Wednesday, July 1, 2015

ഷേറിംഗ് മൈ ആൻസേർസ്...


കവിതാ വിഭാഗത്തിൽ ഈ കുറിപ്പ് പോസ്റ്റ് ചെയ്യുന്നതിലെ ഔചിത്യമില്ലായ്മയെപ്പറ്റി ബോധ്യമുണ്ട്. ക്ഷമിക്കുക. കുറേനാളുകൾ ക്കു ശേഷം ബ്ളോഗിലേക്ക് വീണ്ടുമെത്തുമ്പോൾ സന്തോഷമെന്നല്ലാതെ മറ്റെന്തു പറയാൻ ? ഒരോട്ടപ്രദക്ഷിണം നടത്തി. പലതരം വിഭവങ്ങൾ....  രുചിവൈവിധ്യങ്ങളുമായി എല്ലാം ചൂടാറാതെ തന്നെയിരുപ്പുണ്ട്. എല്ലാം ആസ്വദിച്ചു. സൃഷ്ടാക്കളുടെ കൈയ്യൊപ്പ് ഓരോന്നിലുമുണ്ട്.  എല്ലാവരോടും പ്രത്യേകം പ്രത്യേകം അഭിപ്രായം അറിയിക്കാൻ പറ്റാതെ പോകുന്നു. നീ  എഴുതിയതും വായിച്ചു. കൊള്ളാം. ഒപ്പം തോന്നിയ ചിലതു കൂടി പറഞ്ഞോട്ടെ ? തോന്നലുകൾ മാത്രമാവാം. എന്തായാലും അതങ്ങു പറഞ്ഞേക്കാം. സ്നേഹം, പ്രണയം, സ്വാസ്ഥ്യം, സമാധാനം ഇങ്ങനെ എന്തെല്ലാം - എത്രയോ തവണ - നീ   വാക്കിലും വരിയിലും  ചേർത്തു വയ്ക്കുന്നു. പക്ഷേ അലയടങ്ങാതെ നിന്റെ മനസ്സ്..  നിറവോ തൃപ്തിയോ ഇല്ലാതെ... എന്തു കൊണ്ട്?  ഉത്തരങ്ങൾ നീ സ്വയം പരിശോധിച്ചു കണ്ടെത്തേണ്ടതാണ്‌.  കൃത്യവും കണിശവുമായ  ചിന്തയ്ക്കൊടുവിൽ - അതിനു നീ സ്വമേധയാ തയ്യാറായാൽ മാത്രം - കൊളുത്തപ്പെട്ട് അവ ഉയർ ന്നു വരണം.  കണ്ണെത്താത്ത,  പുകമഞ്ഞു മൂടിയ അത്യഗാധതയിൽ നിന്നെന്ന പോലെ..!!  എന്താ, അതിനു പോരാത്ത വണ്ണം അശക്തമാണോ നിന്റെ മനസ്സ് ? ഇരുനൂറു ശതമാനവും അല്ല തന്നെ.! 

     കൂടെയുണ്ടാവുക ; കൈകോർത്തു നടക്കുക ; ഇഷ്ടവർത്തമാനങ്ങൾ പറയുക... ഇതൊക്കെ നീ വ്യാപരിക്കുന്ന തത്സമയങ്ങളോട് പ്രാവർത്തികമാക്കി നോക്കിയിട്ടുണ്ടോ ?  (‘ബീയിങ്ങ് ഇൻ യുവർ പ്രെസെന്റ് മൊമെന്റ്സ്’)  അവർ അതിനു പൂർണ്ണമനസ്കരായി നിന്റെയൊപ്പമുണ്ട്. അതു കുറച്ചെങ്കിലുമൊക്കെ സാധ്യമാകുമ്പോൾത്തന്നെ, മുകളിൽ തുടക്കത്തില്പ്പറയപ്പെട്ടവയെല്ലാം തന്നെ, വെറും പദങ്ങളെന്നതിലുപരി സ്വയം അനുഭവവേദ്യമാകാൻ തുടങ്ങും. നമ്മുടെയൊക്കെ ജീവിതത്തിൽ, വർത്തമാനങ്ങളിലും പ്രവൃത്തികളിലുമൊക്കെയുള്ള  സോ കാൾഡ് സ്നേഹം, പ്രണയം, സമാധാനം, തൃപ്തി, മാന്യത, സദാചാരം.... ഇവകൾ സത്യത്തിൽ എത്രമാത്രം ദുർബ്ബലമാണെന്നതു നീ ശ്രദ്ധിച്ചിട്ടുണ്ടോ?   ഇവയിലെല്ലാം നൈസർഗ്ഗികതയുടെ, ഏച്ചുകെട്ടലുകളില്ലായ്മയുടെ ജൈവസ്പർശം നന്നേ കുറവല്ലേ ? ഇനി എഴുത്തിലേക്കു വന്നാലോ . ചില പ്രശസ്ത രചനകളിൽ പ്പോലും ഈ ഏച്ചുകെട്ടലില്ലായ്മ ആപേക്ഷികതയുടെ അദൃശ്യമായ ദയാവായ്പിനാൽ ശ്വാസം വലിച്ചു കിടക്കുന്നത് ശ്രദ്ധിച്ചാൽ മസ്സിലാവും.  അപ്പൊപ്പിന്നെ  ബ്ലോഗിൽ  രചനാവൈഭവം ( ?! ) പ്രകടിപ്പിച്ചു സായുജ്യമടയുന്ന നമ്മുടെ നിസ്സാരത അല്ലെങ്കിൽ നിസ്സഹായത എടുത്തു പരാമർശിക്കേണ്ടതില്ലല്ലോ. 

വിഷയത്തിലേക്കു വരാം. സ്നേഹം, കരുതൽ, പ്രണയം, പരിഗണന ഇതൊക്കെ എല്ലാ മനുഷ്യരും ജീവിതത്തിൽ അദമ്യമായി ആഗ്രഹിക്കുന്ന കാര്യങ്ങളല്ലേ ?  ഈ അദമ്യമായ ആഗ്രഹം തന്നെയാണ്‌ ഇവകളിലേക്കെത്തുമ്പോൾ മനസ്സുകൾ തൃപ്തമാകാത്തതിനും കാരണം. ഈ മനോഹര പദങ്ങളുടെ പടിപ്പുരയും, ചുറ്റുകെട്ടുകളുമൊക്കെ പൊളിച്ചു മാറ്റീട്ട്, അവയുടെ അകത്തളത്തിലേക്കു സൂക്ഷ്മമായൊരു പരിശോധനയ്ക്കു നീയൊന്നു  ശ്രമിക്കുമോ ? നമ്മുടെ സേതുരാമയ്യർ സി.ബി.ഐ. ചെയ്യുന്ന പോലെ.  നിന്നിൽ ഇന്നോളമുള്ള  അവബോധങ്ങളുടെയൊന്നും സ്വാധീനമോ സഹായമോ കൂടാതെ, നീയെന്ന മനസ്സ് സർവ്വസ്വതന്ത്രമായി  നിഷ്പക്ഷമായി നിലകൊണ്ട്,  ബോധപൂർവ്വം ശ്രമിച്ചു തന്നെ നടത്തേണ്ടുന്ന ഒരന്വേഷണമാവണമത്.  ഉള്ളിലേക്കു പോകെപ്പോകെ, അങ്ങകത്ത്  നമ്മുടെയൊക്കെ അഹംബോധത്തിന്റെ, ഞാനെന്ന ഭാവത്തിന്റെ ഭിത്തിക്കുള്ളിൽ  ആകുലതയുടെ, ആശങ്കയുടെ വിത്തുകൾ കുടികൊള്ളുന്നതു കാണാം. അവ ഓരോന്നും വ്യത്യസ്തങ്ങളായ നിലങ്ങൾക്ക് അനുയോജ്യമായവയായിരിക്കും. ചിലത് എവിടേയും എപ്പോഴും വളരാൻ കഴിവുള്ളവയും..!! എന്തായാലും അവ അവിടെയുണ്ടെന്നതാണ്‌ വസ്തുത. അവയുടെ ഉണർവ്വിനെ പുത്തനുടുപ്പണിയിച്ച്  ‘മേയ്ക്ക് അപ്’  നടത്തിയവതരിപ്പിക്കുന്ന മനസ്സിന്റെ ഒരു കൗണ്ടർ ആക്ഷൻ ഉണ്ട്.   പണ്ട് സ്കൂളിൽ പഠിച്ച ‘ലോ ഓഫ് കൺസേർവേഷൻ ഓഫ് എനേർജി ’ ഓർമ്മയില്ലേ ?  ‘ ഊർജ്ജത്തെ നശിപ്പിക്കാൻ കഴിയില്ല ... രൂപമാറ്റം വരുത്താൻ മാത്രമേ സാധിക്കൂ... ‘  അവിടെ മറ്റൊരു രസകരമായ സംഗതി കൂടിയുണ്ട്. ഇപ്പറഞ്ഞ രൂപമാറ്റം സംഭവ്യമാകണമെങ്കിൽ ആ ഊർജ്ജത്തിനു ചില പ്രതിബന്ധങ്ങളെ കടന്നു പോകേണ്ടതുണ്ട് - ഉദാഹരണത്തിന്‌ സാദാ ഇൻ കാൻഡസെൻഡ് ബൾബുകളിൽ വൈദ്യുതിക്ക് പ്രകാശമായി രൂപാന്തരപ്പെടാൻ ഫിലമെന്റ് മെറ്റീരിയലിന്റെ ഹൈ റസിസ്റ്റൻസിനെ നേരിടണം എന്ന പോലെ - അത്തരത്തിലൊന്നൊരുക്കുകയല്ലേ   മനസ്സ് അതിന്റെ മേല്പ്പറഞ്ഞ കൗണ്ടർ ആക്ഷനിലൂടെ. ? ഇവിടെ നടക്കുന്ന ഈ ഫാൻസി ഡ്രസ്സിംഗിനെ എന്തൊക്കെ പേരിട്ടു വിളിക്കാം..? നമ്മൾ വിളിച്ചുകൊണ്ടിരിക്കുന്നു ! അഥവാ മനസ്സു നമ്മളെക്കൊണ്ടു വിളിപ്പിക്കുന്നു !! സ്നേഹം..!  പ്രണയം..!  കരുതൽ..! എന്നിങ്ങനെ എന്തെല്ലാം....

 ഇതിനെയൊക്കെ നിസ്സാരമായിക്കാണണമെന്നല്ല പറഞ്ഞുവന്നത്. സാഹിത്യരചനയിൽ വൈകാരിതയ്ക്ക്, കാല്പനികതയ്ക്ക്  ഫുൾ ആക്സിലറേറ്റർ കൊടുത്തങ്ങു പോകാം. എൻ എഫ് എസ്സൊക്കെ കളിക്കില്ലേ ? അതു പോലെ. നല്ല ഒന്നാം തരം റോഡ്... നല്ല ഗ്രാഫിക്സ്... നാലു കരണം മറിഞ്ഞു വീണാലും, പൊടിയും തട്ടിയെണീറ്റു വന്നു പിന്നേം വണ്ടി വിടാം. ജീവിതത്തിലേക്കു വരുമ്പൊഴോ..?  ഡൊമൈൻസ് മാറുമ്പോൾ കളി മാറുന്നു. നേരത്തേ പറഞ്ഞ ആശങ്കയുടെ അല്ലെങ്കിൽ ഭയത്തിന്റെ വിത്തുകളിലേതെങ്കിലും ചിലതിനു അനക്കം വച്ചു തുടങ്ങും.  ‘ഞാൻ’.. ‘എന്റേത്’... എന്നിങ്ങനെ അഹംബോധത്തിന്റെ ഭിത്തികളിലേക്ക് ആ അനക്കം; ഭയം വ്യാപിക്കുകയാണ്‌.  അഹംബോധത്തിന്റെ ഭിത്തികൾ  ഭയവിത്തുകളുടെ സ്പന്ദനങ്ങൾ ക്കു വഴങ്ങിക്കൊടുക്കും. അഥവാ അവയുമായി സിങ്ക്രൊണൈസ്ഡ് ആണ്‌. കരുത്താർജ്ജിക്കുന്ന വിത്തുകൾ തങ്ങളുടെ സഹജാവസ്ഥയ്ക്കനുസരണമുള്ള നിലമന്വേഷിക്കുന്നു. അതാണ്‌ മുമ്പേ പറഞ്ഞത് അവ വ്യത്യസ്ത നിലങ്ങൾക്കനുയോജ്യമാണെന്ന്. മനസ്സ് അതിന്റെ കൗണ്ടർ ആക്ഷൻ ആരംഭിക്കുമ്പോൾ വ്യക്തിബന്ധങ്ങൾക്കിടയിലേക്ക്  നമ്മളതിനു ചില സുന്ദരൻ പേരുകൾ നല്കിയങ്ങു പ്രതിഷ്ഠിക്കുന്നു. സ്നേഹം, പ്രണയം, ആദരവ്, കരുതൽ, വിനയം, ധൈര്യം സദാചാരം എന്നിങ്ങനെയതു നീളും. എല്ലാറ്റിന്റെയും ആധാരം ആ ഞാൻബോധത്തിനുള്ളിലിരുന്ന ഭയവിത്തു തന്നെ. മനസ്സൊരുക്കിയ ഒപ്പോസിഷനിലൂടെ  നവവസ്ത്രധാരണം ചെയ്തു നില്ക്കുന്നുവെന്നു മാത്രം. ശരിയല്ലേ ? നീയെന്താ ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ നോക്കുന്നെ ?  :)  ക്ളീഷേകൾ നിന്റെ മനസ്സിൽ ധാരാളമുണ്ട്.  സ്നേഹത്തെയും പ്രണയത്തെയുമൊക്കെപ്പറ്റി. അതു നിന്റെ വരികളെ  പ്രണയാതുരമാക്കുന്നുമുണ്ട്. അതേസമയം തന്നെ, ജീവിതത്തിലേക്കു വരുമ്പോൾ പൂർവ്വനിർമ്മിതമായ അവബോധങ്ങളുടെ കൊടിയുമേന്തി , അർത്ഥമോ ലക്ഷ്യമോ അറിയാതെ മുദ്രാവാക്യങ്ങളുയർത്തി നീങ്ങുന്ന ഒരു നിരുപാധിക ജാഥാംഗമാവാതെ  - വികാരങ്ങൾ ക്കു മുന്നിൽ തലയുയർത്തി നിന്നു കൊണ്ട് - സ്നേഹത്തെയും പ്രണയത്തെയും വീക്ഷിക്കാൻ, മനസ്സിലാക്കാൻ, ഹൃദയത്തിൽ നിറയ്ക്കാൻ നീ ശ്രമിക്കേണ്ടതുണ്ട് എന്നാണ്‌ എന്റെ അഭിപ്രായം.  ചിലപ്പോൾ അതങ്ങനെ തന്നെയായിരിക്കാം. അല്ലെന്നത് എന്റെ തെറ്റിദ്ധാരണയുമാവാം. സാരമാക്കേണ്ട.   

കവിതകളിലും,കഥകളിലും, നാടകത്തിലും,സിനിമയിലും, നൃത്തത്തിലും, പാട്ടിലുമെല്ലാം കാല്പനികത, വൈകാരികത എത്ര വേണേൽ നിറയ്കാം. പക്ഷേ,  ജീവിതത്തിൽ,  കാല്പനികതയുടെ മേൽ പൂണ്ടടക്കമുള്ള പിടിത്തം അനവസരത്തിലാകാതിരിക്കാൻ  നല്ല കരുതൽ വേണം. ആ കരുതൽ വന്നാൽ നിന്റെ മനസ്സിലെ ഇപ്പോഴുള്ള ഈ കലങ്ങി മറിയൽ ശമിക്കാൻ തുടങ്ങുമെന്നു തോന്നുന്നു. സ്നേഹത്തിന്റെ, പ്രണയത്തിന്റെ സൂക്ഷ്മാംശങ്ങളുടെ ആകാശവിശാലതയ്ക്കു മുന്നിൽ സ്ഥൂലമായ അംശങ്ങൾക്ക് തൃണസമാനതയാണെന്നു പറഞ്ഞാൽ  ഇനി നിന്റെ മുഖം വാടുമെന്നു തോന്നുന്നില്ല.  മുഖം മാത്രമല്ല ; നിന്റെ തന്നെയുള്ളിന്റെ ആഴങ്ങളിൽ ച്ചെന്നാൽ നിനക്കു മുഖാമുഖം കണ്ടു പരിചയപ്പെടാൻ കഴിയുന്ന നിന്നിലെ  പ്രണയവും ഭംഗിയോടെ പൂത്തുലഞ്ഞു തന്നെ നില്ക്കും.  അങ്ങനെ വരുമ്പോൾ ഭൗതികമായ സാന്നിദ്ധ്യത്തിന്റെ അഭാവത്തിന്മേലുള്ള  ഇണ്ടലുകളുടെ പ്രസക്തിയും മൗലികതയും അലിഞ്ഞില്ലാതാവുന്നത് നിനക്ക് സഹർഷം മനസ്സിലാക്കാം. നിന്റെ  തത്സമയങ്ങളോട് സംവദികാൻ  നീ ഇനിയുമെത്ര അമാന്തിക്കുന്നുവോ, നിന്നിലെ  നൈസർഗ്ഗികതയെ  സഹജാവസ്ഥയെ സ്വാഭാവികപ്രണയത്തെ കണ്ടെത്താനും ഹൃദയം കൊണ്ടറിയാനും  അത്ര മേൽ നീ പണിപ്പെടേണ്ടി വരുമെന്നതു കൂടി പരിഗണിക്കുക. ഒരു കുഞ്ഞിനെയെന്ന വണ്ണം നീ അതിനെ പരിചരിച്ച്, പിച്ച നടത്തി, ഇടറുമ്പോൾ താങ്ങായി കാവലായി നിന്ന് നേർവഴികാട്ടുമ്പോഴല്ലേ നിനക്കു സ്വയമാസ്വാദ്യമാകും വണ്ണം   അതിന്റെ സൗന്ദര്യവും ആരോഗ്യവും പതിന്മടങ്ങു വർദ്ധിക്കൂ..?   ഈ ജീവിതത്തിന്റെ സത്യം എന്താണെന്ന് നമുക്കറിയില്ല. ആകെക്കഴിയുന്നത്  വസ്തുതകളെ സ്വതന്ത്രമായ മനസ്സോടെ, ക്ഷമാപൂർവ്വം, നിർമ്മമതയോടെ സമീപിക്കാൻ പരിശോധിക്കാൻ തയ്യാറാവുക എന്നതു മാത്രമാണ്‌. ആ അന്വേഷണ യാത്രയിൽ വ്യവസ്ഥാപിതാവബോധങ്ങളുടെ കൈയ്യിന്മേലുള്ള പിടിത്തം വിടാൻ യുക്തിസഹമായി എപ്പൊ മനുഷ്യമനസ്സുകൾ സ്വാശ്രയശീലിതമാകുന്നുവോ അപ്പോൾ മുതൽ ജീവിതമുഹൂർത്തങ്ങളും നവീനങ്ങളാകാൻ തുടങ്ങുന്നു  എന്നതും പ്രസക്തമല്ലേ ? അതിനി ആൾക്കൂട്ടത്തിനു നടുവിലായാലും ഒറ്റയ്ക്കായാലും !!   അതിനിടയിൽ വൈകാരികതയും കാല്പനികതയും നേരം നോക്കാതെ കടന്നു വന്നാൽ ശക്തിപൂർവ്വം തന്നെ എതിർ ക്കുക. അതേസമയം വേണ്ട നേരത്ത് അവരോട് കൂട്ടുകൂടുകയും വേണം. ഒത്തിരിയങ്ങു പറഞ്ഞു.  അത് ചിലപ്പോൾ  ഞാൻ ഈ സൗഹൃദത്തെ ഏറെ വിലമതിക്കുന്നു എന്നതുകൊണ്ടു തന്നെയാവും. ഒരു സാധാരണ മനസ്സിന്റെ അഭിപ്രായങ്ങളാണ്‌. കുറവുകൾ തീച്ചയായും ഉണ്ടാകും.  അതു നീ ക്ഷമിക്കുമല്ലോ ? തത്ക്കാലം ഞാനീ പ്രസംഗം ഉപസംഹരിക്കുന്നു  :)  വീണ്ടും കാണാം.  


 ബോറടിച്ചോ ? എന്നാൽ  ദേ, ശ്രീ. യേശുദാസ് സർ ആലപിച്ച നല്ലൊരു പാട്ട്.....  കേട്ടോളൂ.....   :) .......................................................
.......................................................
നൂറു ചൈത്ര സന്ധ്യാ...രാഗം 
പൂ തൂകാവൂ നിന്നാ....ത്മാവിൽ ;
പൂ തൂകാവൂ നിന്നാത്മാവിൽ.
സാഗരമേ ശാന്തമാക നീ........
ശുഭാശംസകൾ..........
                      

26 comments:

Top Colleges said...

വളരെ നല്ല ലേഖനം

ബൈജു മണിയങ്കാല said...

ആറു മാസം എഴുതാതിരുന്നതിനു ഈ ഒഴിവു കഴിവ്
ധാരാളം
പക്ഷെ ഓരോ വാക്കുകളും വരികളും അളന്നു കുറിച്ച് എഴുതുന്ന ഒരാൾക്ക്
ഈ ഒരു കാലയളവ്‌ ഒന്നുമല്ല
എഴുത്ത് ഒരു നിയോഗമാണ്
തുടങ്ങിയ ഒരാൾക്ക് നിർത്താനാവില്ല
ഇടവേളകൾ ആസ്വദിക്കൂ ജീവിതം തന്നെയാണ് ഏറ്റവും വല്യ ക്ലീഷേ
എഴുത്തിലൂടെ തന്നെ തിരിച്ചു വരൂ
കാരണം എഴുത്ത് മനസ്സിന്റെ മൌനത്തിന്റെ ഭാഷയാണ്
എഴുതാതിരിക്കുന്നത് പോലും എഴുത്താണ് എഴുതുന്ന ഒരാൾക്ക്
അതുകൊണ്ട് തന്നെ അത് എഴുതി ഇടാതിരിക്കാനാവില്ല
ഇടവേള എത്ര എടുത്താലും..

മനോജ് ഹരിഗീതപുരം said...

സ്വാഗതം

vishnu girish said...

തിരിച്ചു വന്നതിൽ വളരെ സന്തോഷം.എഴുതിയതത്രയും സത്യം . വല്ലാതെ ഇഷ്ടപെട്ടു. ഇനി കവിതകൾ പോരട്ടെ.

vishnu girish said...

തിരിച്ചു വന്നതിൽ വളരെ സന്തോഷം.എഴുതിയതത്രയും സത്യം . വല്ലാതെ ഇഷ്ടപെട്ടു. ഇനി കവിതകൾ പോരട്ടെ.

സൗഗന്ധികം said...

TOP COLLEGES,

വളരെ നന്ദി; വന്നതിനും, അഭിപ്രായം എഴുതിയതിനും.

ശുഭാശംസകൾ.......


ബൈജു ഭായ്,

നന്ദി.. ഹൃദയാക്ഷരങ്ങൾക്ക്. പ്രോത്സാഹനങ്ങൾ ക്ക് :)

ശുഭാശംസകൾ.....


മനോജ്,

നന്ദി.. സന്തോഷം ഈ വരവിന്‌


ശുഭാശംസകൾ.....


ഡോക്ടർ ഭായ്,

സന്തോഷം. വളരെ നന്ദി ഈ സന്ദർശനത്തിന്‌ :)

ശുഭാശംസകൾ......ajith said...

കൊള്ളാം!

ഒരു സത്യം പറയട്ടെ? ആ പാട്ടിലെ വരികള്‍ ഇങ്ങനെയാണെന്ന് ദേ ദിപ്പഴാ അറിയുന്നത്.

നൂറു ചൈത്ര സന്ധ്യാരാഗം
പൂത്തൂ കാവു നിന്നാത്മാവില്‍
പൂത്തൂ കാവു നിന്നാത്മാവില്‍

എന്നാണ് ഞാന്‍ ഇതുവരെ കേട്ടുകൊണ്ടിരുന്നത്.

എന്നാലും എന്റെ സലീല്‍ ദാ.....!!

സൗഗന്ധികം said...

നന്ദി അജിത് സർ. പെട്ടെന്നു കേൾക്കുമ്പൊ അങ്ങനെ തോന്നിപ്പോകും. ആദ്യം എനിക്കും തോന്നിയിരുന്നു. പിന്നെ അച്ഛൻ ഒരിക്കൽ സംസാരത്തിനിടയിൽ ഇതേ കാര്യം പറയാനിടയായി. പൂ തൂകാവൂ എന്നാൽ എന്നാൽ പൂക്കൾ തൂകപ്പെടട്ടെ അഥവാ വർഷിക്കപ്പെടട്ടെ എന്നാത്രെ അർത്ഥം. വന്നതിനും അഭിപ്രായമെഴുതിയതിനും ഒരിക്കല്ക്കൂടി ഹൃദയം നിറഞ്ഞ നന്ദി...


ശുഭാശംസകൾ.....

ഡോ. പി. മാലങ്കോട് said...

Yes, you shared your answers! Veendum varika. Aasamsakal.

Bipin said...

നോർമലായിട്ടില്ല അല്ലേ? സാരമില്ല. ഞങ്ങളൊക്കെ തന്നെയാണ് ബ്ലോഗ്‌ ലോകത്തിൽ. അത് കൊണ്ട് കവിത തുടർന്നോളൂ.

സൗഗന്ധികം said...

വളരെ നന്ദി ഡോക്ടർ അഭിപ്രായങ്ങൾ എഴുതുന്നതിനും പ്രോത്സാഹനമരുളുന്നതും.


ശുഭാശംസകൾ.....


ബിപിൻ സർ,

വളരെ നന്ദി.. വരവിനും അഭിപ്രായം രേഖപ്പെടുത്തിയതിനും. ഞാൻ നോർമലാണെന്ന് എന്നെക്കൊണ്ടു പറയിച്ചിട്ടു വേണം അല്ലേ.. അയ്യടി മനമേ... ഞാൻ നോർമലേ അല്ല. ഹി...ഹി... വേല മനസ്സിലിരിക്കട്ടെ :)

ഈ ലക്കം മാധ്യമം ആഴ്ച്ചപ്പതിപ്പിൽ (2015 ജൂൺ 29, പുസ്തകം 18, ബോക്സർ മുഹമ്മദ് അലിയുടെ മുഖച്ചിത്രമുള്ളത് ) അമ്പത്തൊമ്പതാം പേജിൽ കെ.ആർ. ടോണി എഴുതിയ “ നോർമൽ” എന്നൊരു കവിതയുണ്ട്. അതൂടെ വായിച്ചു കഴിഞ്ഞപ്പൊ നോർമലായിട്ടൂം വല്യ കാര്യമിലാന്നു തോന്നുവാ :) ഒരിക്കൽ ക്കൂടി നന്ദി. ...


ശുഭാശംസകൾ......

Jithu said...

ആകര്‍ഷണമുള്ള എഴുത്ത് .............

സൗഗന്ധികം said...

വളരെ നന്ദിയുണ്ട്.. വരവിനും പ്രോത്സാഹനങ്ങൾക്കും..

ശുഭാശംസകൾ....

കുട്ടനാടന്‍ കാറ്റ് said...

ഞാൻ നോർമലേ അല്ല. ഹി...ഹി.

സൗഗന്ധികം said...

സെയിം പിച്ച്..... :)

വളരെ നന്ദി റിനു ഭായ് ഈ സ്നേഹാഗമനത്തിന്‌

ശുഭാശംസകൾ.......

Shahid Ibrahim said...

Welcome back

സൗഗന്ധികം said...

ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു ഷഹീദ്..

ശുഭാശംസകൾ..........

റിനി ശബരി said...

ചോദ്യ ശരങ്ങളൊക്കെ .. വന്നങ്ങട് മുട്ടും പൊലെ ..
ആദ്യയായ് വായിക്കുന്നു എന്നാണ് തൊന്നല്‍ ..
പക്ഷേ ആകെ കണ്‍ഫ്യൂഷന്‍ :)
ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ളത്
വളരെ പെട്ടെന്നെന്ന പൊലെ ..
കാല്പനികതയുടെ തീരത്ത് നിന്നും
ചില നേരുകളിലേക്ക് ചേക്കേറുമ്പൊള്‍
വരികള്‍ നമ്മേ തന്നെ നോക്കി പല്ലിളിക്കുന്നുണ്ടാകും ..
മനസ്സിലേക്ക് ആവാഹിച്ചെടുക്കാന്‍ പറ്റാതായ് പൊകുന്നു
ഈയിടയായിട്ട് , അതിനാല്‍ തന്നെ പലതിന്റെയും
ആഴമറിയാതെ പൊകുന്നെന്നുള്ളത് നേര് .. അതെന്റെ
വായനയുടെ ശക്തിയില്ലായ്മയാകാം .. പലപ്പൊഴും
ജീവിതത്തിന്റെ അനവസരത്തില്‍ കാല്പനികതയും
വൈകാരികതയും ചെന്നങ്ങട് വീഴും അപ്പൊള്‍ എന്താണോ
ഉദ്ദേശിക്കുന്നത് അതാകില്ല ആ നിമിഷം പകര്‍ന്ന് നല്‍കുക
അതാകും പരിണിത ഫലം .. ഇനിയുമെഴുതുക .. വായിക്കാനുണ്ടാകും
എനിക്കും മടിയായിരുന്നു .. ഇങ്ങൊട്ടൊക്കെ വന്നിട്ടൊരുപാടായ്

സൗഗന്ധികം said...

ഹായ് റിനി ഭായ്...

വീണ്ടും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ഈ നിലോഭമായ പ്രോത്സാഹനത്തിനു ഹൃദയം നിറഞ്ഞ നന്ദി...

കൺഫ്യൂഷനാക്കിയതിനു സോറി കേട്ടോ.? :) ബിപിൻ സർ ഉള്ളിൽത്തട്ടി പറഞ്ഞതാരുന്നെന്ന് ഇപ്പൊ മനസ്സിലായി. ഹ...ഹ.....ഹ....ഹ..ഹ.. വായിച്ചപ്പോൾ ആശയക്കുഴപ്പമുണ്ടായെങ്കിൽ എന്റെ എഴുത്തിന്റെ പോരായ്മ തന്നെയാണ്‌ വെളിവാക്കുന്നത്. സ്വന്തം ബ്ളോഗല്ലേ എന്നൊരു സ്വാതന്ത്ര്യബോധത്തിൽ, ആ പോരായ്മകളെ ഞാൻ കാണാതെ പോയി എന്നതാവും സംഭവിച്ചത്. പ്രപഞ്ചത്തിൽ, കാല്‌പനികതയിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് പ്രകൃതി നിശ്ചയിച്ചു വച്ചിട്ടുള്ള ദൂരമാണ്‌ നിലാവിനെ ഭൂമിയിൽ ഇത്രമേൽ സുന്ദരമാക്കുന്നത്. അതുപോലെ നമ്മൾ മനുഷ്യരും - സാഹിത്യരചനകളിലേതിൽ നിന്നു വിഭിന്നമായി - ജീവിതത്തിലെ ഓരോരോ സന്ദർഭങ്ങളിലും മേല്‌പറഞ്ഞവയ്ക്കിടയിൽ ആവശ്യമായ ദൂരങ്ങൾ നിർണ്ണയിച്ചാൽ ജീവിതത്തിൽ സൗന്ദര്യം നിറയ്ക്കാമെന്നു പറയാനാണു ശ്രമിച്ചത്. റിനി ഭായ് പറഞ്ഞതു പോലെ അതല്‌പം പ്രയാസമാണ്‌. കാരണം, കാല്‌പനികതയിൽ നമ്മുടെ ഭൂതകാലാവബോധങ്ങൾക്കും അതുപോലെ തന്നെ നമ്മുടെ ഭാവികാലസ്വപ്നങ്ങൾക്കുമുള്ള സ്വാധീനം ഒട്ടും തന്നെ ചെറുതല്ല എന്നതാണെന്നു തോന്നുന്നു. ആ തോന്നലാണ്‌ ഇതിനെയൊന്നും ചാരാതെ യാഥാർത്ഥ്യത്തിൽ, സ്വതന്ത്രമായി, സ്വാശ്രയമായി നില്‌ക്കുന്ന വർത്തമാനകാലത്തിന്റെ പ്രസക്തിയെപ്പറ്റി പരാമർശിച്ചത്. എന്തായാലും സംഭവം എട്ടുനിലേൽ ചീറ്റീന്ന് മനസ്സിലായി :)

വിശദമായ വായനയ്ക്കും അഭിപ്രായമെഴുത്തിനും ഒരിക്കല്ക്കൂടി എന്റെ നന്ദി...ശുഭാശംസകൾ................

satheesan op said...

:-)

സൗഗന്ധികം said...

ഹലോ സതീഷ്....

സന്തോഷം ഈ സന്ദർശനത്തിൽ. വളരെ നന്ദി.....

ശുഭാശംസകൾ......

രാജാവ് said...

പുതിയ വായനക്കാരനാണ്..എഴുത്തും സാഹിത്യവും നന്നായിരിക്കുന്നു..ഇനി ബാക്കി ഓരോ എഴുത്തുകളില്‍ കൂടിയും ഒന്ന്‍ കണ്ണോടിക്കട്ടെ..

സൗഗന്ധികം said...

എൻ ഹൃദയപ്പൂത്താലം
നിറയേ, നിറയേ,
മലർ വാരി നിറച്ച്
വരുമോ രാജാവേ....

പഴയൊരു ഓണപ്പാട്ടാ. ഈ പേരു കണ്ടപ്പൊ പെട്ടന്നു പാടിപ്പോയതാ :) വളരെ സന്തോഷം; നന്ദി ഈ വരവിനും വായനയ്ക്കും.

ശുഭാശംസകൾ......

കല്ലോലിനി said...

ക്ഷമിക്കണം...
ഈ ലേഖനം മുഴുവൻ വായിക്കാനുള്ള വളര്‍ച്ച എനിക്കായിട്ടില്ലെന്നു തോന്നുന്നു. പകുതി വായിച്ചപ്പോഴേ തലച്ചോറില്‍ ചിന്തകളും വാചകങ്ങളും കെട്ടുപിണഞ്ഞ് ആകെ ഊരാക്കുടുക്കായി .....!! :-\

Lini said...

veryyy good

സൗഗന്ധികം said...

കല്ലോലിനി,

അങ്ങനെയങ്ങ് എഴുതിപ്പോയി. ബോറടിപ്പിച്ചതിനു ക്ഷമിക്കണം. വന്നതിനു വളരെ സന്തോഷം. ഹൃദയം നിറഞ്ഞ നന്ദിയും.

ഓണാശംസകൾ....


ലിനി,

വളരെ നന്ദി വന്നതിനും പ്രോത്സാഹനമേകിയതിനും.


ഓണാശംസകൾ.....