Friday, July 31, 2015

ആരണ്യകം


ഉച്ചനേരത്ത് കുഞ്ഞുങ്ങൾക്ക് തീറ്റയുമായി
കൂട്ടിലേക്കെത്തിയപ്പോഴും 
പെൺകിളി ഒരു കാര്യം ശ്രദ്ധിച്ചു.
കാട്ടാറിന്റെ കരയിലെ ഞാങ്ങണക്കൂട്ടത്തിനിടയിൽ
ഇപ്പോഴും  അനക്കമുണ്ട്. !

സന്ധ്യ മയങ്ങിയപ്പൊഴേക്കും ആൺകിളിയുമെത്തി.
സ്നേഹവാത്സല്യങ്ങളുടെ കലപിലച്ചന്തങ്ങൾ..
പുതുരുചികളുടെ പങ്കുവയ്ക്കലുകൾ..
ഊരുവിശേഷങ്ങളുടെ കാതോരവർത്തമാനങ്ങൾ..

രാവിന്റെ സ്വച്ഛതയിലേക്ക്,
കാട്ടാറിന്റെ മാറിലേക്ക്,
ആരണ്യമൗനത്തിലേക്ക്,
പെയ്തിറങ്ങുന്ന പൂനിലാവ്..
കാട്ടുപൂവുകൾ ഇതൾ വിരി-
ഞ്ഞൊരുങ്ങിയ ഗന്ധമാദനരാവ്..

ഇപ്പോൾ, ആറ്റിറമ്പിൽ നിന്നും
ആ പിടച്ചിൽ വ്യക്തമായി കേൾക്കാം !
    പെൺകിളി ചോദിച്ചു :
   “കേൾ ക്കുന്നില്ലേ...?  ഇനിയുമൊടുങ്ങാതെ...”
    ആൺകിളി പ്രതിവചിച്ചു :
   “ചിലതങ്ങനെയാ; 
    ചെറുനനവ് മതി.
    നിറഞ്ഞൊഴുകുന്ന 
    സ്നേഹത്തിന്റെയോരത്ത്
    ഊർദ്ധ്വൻ വലിച്ചങ്ങനെ 
    കിടന്നു പിടയും. ! ”

    കുഞ്ഞുങ്ങളിലൊരാളിന്റെ സംശയം :
   “അതെന്താമ്മേ ചാവാത്തേ..? ”
    സ്നേഹച്ചിറകുകളുടെ ഇളംചൂടിലേക്കൊതുങ്ങവെ
    പെൺകിളി പറഞ്ഞു :
   “ചിലതങ്ങനെയാ; 
    ചെറുനനവ് മതി.
    നിറഞ്ഞൊഴുകുന്ന 
    സ്നേഹത്തിന്റെയോരത്ത്
    ഊർദ്ധ്വൻ വലിച്ചങ്ങനെ കിടക്കും.
    ചെന്നിറം ചോരാതെ ചില ചെകിളപ്പൂവുകൾ...
    ആഴങ്ങളെയോർത്ത് പിടഞ്ഞ്...പിടഞ്ഞ്..... ! ”

കാടുറങ്ങി...മേടുറങ്ങി...കിളിക്കൂടും രാവുറങ്ങി
വെള്ളിനിലാവിൽക്കുളിച്ചൊഴുകുന്ന കാട്ടാറിന്റെ തീരത്ത്
ആ ഞാങ്ങണത്തണ്ടുകളിപ്പോഴും പിടഞ്ഞുലയുന്നുണ്ട്..!!



(ഞാങ്ങണ : പൊക്കത്തിൽ വളരുന്ന ഒരുതരം പുല്ലുവർഗ്ഗസസ്യം)









18 comments:

C R said...

നന്നായിരിക്കുന്നു...

സൗഗന്ധികം said...

സന്ദീപ്,

വളരെ നന്ദി ഈ പ്രോത്സാഹനത്തിന്‌

ശുഭാശംസകൾ.....

drpmalankot said...

Beautiful ! Best wishes, my friend.

സൗഗന്ധികം said...

വളരെ നന്ദി ഡോക്ടർ; വന്നതിനും പോസ്റ്റ് വായിച്ച് പ്രോത്സാഹനമേകുന്നതിനും.

ശുഭാശംസകൾ.....

ajith said...

സൌഗന്ധികക്കവിത. മനോഹരം

സൗഗന്ധികം said...

അജിത് സർ,

ഹൃദയം നിറഞ്ഞ നന്ദി; വായനയ്ക്കും പ്രോത്സാഹനങ്ങൾക്കും


ശുഭാശംസകൾ.....

കൊച്ചു ഗോവിന്ദൻ said...

ഹൃദ്യമായ കവിത. ഇഷ്ടപ്പെട്ടു. ഇനിയും വരാം :)

സൗഗന്ധികം said...

വളരെ നന്ദി ശ്രീ. കൊച്ചുഗോവിന്ദൻ; വന്നതിനും അഭിപ്രായങ്ങൾ എഴുതി പ്രോത്സാഹിപ്പിച്ചതിനും. ഇനിയും വരിക. :)

ശുഭാശംസകൾ.......

Vishnu Girish said...

ആഴങ്ങളെയോർത്ത് പിടഞ്ഞ്...പിടഞ്ഞ്..... !

ഗംഭീരമായ് ഭായ്.

സൗഗന്ധികം said...

വളരെ നന്ദി ഡോക്ടർ ഈ വരവിനും അഭിപ്രായങ്ങൾക്കും.

ശുഭാശംസകൾ......



Mohammed Kutty.N said...

പ്രിയ സൗഗന്ധികം.കണ്ടിട്ട് കുറെ ആയല്ലോ.ബ്ലോഗിനോട് വിട ചൊല്ലിയെന്നാണ്‌ കരുതിയത്‌.മറ്റൊരാളുടെ ബ്ലോഗില്‍ നിന്നും കണ്ടു പിടിച്ചു.ഇവിടുത്തെ കവിതകള്‍ എനിക്കു ലഭ്യമാവാന്‍ സാധിക്കണേ എന്ന പ്രാര്‍ഥനയോടെ ....!'ആരണ്യകം' നന്നായി എന്ന് പ്രത്യേകം പറയേണ്ടല്ലോ ? എന്‍റെ 'ഒരിറ്റി'ലേക്ക് ക്ഷണിക്കുന്നു.വലിയ സദ്യയൊന്നും കാണില്ല ട്ട്വാ.ന്നാലും ...വരണേ!സ്നേഹാദരവുകള്‍ !!

വിനോദ് കുട്ടത്ത് said...

“ചിലതങ്ങനെയാ; 
    ചെറുനനവ് മതി.
    നിറഞ്ഞൊഴുകുന്ന 
    സ്നേഹത്തിന്റെയോരത്ത്
    ഊർദ്ധ്വൻ വലിച്ചങ്ങനെ 
    കിടന്നു പിടയും. ! ”
മനോഹരമായി രചന .... വേറിട്ട ശൈലി.... ആശംസകൾ.... കൂടെ കൂടുന്നു...... സൂര്യവിസ്മയത്തിലേക്കും വരിക......

സൗഗന്ധികം said...

ബഹു : മുഹമ്മദ് കുട്ടി സർ,

അങ്ങയെ വീണ്ടും കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം ഞാനുമറിയിക്കട്ടെ. പോസ്റ്റുകൾ ഇഷ്ടമാകുന്നു എന്നറിഞ്ഞതിലും വളരെ സന്തോഷമുണ്ട് . മറ്റുള്ള വ്യക്തികളുടെ സദ് വശങ്ങളെ മാത്രം കാണാൻ ഉത്സുകമായ ഒരു മനസ്സുള്ളതു കൊണ്ടാണ്‌ അങ്ങയിൽ നിന്നും ഇത്രയേറെ നന്മനിറഞ്ഞ വാക്കുകൾ പുറപ്പെടുന്നതെന്നു ഞാൻ വിശസിക്കുന്നു. ഹൃദയവിശാലത കൊണ്ട് അങ്ങെഴുതിയെങ്കിലും, പല വാക്കുകളുടെയും അർത്ഥവ്യാപ്തിയുൾക്കൊള്ളാൻ തക്ക വലിപ്പവും അർഹതയും എന്റെ വ്യക്തിത്വത്തിനില്ല എന്ന സത്യം അതിലും വലിപ്പമാർന്നു എന്റെ മുന്നിൽ നില്ക്കുന്നു. കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ എന്നല്ലേ. അതിനാൽ അവയിലെ സ്നേഹത്തെ മാത്രം ഞാൻ സർവ്വാത്മനാ ഉൾക്കൊള്ളുന്നു. പിന്നെ, ‘ഒരിറ്റ്’ എനിക്കു അപരിചിതമല്ലല്ലോ. ഇനിയും കാണാം സർ :)

സ്നേഹത്തിനും പ്രോത്സാഹനങ്ങൾക്കും ഒരായിരം നന്ദി; നമസ്കാരം.

ശുഭാശംസകൾ സർ......



ശ്രീ. വിനോദ് കുട്ടത്ത്,

ഒരുപാട് നന്ദി, സന്തോഷം; വന്നതിനും അഭിപ്രാങ്ങൾ കുറിച്ചതിനും. കാണാം :)

ശുഭാശംസകൾ.....


കല്ലോലിനി said...

സ്നേഹവാത്സല്യങ്ങളുടെ കലപിലച്ചന്തങ്ങൾ..
പുതുരുചികളുടെ പങ്കുവയ്ക്കലുകൾ..
ഊരുവിശേഷങ്ങളുടെ കാതോരവർത്തമാനങ്ങൾ..

രാവിന്റെ സ്വച്ഛതയിലേക്ക്,
കാട്ടാറിന്റെ മാറിലേക്ക്,
ആരണ്യമൗനത്തിലേക്ക്,
പെയ്തിറങ്ങുന്ന പൂനിലാവ്..
കാട്ടുപൂവുകൾ ഇതൾ വിരി-
ഞ്ഞൊരുങ്ങിയ ഗന്ധമാദനരാവ്.!!!!
ഹൊ!!!! എന്തൊരു മനോഹാരിതയാണ് ഈ വരികൾക്ക്....

Bipin said...

പലകുറി വായിച്ചിട്ടും അർത്ഥം മനസ്സിലേക്ക് വരാതെ മാറി നിൽക്കുന്നു.

സൗഗന്ധികം said...

കല്ലോലിനി,

ഹൃദയം നിറഞ്ഞ നന്ദി; വന്നതിനും അഭിപ്രായങ്ങൾ അറിയിച്ചതിനും.

ശുഭാശംസകൾ.....



ബിപിൻ സർ,

വായിക്കുന്നവർക്ക് അർത്ഥം മനസ്സിലായില്ലേൽ എഴുതിയവർക്ക് ഒരു ക്രെഡിറ്റാ ഇക്കാലത്ത് :) ഞാൻ ചുമ്മാ പറഞ്ഞതാ കേട്ടോ ?

ഒരു കാട്. അവിടെ ഒരു കാട്ടാറ്‌. “ കാട്ടില്പ്പിന്നെ കാട്ടാറല്ലാതെ”.. എന്നു ചോദിക്കല്ലേ പൊന്നു സാറേ.. :)
അതിന്റെയോരത്ത് ഒരു ഞാങ്ങണക്കൂട്ടമുണ്ട്. ഞാങ്ങണയെന്താണെന്ന് താഴെ ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. ഏറെയകലെയല്ലാതെ ഒരു മരം . അതിൽ ഒരു കിളികുടുംബം പാർപ്പുണ്ട്. കുഞ്ഞുകുട്ടുപരാധീനങ്ങളടക്കം. കപ്പിൾസ് രാവിലേ തീറ്റ തേടി പോയപ്പോഴും ഞാങ്ങണകൂട്ടത്തിനിടയിൽ ഒരനക്കം ശ്രദ്ധിച്ചിരുന്നു. അതെന്താണെന്നു അവർ കണ്ടുമനസ്സിലാക്കിയിട്ടുണ്ട്. പക്ഷേ സസ്പെൻസിനായിട്ട് അത് വായനക്കാരെ അറിയിക്കുന്നില്ല. ഉച്ചയ്ക്ക് വന്നപ്പോഴും പെൺകിളി ആ അനക്കം തുടരുന്നതു ശ്രദ്ധിക്കുന്നു. വൈകിട്ട് ആമ്പെറന്നോനും എത്തി. പിന്നെ ഇച്ചിരി കുടുംബകാര്യം. കപ്പിൾസല്ലേ? രാത്രിയിലേക്ക് ഒരു മൂഡ് ക്രിയേഷൻ. രാത്രിയുടെ നിശ്ശബ്ദ്ദതയിൽ ആറ്റോരത്തെ അനക്കം വ്യക്തമായിക്കേൾ ക്കാം കേട്ടോ..! പെൺകിളി ചോദിച്ചു “ ഡിയർ , അതു കേൾക്കുന്നില്ലേ..ഇനിയും തീരാതെ”..! ഭർത്താവ് പ്രതിവചിച്ചു. ( രണ്ടാൾക്കും ആറ്റോരത്തെ അനക്കത്തിന്റെ കാര്യമറിയാന്നു മറക്കരുതേ)
“ ചിലതങ്ങനെയാ. ചെറു നനവു മതി. നിറഞ്ഞൊഴുകുന്ന സ്നേഹത്തിന്റെയോരത്ത് ഊർദ്ധ്വൻ വലിച്ചങ്ങനെ കിടക്കും.“ കപ്പിൾസ് ഉറങ്ങാനുള്ള തയ്യാറെടുപ്പായി. ഇതിനെടേൽ പണ്ടാരമടങ്ങാൻ ഒരു കിളിക്കുഞ്ഞിനു സംശയം. ”അതെന്താമ്മേ ചാവാത്തേ“ എന്ന്. ( ഊരു വിശേഷങ്ങളുടെ കാതോരവർത്തമാനങ്ങൾ കുഞ്ഞുങ്ങളും ശ്രദ്ധിച്ചിരുന്നു എന്ന് നാമേവരും ഓർക്കണം! ) പെൺകിളി പതുക്കെ കണവന്റെ മാറിലേക്കൊതുങ്ങിക്കോണ്ട് പറയുന്നു
“ ചിലതങ്ങനെയാ. ചെറു നനവു മതി. നിറഞ്ഞൊഴുകുന്ന സ്നേഹത്തിന്റെയോരത്ത് ഊർദ്ധ്വൻ വലിച്ചങ്ങനെ കിടക്കും.” ഇനി സസ്പെൻസ് വെളിപ്പെടുത്തുന്നു. ചെന്നിറം ചോരാതെ ചില ചെകിളപ്പൂവുകൾ ! ഒരു മത്സ്യത്തിന്റെ മരണപ്പിടച്ചിലായിരുന്നു ആറ്റോരത്തെന്നാണ്‌ പെൺകിളിയുദ്ദേശിച്ചത്. കുഞ്ഞുങ്ങളോട് അത്രയും പറഞ്ഞാൾ മതിയല്ലോ. കാരണം അവർ വളരുമ്പോൾ മനസ്സിലാക്കിക്കോളുമല്ലോ. മത്സ്യത്തിനെസ്സംബന്ധിച്ച് ആ കാട്ടാറിന്റെ ആഴങ്ങൾ തന്നെയാണല്ലോ അതിനു പ്രാണനേകുന്നത്. അതിനു ജീവനേകിയ ആ സ്നേഹം മുന്നിലൂടെ നിറഞ്ഞൊഴുകുന്നു. ആറ്റോരത്തെ ലഭ്യമായ ചെറുനനവിൽ അത് ആ പ്രാണൻ വെടിയാതെ പിടയുന്നു. താൻ നീന്തിത്തുടിച്ചിരുന്ന ആഴങ്ങളെയോർത്ത് ! ഇതെങ്ങനെ കരയിൽ വന്നെന്ന് എനിക്കുമറിഞ്ഞൂടാ കേട്ടോ ? പിന്നെ സംഭവം നടക്കുന്നത് ഞാങ്ങണക്കൂട്ടത്തിനിടേലായതിനാൽ ഞാങ്ങണത്തണ്ടുകളും പിടയുമല്ലോ?

രാവേറെയായി. എല്ലാരുമുറങ്ങി. കിളിക്കുടുംബവുമുറങ്ങി. അപ്പോഴും ആ ഞാങ്ങണത്തണ്ടുകൾ പിടഞ്ഞുലയുന്നുണ്ട്. ആ ചെകിളപ്പൂക്കളിൽ ഇപ്പോഴും ജീവന്റെ തുടിപ്പുണ്ടെന്നർത്ഥം. പ്രാണനുസമമായ സ്നേഹത്തെയോർത്ത് അവസാനശ്വാസത്തിലും. ! ലൊക്കേഷൻ കാടായോണ്ടാ ആരണ്യകം എന്നു പേര്‌.

“ഹെന്റമ്മേ ഞാനിച്ചിരി വെള്ളം കുടിച്ചേച്ചു വരാം...”

വന്നതിനും രണ്ടു വാക്കു കുറിച്ചതിനും വളരെനന്ദി സർ


ശുഭാശംസകൾ....

കുട്ടനാടന്‍ കാറ്റ് said...

ആരണ്യമൗനം മൗനമില്ലാതെ പിടയുന്നു

Satheesan OP said...

കുഞ്ഞുങ്ങളിലൊരാളിന്റെ സംശയം :
“അതെന്താമ്മേ ചാവാത്തേ..? ”
സ്നേഹച്ചിറകുകളുടെ ഇളംചൂടിലേക്കൊതുങ്ങവെ
പെൺകിളി പറഞ്ഞു :
“ചിലതങ്ങനെയാ;
ചെറുനനവ് മതി.
നിറഞ്ഞൊഴുകുന്ന
സ്നേഹത്തിന്റെയോരത്ത്
ഊർദ്ധ്വൻ വലിച്ചങ്ങനെ കിടക്കും.
ചെന്നിറം ചോരാതെ ചില ചെകിളപ്പൂവുകൾ...
ആഴങ്ങളെയോർത്ത് പിടഞ്ഞ്...പിടഞ്ഞ്..... ! ”

മനോഹരം മാഷെ ,ഒരുപാട് ഇഷ്ടം .വായിക്കാൻ വൈകി ഞാൻ . വിശദീകരിച്ചു താഴെ അർത്ഥം പറഞ്ഞതിൽ മാത്രം വിയോജിപ്പ് .മറ്റൊന്നും കൊണ്ടല്ല എഴുത്തുകാരന്റെ എഴുതാനുള്ള അവകാശം പോലെ എഴുതിക്കഴിഞ്ഞാൽ വായനക്കാരന് വിട്ടേക്കൂ :-) . മീനിന്റെ പിടച്ചിലായിട്ടല്ല ഒരു ജീവന്റെ പിടച്ചിലായിട്ടായിരുന്നു ഞാൻ വായിച്ചതു . ഒരുപാടു സ്നേഹം .