Saturday, December 13, 2014

ഇതൊന്നുമില്ലാതെ....

കനിവിൻ കരം നീട്ടി നില്‌ക്കുമാകാശമേ
ഇരുളിലും തരിയൊളി പകരുന്ന താരങ്ങളേ
നീയുതിർത്തേകുന്ന ദാഹനീരില്ലാതെ
നിങ്ങളൊരുക്കുന്ന പൂക്കാലമില്ലാതെ
ഉണർവ്വില്ല, രാച്ചന്തമില്ല...

വഴികളിൽ ചിരി തൂകി നിന്ന പൊൻപൂക്കളേ
മൊഴികളാൽ ഹർഷം വിളമ്പുന്ന കിളികളേ
നിങ്ങളെ പുല്‌കുമാക്കാറ്റിങ്ങു പോരാതെ
നിങ്ങളെൻ ചെമ്പകച്ചില്ലകളിലണയാതെ  
മണമില്ല, പാട്ടുകളുമില്ല...

രാവിലെൻ മാനത്തുദിച്ച വെൺതിങ്കളേ
ഏഴിലം പാലകൾ പൂത്ത ഹേമന്തമേ
നിൻ ചേലുലാവുമീ മൃദുഹാസമില്ലാതെ
നിൻ തേരിറങ്ങുമീ ഋതുഭാസമില്ലാതെ 
നിലാവില്ല, നീഹാരമില്ല...

ഉള്ളിലുളവായി വിളങ്ങും സ്വരങ്ങളേ
പൊരുളാർന്നു വന്നു തിളങ്ങും വരങ്ങളേ
നിങ്ങളലിവോടെ വിരുന്നെത്തിയല്ലാതെ
മംഗളമേകി നിരന്നെങ്കിലല്ലാതെ
കഥയില്ല, കാര്യങ്ങളില്ല..!

ശിലയുമുയിർക്കുന്ന സർഗ്ഗനിമിഷങ്ങളേ 
ശലഭസമാനമാ,മായുർപുഷ്പങ്ങളേ
നിങ്ങളേതോ വിരൽത്തുമ്പിൽ തുടിക്കാതെ
നിങ്ങളേതോ നഖത്തുമ്പിനാലടരാതെ
ജനിയില്ല, മൃതികളുമില്ല...!!!

15 comments:

സൗഗന്ധികം said...

പ്രിയരേ,

പോസ്റ്റ്‌ വായിച്ച്‌, അഭിപ്രായങ്ങളെഴുതിയും (വേർഡ്‌ വെരിഫിക്കേഷൻ ഇൻ ആക്റ്റീവ്‌ ആക്കി. എന്നിട്ടും പ്രത്യക്ഷപ്പെടുന്നുണ്ട്‌. സദയം ക്ഷമിക്കുക), അല്ലാതെ തന്നെ മനസാ ആശംസകളേകിയുമൊക്കെ ഇതു വഴി കടന്നു പോകുന്ന നിങ്ങളേവർക്കും, മുൻ കൂറായിത്തന്നെ എന്റെ ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും. ചില കുഞ്ഞു തിരക്കുകൾ.... അടുത്ത വർഷം ജഗദീശ്വരനനുഗ്രഹിച്ച്‌ വീണ്ടും കാണാം. അതുവരെ ഏവർക്കും നമസ്കാരം.

എല്ലാവർക്കും സന്തോഷവും, സമാധാനവും നിറഞ്ഞൊരു ക്രിസ്തുമസ്സും, പുതുവർഷവും നേരുന്നു.. :)


ശുഭാശംസകൾ......

Bipin said...

ആകാശവും താരങ്ങളും പൂക്കളും നിലാവും, വസന്തവും ശിശിരവും,പ്രകൃതി ആകെ ഇല്ലാതെ ഒരു ജീവിതമില്ല എന്ന സത്യം. പകരുന്ന താരമേ എന്നോ പകരും താരങ്ങളെ എന്നോ ആയിരുന്നുവെങ്കിൽ കുറച്ചു കൂടി ഭംഗി, ഒഴുക്ക് വരുമായിരുന്നു. അത് പോലെ വിരുന്നെത്തിയല്ലാതെ എന്നതിന് പകരം വന്നെത്തിയല്ലാതെ എന്നും. ഇതൊന്നും മൊത്തത്തിലുള്ള കവിതാ ഭംഗിയെ ബാധിയ്ക്കുന്നില്ല.

കവിത നന്നായിരിയ്ക്കുന്നു. ആശംസകൾ.

സുമ ടീച്ചർ said...

പ്രക്യ് തിയും ജീവിതവും-സമന്വയം എന്തു മനോഹരം!എന്റെ കുഞ്ഞുങ്ങൾക്ക് താളത്തിൽ ചൊല്ലിക്കൊടുക്കാവുന്ന നല്ല ഒരു കവിത...അഭിനന്ദനങ്ങൾ

നാരായണന്‍മാഷ്‌ ഒയോളം said...

നല്ല വരികൾ...നല്ല താളം..മനോഹരമായ കവിത..അഭിനന്ദനങ്ങൾ!

നിത്യഹരിത said...

കവിത വളരെ നന്നായിരിക്കുന്നു സൗഗന്ധികം..

ക്രിസ്തുമസ് പുതുവത്സരാശംസകള്‍..

Anonymous said...

ഇതൊന്നുമില്ലാതെ ഞാനുമില്ല.!!
കവിത വായിച്ച് സന്തോഷം തോന്നി.!!

ബൈജു മണിയങ്കാല said...

സുന്ദരം നമ്മൾ ഒത്തു നിൽക്കേണ്ടുന്ന പ്രകൃതി.. വരികൾ നനുത്ത താളത്തിൽ ചൊല്ലാൻ നല്ല രസം

pravaahiny said...

നല്ല ഒഴുക്കുണ്ട് വരികള്‍ക്ക് സ്നേഹത്തോടെ പ്രവാഹിനി

SASIKUMAR said...

കലുഷിതകാലത്തെ നിലാത്തൂവൽ എന്നു ഞാൻ പറയും !!

സുധി അറയ്ക്കൽ said...


ഒരു പ്രത്യേക രീതിയിലാണു ഇക്കവിത എഴുതിയിരിക്കുന്നതെന്ന് തോന്നുന്നു..അങ്ങനെ ആണൊ??കണക്കിലെ അംശബന്ധം പോലെ.
(1:2=3:4.)എനിക്കങ്ങനെ തോന്നി.

നല്ല ഇഷ്ടമായി...

ബൈജു മണിയങ്കാല said...

എവിടെയാണ് ചങ്ങാതി...

Muralee Mukundan , ബിലാത്തിപട്ടണം said...

ശിലയുമുയിർക്കുന്ന സർഗ്ഗനിമിഷങ്ങളേ
ശലഭസമാനമാ,മായുർപുഷ്പങ്ങളേ
നിങ്ങളേതോ വിരൽത്തുമ്പിൽ തുടിക്കാതെ
നിങ്ങളേതോ നഖത്തുമ്പിനാലടരാതെ
ജനിയില്ല, മൃതികളുമില്ല...!!!

സൗഗന്ധികം said...

പോസ്റ്റ് വായിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ എല്ലാ സുമനസ്സുകൾക്കും ഹൃദയം നിറഞ്ഞ നന്ദി..

ബൈജു ഭായ്.... ഐ ലവ് യൂ.......ചില എക്സാംസിന്റെ തിരക്കുകളില്പ്പെട്ടു പോയി. ഇനീണ്ട്. കാണാം.ശുഭാശംസകൾ..........

രാജാവ് said...

നല്ലെഴുത്ത് സുഹൃത്തെ..അവസാന രണ്ട്ട് വരികള്‍ ഭയങ്കര ഇഷ്ടമായി..

nabithanarayanan vadassery said...

janiyilla...mrithiyumilla...