിന്റെ' എന്നായിരുന്നു മനസ്സിൽ.ടൈപ്പ് ചെയ്ത സമയത്ത് പറ്റിയ പിശകാണ്.എന്ത് കാരണം നിരത്തിയാലും തെറ്റ് തെറ്റല്ലാതാകുന്നില്ല.അല്ലേ? ഇനിയും,ഇത്തരം ഇടപെടലുകൾ ഞാൻ ആഗ്രഹിക്കുന്നു.
 തെറ്റ് തിരുത്തിയിട്ടുണ്ട്.ഏറെ നന്ദിയോടെ,

ശുഭാശംസകൾ.....

kanakkoor said...

നന്നായിരിക്കുന്നു . ബിംബങ്ങളുടെ ധാരാളിത്തം ഒഴിച്ചാൽ ... ആശംസകൾ

സൗഗന്ധികം said...

സർ,

വളരെ നന്ദി.. വന്ന് രണ്ട് വാക്ക് കുറിച്ചതിന്. പരിമിതികൾ മനസ്സിലാക്കിത്തരുന്നത്, ഭാഗ്യമായി കരുതുന്നു.
ഇനിയും ഇത്തരം തുറന്ന അഭിപ്രായങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്,


ശുഭാശംസകൾ......

മിനി പി സി said...

നല്ലൊരു ലളിത ഗാനം പോലെ ....ആശംസകള്‍

സൗഗന്ധികം said...

വളരെ നന്ദി... പോസ്റ്റ് വായിച്ച്, അഭിപ്രായം രേഖപ്പെടുത്തിയതിന്.

ശുഭാശംസകൾ...

Unknown said...

ഒന്നുചേർന്നൊഴുകുവാ,നിനി വരും ജന്മമോരോന്നിലും.!
പാടി കേട്ടിരുന്നെങ്കിൽ എത്ര നന്നാവുമായിരുന്നു

ആശംസകൾ

സൗഗന്ധികം said...

വളരെ നന്ദി സർ... വന്നതിനും, രണ്ടു വാക്ക് കുറിച്ചതിനും.

ശുഭാശംസകൾ....


അക്ഷരപകര്‍ച്ചകള്‍. said...

നിന്നാത്മനദിയിൽ ലയിക്കുവാൻ,
ഒന്നുചേർന്നൊഴുകുവാ,നിനി വരും ജന്മമോരോന്നിലും.!!!നല്ല കവിത.
ഇഷ്ടപ്പെട്ടു.ആശംസകള്.

സൗഗന്ധികം said...

ആകസ്മികമായ വരവായിപ്പോയി.വളരെ നന്ദി.. വന്നതിനും,രണ്ടുവാക്കു കുറിച്ചതിനും.

ശുഭാശംസകൾ...

RAHUL R S said...

ഒരു നഷ്ടപ്രണയം മണക്കുന്നു കവിതയില്‍ .... നഷ്ടങ്ങളും കവിതകള്‍ക്ക്‌ ഒരു പ്റചോദനം തന്നെ..തുടറ്‍ന്നും എഴുതുക...

സൗഗന്ധികം said...

രാഹുൽ,

വളരെ നന്ദി.. വന്ന് രണ്ട് വാക്ക് കുറിച്ചതിന്.

ശുഭാശംസകൾ....

നളിനകുമാരി said...

നിന്നെത്തിരഞ്ഞെന്റെ പ്രാണൻ കിതയ്ക്കിലും
ഹൃദയം മുറിഞ്ഞു നിണമൊഴുകുന്നുവെങ്കിലും
പാടിടാമിന്നുമെന്നുമതെൻ സ്വരം നിലയ്ക്കുവോളം
നിൻ പ്രണയമെന്നുയിർക്കാറ്റാണ്
നീ ഞാൻ തന്നെ.. സത്യം!!
സൌഗന്ധികം നല്ല വരികൾ ഭാവുകങ്ങൾ നേരുന്നു

സൗഗന്ധികം said...

വളരെ നന്ദി മാഡം, പോസ്റ്റ് വായിച്ച് അഭിപ്രായം എഴുതിയതിന്.

ശുഭാശംസകൾ....

Anonymous said...

manoharam :)

സൗഗന്ധികം said...

ഇവിടെ ആദ്യമായിട്ടാ കാണുന്നത്. വളരെ നന്ദി.വരവിനും,അഭിപ്രായം എഴുതിയതിനും.

ശുഭാശംസകൾ....

സലീം കുലുക്കല്ലുര്‍ said...

കോടിജന്മങ്ങൾ തൻ മൊഴികൾ പൂക്കുന്നതാം
നിൻ മൗനവാത്മീക മന്ത്രണം കേൾപ്പൂ ഞാൻ
കോരിയെടുക്കുന്നിതാ കൈക്കുടന്നയിൽ
കാവ്യമായൊഴുകുമാ പ്രണയാക്ഷരങ്ങളെ...
'നല്ല വരികള്‍ സുഹൃത്തെ ..!'

സൗഗന്ധികം said...

ഹൃദയം നിറഞ്ഞ നന്ദി.

ശുഭാശംസകൾ...

ബൈജു മണിയങ്കാല said...

എവിടെ ജൂണിലെ കവിത?
ജൂണ്‍ കഴിയാറായി

muhamed ansari said...

പ്രണയം തുളുമ്പുന്ന വരികൾ...

പ്രത്യേകിച്ച് "ഋതുഭേദജാലത്തിൽ വാടാതെ,
നിനക്കായ് കാത്തുവച്ചതാമെൻ ചുംബനപാരിജാതം!!"
എന്ന വരികൾ ഏറെ ഹൃദ്യമായി

ആശംസകൾ

സൗഗന്ധികം said...

ബൈജു ഭായ്,

ഞാനൊരു നിമിഷകവിയൊന്നുമല്ല.ഒരു പാവമാന്നേയ്... സ്നേഹാഗമനത്തിനു വളരെ നന്ദി കേട്ടോ..? :) :)

ശുഭാശംസകൾ....


മുഹമ്മദ് അൻസാരി,

ഈ വരവിനും,അഭിപ്രായത്തിനും ഏറെ നന്ദി.

ശുഭാശംസകൾ.....

ശരത് പ്രസാദ് said...

പ്രണയാമൃതം മതിവരുവോളം പാനം ചെയ്തു..

സൗഗന്ധികം said...

പ്രിയപ്പെട്ട ശരത് പ്രസാദ്,

ഹൃദയം നിറഞ്ഞ നന്ദി, വന്നതിനും, അഭിപ്രായം രേഖപ്പെടുത്തിയതിനും.

ശുഭാശംസകൾ....

SASIKUMAR said...

പ്രണയത്തിന്റെയും പ്രതീക്ഷയുടെയും വരികൾ.ഓരം ചേർന്ന് പ്രകൃതിയുടെ നിഴലും നിലാവും, കൂടുതലെഴുതുക.ആശംസകൾ!

സൗഗന്ധികം said...

വളരെ നന്ദി സർ,ഈ നല്ല വക്കുകൾക്ക്.

ശുഭാശംസകൾ...

കൊച്ചുമുതലാളി said...

കവിത നന്നായി.. :)
ആശംസകൾ!

സൗഗന്ധികം said...

ഹൃദയം നിറഞ്ഞ നന്ദി..

ശുഭാശംസകൾ...

പാവപ്പെട്ടവൻ said...

മനോഹരം വരികൾ പക്ഷേ “നിലവിലിതളാർന്നു “ ഇതൊന്നു തിരുത്തു അതോ അങ്ങനെ തന്നാണോ..? അപ്പോൾ അർത്ഥം?

സൗഗന്ധികം said...

സർ,

ആദ്യമായി, വന്നതിനും പോസ്റ്റ് വായിച്ച് അഭിപ്രായം എഴുതിയതിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

നിലവ് = നിലാവ്
ഇതൾ = പൂവിന്റെ ഇതൾ തന്നെ
ആരുക = നിറയുക,ചേരുക

'ആർന്നു' എന്നത് 'ആരുക' എന്ന ക്രിയയുടെ ഭൂതകാല(PAST TENSE)മായാണ് ഉപയോഗിച്ചത്.ഇത്രയും എന്റെ പരിമിതികൾക്കുള്ളിൽ നിന്നാണ് വിവരിച്ചത്.ഇതിൽ തെറ്റുണ്ടെങ്കിൽ ഇനിയും എന്നെ തിരുത്തണമെന്ന് വിനയപൂർവ്വം ആഗ്രഹിക്കുന്നു.

സസൂക്ഷ്മം അങ്ങെന്റെ പോസ്റ്റ് വായിച്ചെന്ന് മനസ്സിലായി.ഒരുപാട് നന്ദി.ഇനിയും വരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.


ശുഭാശംസകൾ....

അമതന്‍ ഉപബുദ്ധന്‍ said...

എല്ലാം മറക്കുന്നൊരാ മഹാനിദ്ര തൻ
ആർദ്രവിരൽ തൊടും മൗനതീരത്തിലും,
നിന്നെയും കാത്തു ഞാൻ നിന്നിടുമോമലേ..
നിന്നാത്മനദിയിൽ ലയിക്കുവാൻ,
ഒന്നുചേർന്നൊഴുകുവാ,നിനി വരും ജന്മമോരോന്നിലും.!!!


ഗുരുവേ !!!!!
ഇഷ്ടപ്പെട്ടു :)

സൗഗന്ധികം said...

പ്രിയ ഉപബുദ്ധൻ,

പോസ്റ്റ് വായിച്ച് രണ്ടു വാക്ക് കുറിച്ചതിന്,ആത്മാർത്ഥമായി ഞാൻ നന്ദി ചൊല്ലുന്നു. താങ്കളുടെ നർമ്മ ബോധം എനിക്കും നന്നേ ബോധിച്ചു, കേട്ടോ..?ഹ..ഹ..ഹ..

ശുഭാശംസകൾ....

ആര്‍ഷ said...

കുഞ്ഞു കവിതകളുടെ കൂട്ടത്തില്‍ ഒരു വലിയ കവിത !! :) ഒരുപാട് ചിന്തിപ്പിച്ചു, അതിനു നന്ദി... ആശംസകള്‍

സൗഗന്ധികം said...

പോസ്റ്റ് വായിച്ച് അഭിപ്രായമെഴുതിയതിന് ഹൃദയംഗമമായ നന്ദി.

ശുഭാശംസകൾ...

Asha Chandran said...

നല്ല കവിത

Asha Chandran said...

നല്ല കവിത

സൗഗന്ധികം said...

വളരെ നന്ദി, നല്ല വാക്കുകൾക്ക്

ശുഭാശംസകൾ....