Wednesday, November 26, 2014

തണലിടങ്ങൾ

നിലയ്ക്കുന്നില്ല;
ഊർദ്ധ്വസാനുക്കളിൽ നിന്നൊഴുകും
സ്നേഹനീർത്തുള്ളികളുടെ തീർത്ഥയാത്ര.
അനാദ്യന്തയുഗമാല കോർത്തിണക്കും
പുരുഷാന്തരങ്ങളാം പ്രണയമാത്ര..!

തീർന്നുപോകുന്നില്ല;
ശോകയൂഥങ്ങളെരിയുന്ന നെഞ്ചിൻ
ചന്ദനച്ചിതകളരുളും സുഗന്ധം.
ചാരം പറന്നു പടർന്ന മണ്ണിൽ,
പരാഗങ്ങൾ തൂവി വിടരും വസന്തം...!

പൊഴിഞ്ഞൊഴിയുന്നില്ല;
നീളേ, വിളഞ്ഞ്‌ പഴുത്ത വെയിലിൽ
ചൊടിയോടെ നിന്നു ചിരിച്ച പൂക്കൾ
പകരം പകർന്ന നറുതേൻ തുള്ളികൾ
നുകരുന്ന ചുണ്ടിലെ പുഞ്ചിരികൾ...!

മങ്ങുന്നില്ല;
മനസ്സിൽ വിടരുന്ന  മാധവങ്ങൾ-
തീർത്ത, കണിപോലൊരുങ്ങി നില്‌ക്കുന്ന സ്വപ്നം.
ഒരുമിച്ചു കാണുവാൻ, ചൂടിനിൽക്കാൻ
നിലാക്കോടി നീർത്തുന്ന ചന്ദ്രബിംബം...!

മായുന്നുമില്ല;
കാലം നിവർത്തും തിരശ്ശീലയിൽ
സമയമനുപമം തീർക്കുന്ന ചിത്രണങ്ങൾ.
വേനൽ തിമിർക്കും വഴിത്താരയിൽ
സദയ,മനുപദം നിയതി തൻ തണലിടങ്ങൾ.. !!!

24 comments:

ajith said...

മനസ്സിലെങ്ങും മാധവം. കവിതയുടെ മനോഹരത്വം

സൗഗന്ധികം said...

വായനയ്ക്കും, എന്നും തന്നുപോരുന്ന പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി അജിത്‌ സർ.


ശുഭാശംസകൾ......

AnuRaj.Ks said...

വളരെയധികം പദസമ്പത്ത് കൈയിലുള്ള വ്യക്തിയാണ് താങ്കള്‍....അതിന്റെ ഗുണം കവിതയില്‍ കാണുന്നുണ്ട്..

ബൈജു മണിയങ്കാല said...

സുന്ദരം

ഘനഗംഭീര പദങ്ങൾ
അയത്നലളിതം
എന്നിട്ടും ലളിതമായി വായിച്ചു പോകാൻ കഴിയുന്നത്‌
ശോകയൂഥങ്ങളെരിയുന്ന നെഞ്ചിൻ
ചന്ദനച്ചിതകളരുളും സുഗന്ധം ശോകയൂഥമെന്ന പദം ഈ വരികൾ
സമയമനുപമം
സദയ,മനുപദം ക്ലാസ്സ്‌

സൗഗന്ധികം said...

അനുരാജ്‌,

വളരെ നന്ദി ഈ പ്രോത്സാഹനത്തിന്‌.

ശുഭാശംസകൾ.....


ബൈജു ഭായ്‌,

വളരെ സന്തോഷം വിശദമായ വായനയ്ക്കും അഭിപ്രായങ്ങൾക്കും.


ശുഭാശംസകൾ.....

drpmalankot said...

മങ്ങുന്നില്ല;
മനസ്സിൽ വിടരുന്ന മാധവങ്ങൾ-
തീർത്ത, കണിപോലൊരുങ്ങി നില്‌ക്കുന്ന സ്വപ്നം.
ഒരുമിച്ചു കാണുവാൻ, ചൂടിനിൽക്കാൻ
നിലാക്കോടി നീർത്തുന്ന ചന്ദ്രബിംബം...!
Excellent!

സൗഗന്ധികം said...

നിസ്സീമമായ നന്ദി ഡോക്ടർ. പോസ്റ്റ്‌ വായിച്ചും അഭിപ്രായങ്ങളെഴുതിയും നൽകുന്ന പ്രോത്സാഹനത്തിന്‌.

ശുഭാശംസകൾ.....

നിത്യഹരിത said...

ചാരം പറന്നു പടര്‍ന്ന മണ്ണില്‍ വസന്തം ഇനിയും വിടരട്ടെ..നല്ല നിമിഷങ്ങള്‍..

സൗഗന്ധികം said...

ഹൃദയം നിറഞ്ഞ നന്ദി; ഈ നല്ല വാക്കുകൾക്ക്‌.


ശുഭാശംസകൾ .....

SASIKUMAR said...

പ്രതീക്ഷ പ്രതീക്ഷ !! സൌഗന്ധികം ഞാൻ താങ്കളെ ശുഭപ്രതീക്ഷയുടെ അംബാസ്സഡർ എന്നു വിളിക്കും !!!

SATVIKA said...

valare nalla kavitha.aasahamsakal

kanakkoor said...

മനോഹരം

സൗഗന്ധികം said...

ശശികുമാർ സർ,

ഒരുപാട്‌ നന്ദി, വായനയ്ക്കും നല്ല വാക്കുകൾക്കും .

ശുഭാശംസകൾ......


ശ്രീമതി.സാത്വിക,

വളരെ നന്ദി, അഭിപ്രായമെഴുതി പ്രോത്സാഹിപ്പിക്കുന്നതിന്‌ . വിജയങ്ങൾ നേരുന്നു.

ശുഭാശംസകൾ......


കണക്കൂർ സർ,

എറെ നാളുകൾക്കു ശേഷമീ വഴിയുള്ള വരവിനും, പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി.

ശുഭാശംസകൾ.....

Muralee Mukundan , ബിലാത്തിപട്ടണം said...

മനസ്സിൽ വിടരുന്ന മാധവങ്ങൾ-
തീർത്ത, കണിപോലൊരുങ്ങി നില്‌ക്കുന്ന സ്വപ്നം.
ഒരുമിച്ചു കാണുവാൻ, ചൂടിനിൽക്കാൻ
നിലാക്കോടി നീർത്തുന്ന ചന്ദ്രബിംബം...!

സൗഗന്ധികം said...

ഹൃദയപൂർവ്വം നന്ദി.... വായന്യ്ക്കും, പ്രോത്സാഹനത്തിനും

ശുഭാശംസകൾ......

Musthu Urpayi said...

തീർന്നുപോകുന്നില്ല;
ശോകയൂഥങ്ങളെരിയുന്ന നെഞ്ചിൻ
ചന്ദനച്ചിതകളരുളും സുഗന്ധം.

സൗഗന്ധികം said...

നന്ദി..സന്തോഷം; വായിച്ചതിനും, പ്രോത്സാഹനമേകിയതിനും.

ശുഭാശംസകൾ....

Bipin said...

നല്ല കവിത.

സൗഗന്ധികം said...

വളരെ സന്തോഷം സർ. വായനയ്ക്കും, അഭിപ്രായത്തിനും. ഹൃദയം നിറഞ്ഞ നന്ദി....


ശുഭാശംസകൾ.....

Salim kulukkallur said...

എന്നും മായാതിരിക്കട്ടെ ഈ തണലിടങ്ങള്‍...ഒപ്പം ഈ മനോഹര ചിന്തകളുടെ ഉറവിടവും ...

സൗഗന്ധികം said...

വളരെ നന്ദി സലീംക്കാ; വായനയ്ക്കും, ഈ സ്നേഹവാക്കുകൾക്കും


ശുഭാശംസകൾ.....

Madhusudanan P.V. said...


തിമിരം ബാധിക്കുകയാൽ ബ്ലോഗുകൾ വായിക്കാതെ കുറച്ചു മാസമായി.ഇപ്പോൾ ഓപ്പറേഷൻ കഴിഞ്ഞു. താങ്കളുടെ ഈ രചന മലയാള കവിത പുഷ്ക്കല ശോഭയോടെ പരിലസിക്കുന്നു എന്നതിനുള്ള തെളിവായി ഞാൻ കരുതുന്നു. എല്ലാ ഭാവുകങ്ങളും.
(വേഡ്‌ വെരിഫിക്കേഷൻ പോസ്റ്റിൽ നിന്നു എടുത്തു കളഞ്ഞാൽ കമന്റ്‌ ഇടാൻ എളുപ്പമാവും)

സൗഗന്ധികം said...

നമസ്ക്കാരം സർ..

ഏതാണ്ട്‌ ഒന്നര വർഷത്തിലേറെയായെന്നു തോന്നുന്നു സർ ഈ വഴി വന്നിട്ട്‌. കൃത്യമായി പറഞ്ഞാൽ അവസാനമെത്തിയത്‌ 2013 മാർച്ച്‌ 25-നാ. :) ഒത്തിരി സന്തോഷം; നിസ്സീമമായ നന്ദി... ശാരീരികമായ പ്രതികൂലാവസ്ഥയിലും വന്ന്, പോസ്റ്റ്‌ വായിച്ച്‌ പ്രോത്സാഹനവാക്കുകളോതിയതിന്‌. അങ്ങേയ്ക്ക്‌ എല്ലാ വിധ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു.

(വേർഡ്‌ വെരിഫിക്കേഷൻ ഓപ്ഷൻ ഒഴിവാക്കിയിരുന്നു. എന്താണ്‌ സംഭവിച്ചതെന്നറിയില്ല )

സന്തോഷവും, സമാധാനവും നിറഞ്ഞൊരു ക്രിസ്തുമസ്സും, പുതുവത്സരവും ആശംസിക്കുന്നു.


ശുഭാശംസകൾ സർ.......

കൃഷ്ണ തൊടിയിലെ കിനാവുകൾ said...

ഒരു മാത്ര വെറുതെ വായിച്ച് വച്ച ഒന്നിലേക്ക് വീണ്ടും അടുപ്പിക്കുവോളം പ്രിയങ്കരമായ വരികൾ ❤️